കൊല്ലാൻ അവൻ ശ്രമിക്കും , ചാവാതിരിക്കാൻ ഞാനും



ഗദ്യത്തിലെ കാവ്യമധുരിമയാണ് എം ടി. കവിതയെഴുതാൻ ശ്രമിച്ചു പരാജയപ്പെട്ടെന്ന് തുറന്നു പറഞ്ഞ എഴുത്തുകാരൻ. കൂർത്തു മൂർത്ത വാക്കുകളുടെയും സംഭാഷണങ്ങളുടെയും ഒരു ഇടശ്ശേരി കവിതാ പാരമ്പര്യം എപ്പോഴും എം ടി പിന്തുടർന്നിരുന്നു. കഥകളിലും നോവലുകളിലും അത്തരം പ്രയോഗങ്ങൾ അനുവാചകരെ ത്രസിപ്പിച്ചു. എം ടി തിരക്കഥാകൃത്തും സംവിധായകനുമായപ്പോൾ മലയാള സിനിമയിലെ വലിയ അഭിനേതാക്കൾ ആ പ്രയോഗങ്ങളെ ശബ്ദത്തിലും ഭാവത്തിലും പൊലിപ്പിച്ചു, ശതഗുണീഭവിപ്പിച്ചു. താഴ്‌വാരം എന്ന സിനിമയിൽ നാലു പ്രധാന കഥാപാത്രങ്ങളേയുള്ളൂ. മലയാളത്തിൽ വന്ന ലക്ഷണമൊത്ത പ്രതികാരകഥകളിൽ ഒന്നാണത്. അതിലെ സംഭാഷണമാണ് – “കൊല്ലാൻ ഇനിയും അവൻ നോക്കും, ചാകാതിരിക്കാൻ ഞാനും” എന്നത്. ആര് ആരെ കൊല്ലാൻ നോക്കുന്നു എന്ന കാര്യം അറിയാവുന്നത് കൊല്ലാൻ ശ്രമിക്കുന്ന രാജു എന്ന രാഘവനും മരണത്തിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്ന ബാലനും മാത്രമാണ്. സിനിമയിലെ മറ്റൊരു കഥാപാത്രത്തിനും അതറിയില്ല. ബാലൻ ഇക്കാര്യം പറയുന്ന കൊച്ചൂട്ടി എന്ന പെൺകുട്ടിക്കും. പക്ഷേ, സിനിമ കാണുന്നവരോട് എം ടി ആദ്യമേതന്നെ അക്കാര്യം പറയുന്നുണ്ട്. ഒരാൾ മറ്റൊരാളെ കൊല്ലും എന്നത് ഉറപ്പാണ്. കഥയിൽ അതു നേരത്തേ പറയുകയെന്ന ധൈര്യം ഒരു വെസ്റ്റേൺ മനസ്സുള്ളവർക്കേ പറ്റൂ. സിനിമകളിൽ പലപ്പോഴും എം ടി പിന്തുടർന്നത് ഈ പാശ്ചാത്യ മനോഭാവമായിരുന്നു. എം ടിയുടെ തിരക്കഥകളുടെ സൗന്ദര്യം ഇത്തരം സബ് ടെക്‌സ്റ്റുകളിൽ ആയിരുന്നു.   എം ടിയുടെ തിരക്കഥകളിൽ ഏറിയ പങ്കും തിരശ്ശീലയിൽ എത്തിച്ചത് ഐ വി ശശി ആണ്‌. ഒന്നും എഴുതാനായിരുന്നില്ല, വെറുതെ ഒന്നു കാണാൻമാത്രം തിരുവനന്തപുരത്തെ ഒരു ഹോട്ടൽ മുറിയിൽ ശശിയേട്ടനെ സന്ദർശിച്ചു. കുറച്ചു വർഷങ്ങൾ മുമ്പാണ്.പത്മരാജൻ അടക്കമുള്ള പലരുടെയും തിരക്കഥകൾ സിനിമയാക്കിക്കഴിഞ്ഞതിനു ശേഷമാണ് എം ടിയുടെ ഒരു തിരക്കഥ വേണമെന്ന് ഐ വി ശശിക്ക്‌ മോഹമുണ്ടായത്. ഇരുവരും കോഴിക്കോട്ടുകാർ. എം ടി താമസമാക്കിയ നഗരം. ശശിയുടെ സുഹൃത്ത് ഹരിഹരൻ അപ്പോഴേയ്ക്കും എം ടിയുടെ തിരക്കഥയിൽ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച അടക്കമുള്ള സിനിമകൾ ചെയ്തു കഴിഞ്ഞിരുന്നു. ഐ വി ശശി തന്റെ ആഗ്രഹം ഹരിഹരനോടു പറഞ്ഞു. ഹരിഹരൻ പറഞ്ഞു– “അങ്ങേര് വളരെ സീരിയസായ മനുഷ്യനാണ്. നിന്റെ കുട്ടിക്കളിയൊന്നും എടുത്തേക്കരുത്.” കൂടിക്കാഴ്ച നടന്നു. “ശശിയുടെ സിനിമകൾ കണ്ടിട്ടുണ്ട്. ഊട്ടി പശ്ചാത്തലമായ ഒരു സബ്ജക്ട് ഉണ്ട്. അവിടെയിരുന്ന് എഴുതാം” എന്ന് എം ടി പറഞ്ഞു. ഊട്ടിയിലെ തടാകത്തിനരികിലുള്ള ഒരു ഹോട്ടലിൽ മുറിയെടുത്തു. എന്താണ് എം ടി എഴുതിയതെന്നു ചോദിക്കാനുള്ള ധൈര്യമൊന്നും സംവിധായകനില്ല. ചോദിച്ചതുമില്ല. എന്നും വൈകുന്നേരങ്ങളിൽ തടാകത്തിനു ചുറ്റും ഇരുവരും നടക്കാനിറങ്ങും. സിനിമയൊഴികെ മറ്റെന്തിനെക്കുറിച്ചും സംസാരിക്കും. ഏഴാം ദിവസം എം ടി ഒന്നു നിന്നു. സ്വതസിദ്ധമായ ശൈലിയിൽ ബീഡി പുകച്ച് ചുണ്ടു കോട്ടി ഒന്നു ചിരിച്ച്‌ പറഞ്ഞു, “ശശി നാളെ മദ്രാസിലേക്ക്‌ പൊയ്ക്കോളൂ. ഞാൻ രാവിലെ കോഴിക്കോട്ടേയ്ക്കു പോകും. സ്ക്രിപ്റ്റ് അടുത്തയാഴ്ച മദ്രാസിലെത്തും” കൃത്യമായി വന്നു, തിരക്കഥ. തൃഷ്ണ എന്ന സിനിമയായിരുന്നു അത്. അതിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം ഒരു കോൾ ഗേളുമായി വന്ന് ബന്ധുക്കളോടൊപ്പം താമസിക്കുന്നുണ്ട്. ഊട്ടിയിലാണത്. അവധൂതസ്വഭാവമുള്ള ഒരാൾ. ഒരു ദിവസം അയാൾക്ക് ഒരു രജിസ്റ്റേഡ് കത്ത് കിട്ടുന്നു. അയാൾക്ക് ഭാര്യ അയച്ച ഡിവോഴ്സ് നോട്ടീസ് ആയിരുന്നു അത്. വായിച്ചു തീരുമ്പോൾ അയാളുടെ മുഖത്ത് ഒരു കോട്ടിച്ചിരി വരുന്നു.   തിരുവനന്തപുരത്തെ ആ ഹോട്ടൽ മുറിയിൽ ഉലാത്തിക്കൊണ്ട് ഐ വി ശശി പറഞ്ഞു – “ആ ചിരിയാണ് എം ടി അന്ന് ലേക്കിന്റെ കരയിൽനിന്നു ചിരിച്ചത്.” ജീവിതമുഹൂർത്തങ്ങളുടെ അപൂർവതകളാണ് എം ടിയെ വ്യത്യസ്തനാക്കിയത്, എന്നും.കോഴിക്കോട്ട് ഇൻഡ്യൻ എക്സ്പ്രസിൽ ജോലി ചെയ്യുന്ന കാലം. 1998ലാണ്. എം ടി സംവിധാനം ചെയ്ത നിർമാല്യം എന്ന സിനിമയുടെ സിൽവർ ജൂബിലി. സഹപ്രവർത്തകനായിരുന്ന ശശികുമാർ ചോദിച്ചു, “ഒന്നു പോയി കണ്ടാലോ” വിളിച്ചു. രാവിലെതന്നെ മാതൃഭൂമി ഓഫീസിൽ വന്നോളാൻ പറഞ്ഞു. എസി മുറിയിൽ ബീഡി വലിച്ച് ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഒരു ചോദ്യം ആദ്യമേ ഞങ്ങളോടു ചോദിച്ചു. “വെളിച്ചപ്പാട് ഭഗവതിയുടെ മുഖത്തു തുപ്പുന്ന സീൻ ഇന്ന് കാണിച്ചാൽ എന്തായിരിക്കും സ്ഥിതി” കൂടുതൽ സംസാരിക്കുന്നതിനു മുമ്പ്‌ ഞങ്ങൾക്ക് ഹെഡ് ലൈൻ കിട്ടി. കാലം അതായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.   വളരെ പ്രത്യക്ഷമായി രാഷ്ട്രീയം പറയാതെതന്നെ പൊളിറ്റിക്കലാകുക എന്നത് നല്ല എഴുത്തുകാർക്കുണ്ടാകുന്ന സവിശേഷതയാണ്. ദൈവത്തെ നിങ്ങൾക്ക് ആരാധിക്കാം. പക്ഷേ, തെറി പറയാൻ പറ്റും, വേണ്ടി വന്നാൽ മുഖത്തു തുപ്പാനും. അത്തരമൊരു രാഷ്ട്രീയ ബോധമായിരുന്നു അത്. കൊല്ലാൻ ശ്രമിക്കുന്ന വിധിയെ തോൽപ്പിക്കാൻ വേണ്ടി പൊരുതുന്ന കഥാപാത്രങ്ങളെ അനുവാചകർക്കും പ്രേക്ഷകർക്കും ബോധ്യമാകുംവിധം എം ടി അവതരിപ്പിച്ചുകൊണ്ടേയിരുന്നു. ഫ്യൂഡലിസത്തെ തിരശ്ശീലയിൽ ആദ്യമായി പൊളിച്ചടുക്കിയതും എം ടി ആയിരുന്നു. നിർമാല്യം എന്ന സിനിമയിൽ. ആ ത്രിസന്ധ്യയിൽ നാരായണിയുടെ അറയിൽനിന്ന് ഇറങ്ങിപ്പോകുന്ന മൈമുണ്ണിയെ കാണുമ്പോൾ വെളിച്ചപ്പാട് ചോദിക്കുന്നു. “എന്റെ നാലു മക്കളെ പ്രസവിച്ച നീയോ നാരായണീ...” “എന്റെ മക്കള് വെശന്നു തളർന്നു കിടന്നപ്പോ ഭഗവതി അരീം കാശും കൊണ്ടുത്തന്നില്ല.” അതിലപ്പുറം എന്തു വിഗ്രഹ ഭഞ്ജനം.   Read on deshabhimani.com

Related News