ഉക്രയ്‌നിൽ 4000 സാധാരണക്കാർ കൊല്ലപ്പെട്ടെന്ന് യുഎൻ ; മരിയൂപോളില്‍ 70 മൃതദേഹം കണ്ടെടുത്തു
കീവ് റഷ്യയുടെ സൈനിക നടപടിയില്‍ ഉക്രയ്‌നിൽ 4,031 സാധാരണക്കാർ കൊല്ലപ്പെട്ടെന്ന് ഐക്യരാഷ്ട്ര സംഘടന. ഇതിൽ 200 കുട്ടികളുമുണ്ട്. ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ട മരണസംഖ്യ മാത്രമാണിതെന്നും യുഎൻ വിശദീകരിക്കുന്നു. യഥാർഥ മരണസംഖ്യ ഇതിലും വളരെയേറെയാണെന്ന് ഉക്രയ്ൻ വാദിക്കുന്നു. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ, കിഴക്കൻ മേഖലകളിൽ പോരാട്ടം ശക്തമാണ്. റഷ്യൻ ആക്രമണത്തിൽ 1500 പേർ കൊല്ലപ്പെട്ടതായും 60 ശതമാനം പാർപ്പിടങ്ങൾ തകർന്നതായും സെവറോഡൊണെട്‌സ്ക് മേയർ പറഞ്ഞു. പോപസ്ന, ലൈസിക്കൻസ്ക് നഗരങ്ങളിലും ആക്രമണം ശക്തം. കിഴക്കൻ ഡൊണെട്സ്കിലെ ലൈമൻ നഗരം റഷ്യ പിടിച്ചതായും റിപ്പോർട്ട്. നിപ്രോയിൽ വിവിധ സ്‌ഫോടനങ്ങളിലായി പത്തുപേർ മരിച്ചു. 30 പേർക്ക് പരിക്കേറ്റു. മരിയൂപോളിലെ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് 70 മൃതദേഹം കണ്ടെടുത്തു. ഉക്രയ്‌ൻ അതിർത്തിക്ക് സമീപമായി ബെലാറസ് കിഴക്കൻ സൈനിക കമാൻഡ് സ്ഥാപിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. Read on deshabhimani.com