നുരഞ്ഞൊഴുകി "രാജ'ഗിരി
കൂടൽ > പാറകളിൽ തട്ടി തെന്നിത്തെറിക്കുന്ന ജലകണങ്ങൾ, പാറക്കൂട്ടങ്ങൾക്കിടയിലൂടെ മൂളിപ്പാട്ടുമായി താഴേക്കൊഴുകുന്ന ജലപ്രവാഹം. അതിനിടയിൽ രൂപപ്പെട്ട ചെറു തടാകം. കാഴ്ചക്കാരുടെ മനസ്സിനും ശരീരത്തിനും കുളിരുപകരുന്ന മനോഹര കാഴ്ചകൾ. പ്രകൃതിഒരുക്കിയ സുന്ദരകാഴ്ചകൾ കാണാൻ സഞ്ചാരികളെ മാടിവിളിക്കുകയാണ് "രാജഗിരി വെള്ളച്ചാട്ടം’. എവിടി എസ്റ്റേറ്റിനോരം ചേർന്ന് ഒഴുകുന്ന ഇരുതോട്ടിലാണീ വെള്ളച്ചാട്ടം രൂപപ്പെട്ടിട്ടുള്ളത്. പശ്ചിമഘട്ട മലനിരകളുടെ താഴ്വാരത്തുള്ള അസംഖ്യം അരുവികൾ ഒന്നിച്ചു ചേർന്ന് രൂപപ്പെട്ട തോട് ജലസമൃദ്ധമാണ്. താഴ്വാരങ്ങളെ കുളിരണിയിച്ച് രാജഗിരി, നിരത്തുപാറ, മാങ്കോട് വഴി, പത്തനാപുരത്ത് ചെന്ന് കല്ലടയാറ്റിലാണ് അവസാനിക്കുന്നത്. കൂടലിൽ നിന്ന് രാജഗിരി റോഡിൽ 3 കിലോമീറ്റർ സഞ്ചരിച്ചാൽ പുന്നമൂട് വാർഡിൽ സ്ഥിതി ചെയ്യുന്ന രാജഗിരി വെള്ളച്ചാട്ടത്തിൽ എത്താം. എല്ലാ ദിവസവും നൂറ് കണക്കിന് വിനോദ സഞ്ചാരികൾ ആണ് വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നത്. കോന്നി മണ്ഡലത്തിലെ വിനോദ സഞ്ചാര ഭൂപടത്തിലെ ആകർഷകമായ കേന്ദ്രമായി വെള്ളച്ചാട്ടം ഇതിനോടകം മാറിക്കഴിഞ്ഞു. ആഴം കുറവായതിനാൽ അപകട രഹിതമായ സ്ഥലമാണിത്. കൊച്ചു കുട്ടികൾക്ക്പോലും തുള്ളിക്കുളിക്കാൻ കഴിയുന്ന വെള്ളച്ചാട്ടമായി രാജഗിരി മാറി. ഇതിന് സമീപത്തായി പ്രകൃതി രമണീയമായ "ഉരക്കുഴി’ വെള്ളച്ചാട്ടവും സ്ഥിതി ചെയ്യുന്നു. കലഞ്ഞൂർ പഞ്ചായത്തിൽ ചെറുതും വലുതുമായ ഒരു ഡസനോളം വെള്ളച്ചാട്ടങ്ങളുണ്ട്. ഈ പ്രദേശങ്ങളെയെല്ലാം ബന്ധിപ്പിച്ച് ആകർഷകമായ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാൻ പദ്ധതി ആവിഷ്കരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. Read on deshabhimani.com