‘പി 01135809’, ആറടി മൂന്നിഞ്ച്‌ , 97 കിലോ, സ്വർണമുടി ; ക്രിമിനല്‍കേസില്‍ ‍ട്രംപ് കീഴടങ്ങി

കുറ്റവാളിയായി ജയിലിലെത്തിയപ്പോൾ പൊലീസ് എടുത്ത ട്രംപിന്റെ ചിത്രം


വാഷിങ്‌ടൺ ജോർജിയയിൽ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ ശ്രമിച്ച കേസിൽ അമേരിക്കൻ മുൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ കീഴടങ്ങി. അറ്റ്‌ലാന്റയിലെ ഫുൾട്ടൺ കൗണ്ടി ജയിലിലെത്തി കീഴടങ്ങിയ ട്രംപിനെ രണ്ടുലക്ഷം ഡോളറിന്റെ ജാമ്യത്തിൽ വിട്ടയച്ചു. വിചാരണ ആരംഭിക്കുംവരെയാണ്‌ ജാമ്യം. 22 മിനിറ്റാണ്‌ ഇദ്ദേഹത്തിന്‌ ജയിലിൽ കഴിയേണ്ടിവന്നത്‌. 2020ലെ തെരഞ്ഞെടുപ്പ്‌ പരാജയം അട്ടിമറിക്കാൻ ഗൂഢാലോചന നടത്തി, ഔദ്യോഗികനടപടികൾ തടസ്സപ്പെടുത്തി തുടങ്ങി 13 കുറ്റമാണ്‌ ട്രംപിനുമേൽ ചുമത്തിയിരിക്കുന്നത്‌. ട്രംപ്‌ നേരിടുന്ന നാലാമത്തെ ക്രിമിനൽ കുറ്റമാണിത്‌. മറ്റ്‌ കേസുകളിലും ഇദ്ദേഹം അറസ്റ്റ്‌ ചെയ്യപ്പെട്ടിരുന്നു. അമേരിക്കയുടെ മുൻ പ്രസിഡന്റിനുമേൽ ക്രിമിനൽ കുറ്റം ചുമത്തപ്പെടുന്നത്‌ ഇതാദ്യമാണ്‌. ഫുൾട്ടൺ കൗണ്ടി ജയിൽ അധികൃതർ ക്രിമിനൽ കുറ്റവാളി എന്ന രീതിയിൽ അദ്ദേഹത്തിന്റെ ചിത്രമെടുക്കുകയും ചെയ്തു. ഈ ചിത്രവും പിന്നീട്‌ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇത്തരത്തിൽ മുൻ പ്രസിഡന്റിന്റെ ചിത്രം എടുക്കപ്പെടുന്നതും അമേരിക്കൻ ചരിത്രത്തിൽ ആദ്യം. ആറടി മൂന്നിഞ്ച്‌ ഉയരം, 97 കിലോ ഭാരം, സ്വർണനിറം കലർന്ന മുടി, നീലക്കണ്ണ്‌ എന്നിങ്ങനെ ‘പി 01135809’ എന്ന ജയിൽ അന്തേവാസിയുടെ (ട്രംപ്‌) മറ്റ്‌ വിവരങ്ങളും ജയിൽ അധികൃതർ പുറത്തുവിട്ടു. കൂട്ടുപ്രതികളായ 18 പേരെയോ സാക്ഷികളെയോ എതിർകക്ഷികളെയോ ഭീഷണിപ്പെടുത്തരുത്‌ തുടങ്ങിയ ജാമ്യവ്യവസ്ഥകളോടെയാണ്‌ ട്രംപിന്‌ ജാമ്യം അനുവദിച്ചിരിക്കുന്നത്‌. ജാമ്യം ലഭിച്ചശേഷം ന്യൂജേഴ്‌സിയിലേക്ക്‌ മടങ്ങിയ ട്രംപ്‌, താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന്‌ അവകാശപ്പെട്ടു. ഒക്ടോബർ 23ന്‌ വിചാരണ ആരംഭിക്കും. Read on deshabhimani.com

Related News