യെമൻ പൗരൻ കൊല്ലപ്പെട്ട കേസ്: നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ അനുമതി



മനാമ യമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യമൻ പ്രസിഡന്റ് റാഷാദ് അൽ-അലിമി അനുമതി നൽകിയതായി മാധ്യമ റിപ്പോർട്ട്. തലസ്ഥാനമായ സനയിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ഒരു മാസത്തിനകം നടപ്പാക്കിയേക്കും. കൊല്ലപ്പെട്ട തലാൽ അബ്ദുമെഹ്ദിയുടെ കുടുംബം, അദ്ദേഹത്തിന്റെ ഗോത്രത്തിന്റെ തലവന്മാർ എന്നിവരുമായി ദിയാധനം നൽകി മാപ്പപേക്ഷയ്‌ക്കുള്ള ചർച്ച പരാജയപ്പെട്ടതോടെയാണ്‌ തീരുമാനം.   അതേസമയം, വധശിക്ഷ നടപ്പാക്കുന്നതിനെപ്പറ്റി ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്ന് നിമിഷ പ്രിയയുടെ മോചനത്തിനായി  പ്രവർത്തിക്കുന്ന സേവ് നിമിഷ പ്രിയ ആക്‌ഷൻ കൗൺസിൽ അംഗം അഡ്വ. കെ ആർ സുഭാഷ് ചന്ദ്രൻ പറഞ്ഞു. യമനിലുള്ളവരും ഉൾപ്പെട്ട ആക്‌ഷൻ കൗൺസിലിന്‌ ഇത്തരമൊരു വിവരമില്ല. ചർച്ചകൾ തുടരുന്നുവെന്നാണ്‌ അവസാനം കിട്ടിയ വിവരമെന്നും നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിക്കുവേണ്ടി ഡൽഹി ഹൈക്കോടതിയിൽ ഹാജരായിട്ടുള്ള അദ്ദേഹം പറഞ്ഞു. യമനിലെത്തി നിമിഷ പ്രിയയെ സന്ദർശിച്ച പ്രേമകുമാരി അഞ്ചുമാസമായി സനയിൽ തുടരുകയാണ്‌. യമനിലെ പ്രവർത്തനങ്ങൾ ഏകോപിക്കുന്ന തമിഴ്‌നാട് സ്വദേശി സാമുവലിന്റെ വസതിയിലാണ് പ്രേമകുമാരി ഇപ്പോഴുള്ളതെന്നാണ് വിവരം. വധശിക്ഷയ്‌ക്കെതിരായി നിമിഷ പ്രിയയുടെ അപ്പീൽ യമൻ സുപ്രീംകോടതി കഴിഞ്ഞ വർഷം നവംബറിൽ തള്ളി. തുടർന്ന്‌ യമൻ പ്രസിഡന്റിന് ദയാഹർജി നൽകിയിരുന്നു. അത് തള്ളിയാണ് പുതിയ ഉത്തരവ് എന്നാണ് വിവരം. 2017 ജൂലൈ 25നാണ് കേസിനാസ്പദമായ സംഭവം. പാലക്കാട് കൊല്ലംകോട് സ്വദേശിയായ നിമിഷ യമനിൽ നഴ്‌സായിരുന്നു. സ്വന്തമായി ക്ലിനിക്ക് തുടങ്ങാൻ സഹകരിച്ച യമൻ പൗരൻ തലാൽ അബ്ദുമെഹ്‌ദിയെ നിമിഷയും ഹനാൻ എന്ന സഹപ്രവർത്തകയും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. 2018ലാണ്‌ വിചാരണ കോടതി നിമിഷ പ്രിയക്ക് വധശിക്ഷ വിധിച്ചത്‌. Read on deshabhimani.com

Related News