പാടിയകന്ന്‌ എൽന

എൽനയുടെ മൃതദേഹവുമായി ആലത്തൂർ താലൂക്ക് ആശുപത്രിയിൽനിന്ന് ആംബുലൻസ് പുറപ്പെടുമ്പോൾ മകളുടെ ചിത്രം നോക്കി പൊട്ടിക്കരയുന്ന പിതാവ് ജോസ് ജോസഫ്


തിരുവാണിയൂർ പഠനത്തോടൊപ്പം പാട്ടിലും മിടുക്കിയായിരുന്നു എൽന ജോസ്. ഇടവകപ്പള്ളിയിലെ ഗായകസംഘത്തിൽ സജീവം. സൺഡേ സ്കൂൾ കലോത്സവം സംഘഗാനത്തിൽ എൽനയുടെ ടീം ഒന്നാംസ്ഥാനം നേടി. ജില്ലാ മത്സരത്തിന്‌ പരിശീലനംകഴിഞ്ഞാണ്‌ കൂട്ടുകാരോടൊപ്പം യാത്രതിരിച്ചത്. ഉപകരണങ്ങൾ വാടകയ്ക്കുനൽകുന്ന സ്ഥാപനം നടത്തുന്ന തിരുവാണിയൂർ ചെമ്മനാട് വെമ്പിള്ളിമറ്റത്തിൽ ജോസ് ജോസഫിന്റെ മൂന്ന് മക്കളിൽ രണ്ടാമത്തെയാളാണ് പത്താംക്ലാസുകാരി എൽന. ബുധൻ വൈകിട്ടാണ് എൽനയും യാത്ര പറഞ്ഞിറങ്ങിയത്. അപകടവിവരമറിയുമ്പോൾ അരുതാത്തതൊന്നും കേൾക്കരുതേയെന്ന ആഗ്രഹത്തിലായിരുന്നു നാട്ടുകാർ. പ്രതീക്ഷകൾ തെറ്റിച്ച്‌ മരണവാർത്ത എത്തിയതോടെ അമ്മ ഷൈനുവിനെയും ചേച്ചി എയ്ഞ്ചലയെയും അനുജൻ എൽദോയെയും ആശ്വസിപ്പിക്കാൻ ബന്ധുക്കളും നാട്ടുകാരും പ്രയാസപ്പെട്ടു. എൽനയുടെ സംസ്കാരം വെള്ളി ഉച്ചയ്‌ക്കുശേഷം കണ്യാട്ടുനിരപ്പ് സെന്റ്‌ ജോൺസ് പള്ളി സെമിത്തേരിയിൽ നടക്കും. Read on deshabhimani.com

Related News