കുഞ്ഞ്‌ എല്ലാം കാണുന്നുണ്ട്‌



എല്ലാം വിധിയാണെന്ന്‌ സമാധാനിക്കാനേ ഇബ്രാഹിംകുഞ്ഞിന്‌ കഴിയൂ. എങ്ങനെ കഴിഞ്ഞയാളാണ്‌. സ്‌റ്റേറ്റ്‌ കാർ, പരിവാരങ്ങൾ, പുലർച്ചെമുതൽ കളമശേരിയിലെ വീട്ടുപടിക്കൽ കാത്തിരിക്കുന്ന പ്രജക്കൂട്ടങ്ങൾ.  പാലാരിവട്ടം പാലംപോലെതന്നെ എല്ലാം തകർന്നടിഞ്ഞില്ലേ!   ഭരണം പോയപ്പോഴും എംഎൽഎ സ്ഥാനം മിച്ചമുണ്ടായിരുന്നു. മുന്നണിയിൽ അത്യാവശ്യം  പിടിപാടും. 2019ലെ എറണാകുളം  ഉപതെരഞ്ഞെടുപ്പിൽ  യുഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ചെയർമാനായതും ആ ഗ്ലാമറിലാണ്‌.  എംഎൽഎയായിരുന്ന ഹൈബി ഈഡൻ പാർലമെന്റിലേക്ക്‌ വിജയിച്ചപ്പോഴുണ്ടായ ഒഴിവിലായിരുന്നു എറണാകുളം  ഉപതെരഞ്ഞെടുപ്പ്‌‌.  യുഡിഎഫ്‌ സർക്കാരിന്റെ ഭരണനേട്ടമായി പാലാരിവട്ടം മേൽപ്പാലം അപ്പോഴേക്കും ഉയരുകയും പൊളിയുകയും ചെയ്‌തിരുന്നു. എന്നാൽ, അർഹമായ പ്രതിസ്ഥാനത്ത്‌ കുഞ്ഞ്‌ എത്തിയിരുന്നില്ല. അതുകൂടി പരിഗണിച്ചാണ്‌  പ്രചാരണ ചുമതലയേൽപ്പിച്ചത്‌. തെരഞ്ഞെടുപ്പ്‌ കമ്മിറ്റിയിൽ സ്ഥാനമേറ്റ്‌ പണിതുടങ്ങുംമുമ്പെ കേസിലെ അഞ്ചാം പ്രതിയായി. പിന്നെല്ലാം സ്വിച്ചിട്ട വേഗത്തിലായിരുന്നു.  മുഖ്യതെരഞ്ഞെടുപ്പ്‌ ചുമതലക്കാരനെ മണ്ഡലത്തിലെന്നല്ല, അതിർത്തിയിൽപ്പോലും അടുപ്പിക്കാതായി. ‘ഇവിടെ വന്ന്‌ വോട്ട്‌ കളയണ്ട’ എന്ന്‌ അദ്ദേഹത്തെ പലരും ഉപദേശിച്ചു.  ന്യായമെന്ന്‌  അദ്ദേഹത്തിനുപോലും തോന്നി. പിന്നെ, ആ വഴി പോയതുപോലുമില്ല.  ആ ‘മഹാമനസ്‌കത’ ‌ എറണാകുളം ഉപതെരഞ്ഞെടുപ്പിൽ ‌ യുഡിഎഫ്‌ വിജയത്തിന്‌ സഹായിച്ചു എന്നായിരുന്നല്ലോ പിന്നീട്‌ വിലയിരുത്തൽ. പക്ഷേ, ഒരേ പന്തിയിൽ  രണ്ടുതരം വിളമ്പാണ്‌ സഹിക്കാൻ കഴിയാത്തത്‌.  സോളാർ പീഡനക്കേസിൽ പ്രതിയായി കടവന്ത്രയിലെ സിബിഐ ഓഫീസിലിരുന്നു കഴിഞ്ഞദിവസം വിയർത്ത എറണാകുളം എംപിയെ ദാ കൊട്ടും കുരവയുമായി കൊണ്ടുനടക്കുന്നു.   തൃക്കാക്കര മണ്ഡലത്തിലെ യുഡിഎഫിന്റെ മുഖ്യ കോ–-ഓർഡിനേറ്ററാണ്‌ ഇപ്പോഴും എംപി. മുന്നണിസ്ഥാനാർഥി  വനിതയായിരിക്കെയും ആർക്കും  ഒരു കൂസലുമില്ല. ലീഗ്‌ നേതാവായ തന്നോട് ‌ ചെയ്‌തത്‌ കോൺഗ്രസ്‌ എംപിയോട്‌ ചെയ്യാത്തതെന്താണെന്ന്‌ സാധാരണ പ്രവർത്തകർ ചോദിക്കുമ്പോൾ    എന്തുമറുപടി പറയണമെന്ന്‌ കുഞ്ഞിന്‌ ഒരു എത്തും പിടിയുമില്ല.  ആരും അറിയാതിരിക്കാൻ, സ്വയം വാഹനമോടിച്ച്‌ സിബിഐക്കാരുടെ ചോദ്യോത്തരവേളയ്‌ക്ക്‌ പോയി മടങ്ങിവന്ന എംപി ഇപ്പോഴും കൂളായി  തൃക്കാക്കരയിലുണ്ട്. സിബിഐയുടെ അടുത്ത വിളി വിളിപ്പാടകലെയെന്ന്‌ അറിഞ്ഞുകൊണ്ടുതന്നെ.   Read on deshabhimani.com

Related News