മഞ്ഞിന്‍ കുളിരിലേക്ക് മൂന്നാര്‍



മൂന്നാര്‍ > മഞ്ഞുപെയ്യും മലമടക്കുകള്‍ ഇനി കുളിരുകാലം. മഞ്ഞുകാലത്തിന്റെ വരവറിയിച്ച് മൂന്നാറില്‍ തണുപ്പ് തുടങ്ങി. സമുദ്രനിരപ്പില്‍നിന്ന് 7000 അടിക്കുമേല്‍ സ്ഥിതിചെയ്യുന്ന മൂന്നാര്‍ മേഖലകളിലേക്ക് സഞ്ചാരികള്‍ വന്നുതുടങ്ങിയിട്ടുണ്ട്. കുറഞ്ഞ താപനില നാല് ഡിഗ്രി രേഖപ്പെടുത്തി. മൂന്നാറില്‍നിന്നും അകലെ സ്ഥിതി ചെയ്യുന്ന ചെണ്ടുവരൈ, ചിറ്റവര തുടങ്ങിയ എസ്റ്റേറ്റുകളിലാണ് തണുപ്പ് കൂടുതലായി അനുഭവപ്പെട്ടത്.  ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെ വിവിധ രാജ്യങ്ങളില്‍നിന്നും നിരവധി വിദേശികളാണ് മൂന്നാര്‍ സന്ദര്‍ശനത്തിന് എത്തുന്നത്. മൂന്നാറിനു സമീപം പുല്‍മേടുകളിലും മറ്റും മഞ്ഞ് വീണു കിടക്കുന്നത് ഇവര്‍ക്ക് കൗതുക കാഴ്ചയാണ്. ഇത്തവണ മഴ അധികം പെയ്തതിനാല്‍ അതികഠിനമായ ശൈത്യം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് തണുപ്പ് കൂടുതലായി കണ്ടുവരുന്നത്. രണ്ടുവര്‍ഷത്തിനുമുമ്പ് കുറഞ്ഞ താപനില മൈനസ് മൂന്നുവരെ എത്തിയിരുന്നു. മൂന്നാറിലെ തണുപ്പ് ആസ്വദിക്കുന്നതിന് ഇനിയുള്ള ദിവസങ്ങളില്‍ സഞ്ചാരികളുടെ തിരക്ക് വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.   Read on deshabhimani.com

Related News