ഉഷ്‌ണമേഖലാ ചുഴലിക്കാറ്റും ഇന്ത്യൻ സമുദ്രഭാഗങ്ങളും
ഉപഗ്രഹ ചിത്രങ്ങളിൽ കാണുന്നത് പോലെ ഭ്രമണം (rotating) ചെയ്യുന്ന അഥവാ ചുഴറ്റിയടിക്കുന്ന കാറ്റിന്റെയും സർപ്പിളാകൃതിയിൽ വിന്യസിച്ചിരിക്കുന്ന മേഘങ്ങളുടെയും സംയോജിതമായ ഒരു ന്യൂനമർദ സംവിധാനമാണ് ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ. പേര് സൂചിപ്പിക്കുന്നത് പോലെ ചൂട് കൂടുതലുള്ള ഉഷ്ണമേഖലാ (tropical) സമുദ്രത്തിൽ നിന്നാണ് ഇവ ഉത്ഭവിക്കുന്നത്. ‘ചുരുളായി കിടക്കുന്ന പാമ്പ്' എന്നർഥം വരുന്ന സൈക്ലോസ് (cyclos) എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് സൈക്ലോൺ (cyclone) എന്ന വാക്ക് ഉരുത്തിരിഞ്ഞത്. ന്യൂനമർദത്തിന് ചുറ്റും മണിക്കൂറിൽ 63 കിലോമീറ്ററിൽ അധികം വേഗത്തിൽ വായു പ്രവാഹം ഉണ്ടാകുമ്പോഴാണ് അതിനെ ഒരു ഉഷ്ണമേഖലാ ചുഴലിക്കാറ്റായി (tropical cyclone) കണക്കാക്കുന്നത്. പടിഞ്ഞാറ് അറബിക്കടൽ, കിഴക്ക് ബംഗാൾ ഉൾക്കടൽ, തെക്ക് കൊമൊറിൻ കടൽ (Comorin sea) എന്നിവയാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇന്ത്യൻ ഉപഭൂഖണ്ഡത്തെ സംബന്ധിച്ച് ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ വളരെ വിനാശകരമായ കാലാവസ്ഥാ പ്രതിഭാസമാണ്. ചുഴലിക്കാറ്റുകൾക്ക് അനുബന്ധമായി ഉണ്ടാകുന്ന അതിശക്തമായ കാറ്റും പേമാരിയും കടലാക്രമണവുമെല്ലാം നമ്മുടെ ജനസാന്ദ്രതയേറിയ തീരപ്രദേശങ്ങൾക്ക് വലിയ ഭീഷണി ഉയർത്തുന്നു. സമുദ്രോപരിതല താപനില പ്രധാനം ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ രൂപപ്പെടുന്നത് പൊതുവെ 26 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയർന്ന സമുദ്രോപരിതല താപനില (Sea Surface Temperature) കാണപ്പെടുന്ന സമുദ്ര ഭാഗങ്ങളിലാണ്. ഉയർന്ന താപനിലയുള്ള സമുദ്രോപരിതലത്തിന് മുകളിൽ രൂപപ്പെടുന്ന അനുകൂല അന്തരീക്ഷ സാഹചര്യത്തിലാണ് ഒരു ഉഷ്ണമേഖലാ ചുഴലിക്കാറ്റ് രൂപപ്പെടുന്നത്. ഈ അവസ്ഥയെ ചുഴലിക്കാറ്റിന്റെ ഉത്ഭവം (cyclogenesis) എന്നുപറയും. ഉയർന്ന സമുദ്രോപരിതല താപനില, അന്തരീക്ഷത്തിൽ മുകളിലേക്ക് പോകുന്തോറും തിരശ്ചീനമായ കാറ്റിന്റെ പ്രവേഗത്തിലുള്ള വ്യതിയാനം (vertical wind shear) കുറഞ്ഞിരിക്കുക, താപസംവഹനത്തിന് (convection) കാരണമാകുന്ന അസ്ഥിരമായ അന്തരീക്ഷ സ്ഥിതി (conditional instability), അന്തരീക്ഷത്തിന്റെ മധ്യഭാഗത്തുള്ള ഉയർന്നതോതിലുള്ള ജലാംശ സാന്നിധ്യം, മതിയായ കൊറിയോലിസ് ബലത്തിന്റെ (coriolis force) സാന്നിധ്യം തുടങ്ങിയവ ഒരു ന്യൂനമർദത്തെ ഉഷ്ണമേഖലാ ചുഴലിക്കാറ്റായി പരിണമിക്കാൻ അനുകൂലമായ സാഹചര്യം ഒരുക്കുന്നു. കാലാവസ്ഥാ വ്യതിയാനം എല്ലാ മേഖലകളിലും കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണത ഫലങ്ങൾ സ്വാധീനം ചെലുത്തുന്നുണ്ട്. ചുഴലിക്കാറ്റുകളുടെ എണ്ണത്തിലും തീവ്രതയിലും സഞ്ചാരദിശയിലും സ്വഭാവത്തിലും രൂപത്തിലും അവ ഏറെ സ്വാധീനം ചെലുത്തുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. മൺസൂണിനുശേഷമുള്ള (post -monsoon) കാലയളവിൽ അറബിക്കടലിൽ അതിതീവ്ര കൊടുങ്കാറ്റുകളുടെ എണ്ണം കൂടുമെന്ന് അമേരിക്കയിലെ പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. മുരക്കമിയുടെ നേതൃത്വത്തിലുള്ള ഗവേഷകർ 2013-ൽ പ്രവചിച്ചു. 2015ന് ശേഷം ചുഴലിക്കാറ്റുകളുടെ എണ്ണത്തിൽ അറബിക്കടലിൽ ഉണ്ടായ വർധനവ് ഈ പഠനങ്ങൾ സ്ഥിരീകരിക്കുന്നുണ്ട്. ഉയർന്ന തോതിലുള്ള ഹരിത ഗൃഹവാതകങ്ങളുടെ ബഹിർഗമനം ഇത്തരം അതിതീവ്ര ചുഴലിക്കാറ്റുകളുടെ എണ്ണം വർധിപ്പിക്കും. ഉദാഹരണമായി 2019ൽ വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ സൈക്ലോണുകളുടെയും ന്യുനമർദങ്ങളുടെയും മാലപ്പടക്കമാണ് ഉണ്ടായത്. 8 സൈക്ലോണുകളും 4 അതിതീവ്ര ന്യൂനമർദങ്ങളുമടക്കം 12 വലിയ കാറ്റുകൾ ഉണ്ടായി. 2019ൽ ബംഗാൾ ഉൾക്കടലിൽ 3 ചുഴലിക്കാറ്റുകൾ ഉണ്ടായപ്പോൾ അറബിക്കടലിൽ 5 വലിയ ചുഴലിക്കാറ്റുകളും ഉണ്ടായതായി കാണാം. ‘ക്യാർ’ ഇക്കൂട്ടത്തിൽ സൂപ്പർ സൈക്ലോൺ (250 കിലോമീറ്റർ വേഗതയുള്ള) ആവുകയും ചെയ്തു. അതിവേഗം ചൂടുപിടിക്കുന്നു അറബിക്കടലും ബംഗാൾ ഉൾക്കടലും ഉൾപ്പെടുന്ന ഉത്തര ഇന്ത്യൻ മഹാസമുദ്രം മറ്റ് സമുദ്രങ്ങളേക്കാൾ അതിവേഗമാണ് ചൂടുപിടിക്കുന്നത്. കഴിഞ്ഞ 116 വർഷത്തിനിടെ ശരാശരി താപനില 1.1 ഡിഗ്രി സെൽഷ്യസ് വർധിച്ചു. അതുകൊണ്ടുതന്നെ അറബിക്കടലിൽ രൂപം കൊള്ളുന്ന ചുഴലിക്കാറ്റുകളുടെ എണ്ണത്തിൽ ഭാവിയിൽ വർധനവുണ്ടാവും. 2019ൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ടതിനേക്കാൾ കൂടുതൽ ചുഴലിക്കാറ്റുകൾ അറബിക്കടലിൽ രൂപം കൊണ്ടത് ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. 81 മുതൽ 2000 വരെയുള്ള കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 2001 മുതൽ 2020 വരെ അറബിക്കടലിലെ ചുഴലിക്കാറ്റുകളുടെ എണ്ണത്തിൽ 80 % വർധനവുണ്ടായി. അതേസമയം ബംഗാൾ ഉൾക്കടലിൽ ഇതേ കാലയളവിൽ ചുഴലിക്കാറ്റുകളുടെ എണ്ണത്തിൽ 20 % കുറവാണുണ്ടായത്. ഓഖിക്കുശേഷം തുടരെ തുടരെ കേരളതീരത്തേക്ക് ന്യൂനമർദങ്ങൾ എത്തുന്നത് നമ്മുടെ തീരവും പഴയതുപോലെ സുരക്ഷിതമല്ലെന്ന് വ്യക്തമാക്കുന്നു. മാറി മറിയുന്ന ഘടന സമുദ്രത്തിന്റെയും അന്തരീക്ഷ താപനിലയുടെയും മാറിക്കൊണ്ടിരിക്കുന്ന ഘടനയുടെ സ്വാധീനമാണ് കിഴക്കൻ അറബിക്കടലിൽ അതിശക്തമായ ചുഴലിക്കാറ്റുകൾക്ക് കാരണം. നേച്ചർ സയന്റിഫിക് റിപ്പോർട്സ് മാഗസിനിൽ ഇതു സംബന്ധിച്ചുള്ള കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഗവേഷകരുടെ പഠനം അടുത്തിടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അറബിക്കടലിൽ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ വ്യാപകമാകുന്നത് മാർച്ചുമുതൽ ജൂൺവരെയും ഒക്ടോബർമുതൽ ഡിസംബർവരെയുള്ള കാലയളവിലാണ്. ഉയർന്ന തോതിലുള്ള ചുഴലിക്കാറ്റുകളുടെ രൂപപ്പെടലും തീവ്രതയും നിയന്ത്രിക്കുന്നത് ഭൗമോപരിതലത്തിൽനിന്ന് 4 മുതൽ 10 കിലോമീറ്റർവരെ ഉയരത്തിലുള്ള ട്രോപോസ്ഫിയറിന്റെ മധ്യഭാഗ താപ അസ്ഥിരതയുടെയും ഈർപ്പത്തിന്റെയും വർധനവാണ്. 4 മുതൽ 5 മീറ്റർവരെ ഉയരത്തിലുള്ള തിരമാലകളുണ്ടാകുന്നതിനോടൊപ്പം ആഗോള താപനത്തിന്റെ ഫലമായി സമുദ്രനിരപ്പ് ഉയരുന്നത് താഴ്ന്ന തീരദേശമേഖലകളിൽ ചുഴലിക്കാറ്റുമൂലമുണ്ടാകുന്ന ആഘാതം ഭാവിയിൽ വർധിപ്പിക്കും. Read on deshabhimani.com