മനോരഥങ്ങളിൽ ; മഹാമാന്ത്രികന് ഓർമകളുടെ കടവിൽ നിത്യവിശ്രമം
കോഴിക്കോട് ഉള്ളുലഞ്ഞ് ഇരമ്പിയ മനുഷ്യസാഗരം മൗനംപൂണ്ട സായന്തനത്തിൽ അക്ഷരങ്ങളുടെ മഹാമാന്ത്രികന് ഓർമകളുടെ കടവിൽ നിത്യവിശ്രമം. വേദനകളുടെ വജ്രസൂചി കൊണ്ടെഴുതിയ വാക്കുകളുടെ ഖനി ഇനി തലമുറകളുടെ സമ്പാദ്യം. മൗനത്തിന് സർഗമുദ്ര പതിപ്പിച്ച് സഹൃദയരെ നവഭാവുകത്വത്തിലേക്ക് നയിച്ച വിഖ്യാത എഴുത്തുകാരൻ എം ടി വാസുദേവൻ നായർ (91) ബുധൻ രാത്രി പത്തിനാണ് മഹാമൗനത്തിൽ വിലയിച്ചത്. കോഴിക്കോട്ടെ സ്‌മൃതിപഥം വാതക ശ്‌മശാനത്തിൽ വ്യാഴാഴ്‌ച വൈകിട്ട് 5.23ന് ആ ശരീരം തീനാളങ്ങളേറ്റുവാങ്ങി. ‘ചിതയണഞ്ഞു, മനസ്സിൽ അണയാത്ത ചിത എരിയുന്നുണ്ടായിരുന്നു ’എന്ന് രേഖപ്പെടുത്തിയ എഴുത്തുകാരന്റെ അന്ത്യയാത്ര അക്ഷരാർഥത്തിൽ സങ്കടക്കടലായി. ഏഴുപതിറ്റാണ്ടായി മലയാളിയുടെ സാഹിത്യാഭിരുചിയെ നിർണയിച്ച എം ടിയോടുള്ള സ്‌നേഹാദരവുമായെത്തിയവരെ സാക്ഷിയാക്കിയായിരുന്നു യാത്രാമൊഴി. ‘വിലാപയാത്ര’എന്ന നോവലിൽ എം ടി കുറിച്ചതുപോലെ ‘കണ്ണീർച്ചാലുകൾ അടക്കി, കാണാത്ത അകലങ്ങളിൽ നോക്കിയിരുന്ന’ ജനസാഗരമായി ബുധൻ രാത്രി മുതൽ കോഴിക്കോട് മാറി. കൊട്ടാരംറോഡിലെ സിതാര വീട്ടിലും മാവൂർറോഡ് ശ്‌മശാനത്തിലുമായി ആയിരങ്ങളാണ് കണ്ണീർപ്രണാമമർപ്പിച്ചത്. സാധാരണ വായനക്കാർ മുതൽ മുഖ്യമന്ത്രിയും മന്ത്രിമാരും ജനനായകരും സാഹിത്യകാരന്മാരും ചലച്ചിത്രകാരന്മാരും ആസ്വാദകരുമുൾപ്പെടെ ആയിരങ്ങൾ അന്ത്യാഞ്‌ജലി അർപ്പിച്ചു. എം ടിയോടുള്ള ആദരമായി ഉദ്‌ഘാടനത്തിന് മുന്നേ കോർപറേഷന്റെ മാവൂർറോഡ് ശ്‌മശാനം തുറന്നു നൽകിയിരുന്നു. ഔദ്യോഗിക ബഹുമതികളോടെ നടന്ന സംസ്‌കാരച്ചടങ്ങിൽ സഹോദരപുത്രൻ സതീശൻ ചിതയിൽ തീ പകർന്നു. ശ്വാസതടസ്സംമൂലം 15ന് രാത്രിമുതൽ ചികിത്സയിലായിരുന്നു. ഭാര്യ കലാമണ്ഡലം സരസ്വതി, മകൾ അശ്വതി (നൃത്യാലയ, ചാലപ്പുറം, കോഴിക്കോട്), അടുത്ത ബന്ധുക്കൾ എന്നിവർ ആശുപത്രിയിലുണ്ടായിരുന്നു. മൂത്തമകൾ സിതാരയും (വൈസ് പ്രസിഡന്റ്, ജോൺസൺ ആൻഡ് ജോൺസൺ ഗ്ലോബൽ വൈസ്‌പ്രസിഡന്റ് , എൻഡ് യൂസർ സർവീസസ് അമേരിക്ക)കഴിഞ്ഞമാസം വീട്ടിലെത്തി എം ടിയെ കണ്ടിരുന്നു. മരുമക്കൾ: സഞ്ജയ് ഗിർമെ (അമേരിക്ക). ശ്രീകാന്ത് (നർത്തകൻ, ചെന്നൈ). ആദ്യ ഭാര്യ: പരേതയായ പ്രമീളാനായർ. പാലക്കാടൻ ഗ്രാമമായ കൂടല്ലൂരിൽ 1933 ജൂലൈ 15നാണ് ജനനം. അച്ഛൻ: പരേതനായ പുന്നയൂർക്കുളം ടി നാരായണൻ നായർ. അമ്മ: പരേതയായ അമ്മാളു അമ്മ. സഹോദരങ്ങൾ: പരേതരായ എം ടി ഗോവിന്ദൻനായർ, നാരായണൻ നായർ, ബാലൻ നായർ. എം ടിയെ അവസാനമായി കാണാൻ ബുധൻ രാത്രി പത്തര മുതൽ വ്യാഴം വൈകിട്ട് നാലുവരെ കൊട്ടാരം റോഡിലെ വീട്ടിൽ ജനസഞ്ചയമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ ആദരാഞ്ജലിയർപ്പിച്ചു. സ്‌പീക്കർ എ എൻ ഷംസീർ, ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള, നടൻ മോഹൻലാൽ, എഴുത്തുകാരൻ എം മുകുന്ദൻ, സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ, മന്ത്രിമാർ തുടങ്ങി സാമൂഹ്യജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലുമുള്ളവർ യാത്രാമൊഴിയേകി. Read on deshabhimani.com