അമേരിക്കയില്‍ വീണ്ടും കൂട്ടക്കുരുതി : 18 കാരന്‍ 21 പേരെ വെടിവച്ചുകൊന്നു



ഹൂസ്റ്റൺ ലോകത്തെ നടുക്കി വീണ്ടും അമേരിക്കയില്‍ സ്കൂളില്‍ കൂട്ടക്കൊല. പതിനെട്ടുകാരൻ നടത്തിയ വെടിവയ്‌പിൽ 19 കുട്ടികളും രണ്ട് അധ്യാപകരും അടക്കം 21 പേര്‍ കൊല്ലപ്പെട്ടു. ടെക്‌സാസിലെ യുവാൽദേയിലുള്ള റോബ്‌ പ്രാഥമികവിദ്യാലയത്തില്‍ അമേരിക്കന്‍സമയം ചൊവ്വ രാവിലെ 11.30ന്‌ ആണ്‌ കൂട്ടക്കൊല അരങ്ങേറിയത്. ഇതേ സ്കൂളിലെ മുന്‍വിദ്യാര്‍ഥിയും ഇപ്പോള്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥിയുമായ സാൽവദോർ റാമോസ്‌ ആണ്‌ ദാരുണകൃത്യം നടത്തിയത്. വീട്ടിൽ  മുത്തശ്ശിയെ വെടിവച്ചുകൊന്നശേഷമാണ്‌ റാമോസ്‌ സ്കൂളിൽ എത്തിയത്.  സ്കുളിൽ വിനോദപരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ ആവേശത്തിലായിരുന്നു കുട്ടികള്‍. പുറത്ത്‌ കാർ ഇടിച്ചുനിർത്തിയശേഷം തോക്കുമായി അക്രമി അകത്തേക്ക്‌ ഓടിക്കയറി നിറയൊഴിച്ചു. വെടിശബ്ദംകേട്ട അധ്യാപകര്‍ ജനലുകളും മറ്റും തകര്‍ത്ത് കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചു.   പൊലീസ് അക്രമിയെ ഏറ്റുമുട്ടലില്‍ വധിച്ചു. രണ്ട്‌ പൊലീസുകാർക്ക്‌  പരിക്കേറ്റു. എആർ 15 സെമിഓട്ടോമാറ്റിക്‌ കൈത്തോക്കാണ്‌ അക്രമിയുടെ പക്കലുണ്ടായിരുന്നത്.രണ്ട്‌, മൂന്ന്‌, നാല്‌ ക്ലാസുകളിൽ പഠിക്കുന്ന ഏഴുവയസ്സിനും 11നും ഇടയിൽ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടത്‌.  66കാരിയായ സ്കൂള്‍ ജീവനക്കാരിയുടെയും പത്തുവയസ്സുള്ള പെണ്‍കുട്ടിയുടെയും നില അതീവ ​ഗുരുതരമാണ്. മരണസംഖ്യ ഉയരാൻ സാധ്യത. 18–-ാം ജന്മദിനത്തിലാണ്‌ റാമോസ്‌ തോക്ക്‌ വാങ്ങിയതെന്ന് അധികൃതർ പറഞ്ഞു. ഇയാൾക്ക്‌ മാനസിക വെല്ലുവിളിയുണ്ടായിരുന്നോ എന്ന കാര്യമടക്കം പരിശോധിച്ചുവരുന്നു. സൽവദോറിന്റെ മാതാപിതാക്കൾ ആരാണെന്നതടക്കം കൂടുതൽ വിവരം പുറത്തുവന്നിട്ടില്ല.അക്രമി  ഒറ്റയ്ക്കാണ് കൃത്യം നിര്‍വഹിച്ചതെന്ന് പൊലീസ് വെളിപ്പെടുത്തി. ന്യൂയോർക്കിലെ ബഫലോ സൂപ്പർമാർക്കറ്റിലുണ്ടായ വെടിവയ്‌പിൽ 10 പേർ കൊല്ലപ്പെട്ട്‌ പത്തുദിവസം കഴിയുമ്പോഴാണ്‌ യുഎസിൽ അടുത്ത കൂട്ടക്കുരുതി.   ഹൃദയം തകര്‍ന്ന് അമേരിക്ക പത്തൊമ്പത്‌ കുഞ്ഞുങ്ങളുടെ ജീവനെടുത്ത വെടിവയ്‌പ്പിന്റെ നടുക്കത്തില്‍ നിന്നും ഇനിയും മോചിതമാകാതെ അമേരിക്കന്‍ ജനത.  റോബ്‌ എലമെന്ററി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ അക്രമിയെ അരുംകൊലയ്ക്ക് പ്രേരിപ്പിച്ചത് എന്താണെന്ന് ഇനിയും വ്യക്തമല്ല. വെടിവയ്‌പ്‌ നടന്ന യുവാൽദേ പ്രദേശത്തുള്ള പതിനയ്യായിരത്തോളം പേരിൽ  80 ശതമാനവും സ്പാനിഷ് വംശജരാണ്. വംശീയതയാണോ മയക്കുമരുന്നാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്ന് വ്യക്തമായിട്ടില്ല. സൽവദോറിന്റെ മാതാപിതാക്കൾ ആരാണെന്നതും  പുറത്തുവന്നിട്ടില്ല. സ്കൂളിൽ കുട്ടികൾക്കായുള്ള പരിപാടി നടന്നതിനാൽ കുറേയധികം മാതാപിതാക്കളും ആക്രമണം നടക്കുമ്പോൾ അവിടെയുണ്ടായിരുന്നു. സമ്മാനം വാങ്ങിയ സന്തോഷം തീരുംമുമ്പാണ്‌ ദുരന്തമുണ്ടായത്‌. സ്‌പീക്കർ നാൻസി പെലോസിയടക്കമുള്ളവർ തുടർച്ചയായുണ്ടാകുന്ന വെടിവയ്‌പിൽ പ്രതിഷേധമറിയിച്ച്‌ രംഗത്തെത്തി. സമീപമുള്ള സ്കൂളുകളിൽ സുരക്ഷ ശക്തമാക്കുമെന്നും കൂടുതൽ പൊലീസിന്റെ സഹായം ആവശ്യപ്പെട്ടെന്നും അധികൃതർ പറഞ്ഞു. കൂട്ടക്കുരുതിയുടെ നാള്‍വഴി ● 2022 ഏപ്രിൽ 13 –-കലിഫോർണിയ–-8മരണം ● 2021 ഡിസംബർ 30–- മിച്ചിഗൻ ഓക്‌സ്‌ഫെഡ്‌ സ്‌കൂൾ–-3 ● 2021 മെയ്‌ 26 കലിഫോർണിയ സാൻബോസ്‌ ട്രാൻസ്‌പോർട്ട്‌ അതോറിറ്റി കൺട്രോൾ സെന്റർ–- 9 ● 2021  മെയ്‌ 9–-കോളറഡോ–- പിറന്നാൾ ആഘോഷത്തിനിടെ –- 6 ● 2021 ഏപ്രിൽ 15–- ഇന്ത്യാന –- 9 ● 2021 മാർച്ച്‌ 22–- - കോലോറഡ, ബോർഡർ സൂപ്പർമാർക്കറ്റ്‌ –-10 ● 2019 ആഗസ്‌ത്‌  3–- ടെക്‌സാസ്‌, എൽപസോ വാൾമാർട്ട്‌ സൂപ്പർ മാർക്കറ്റ്‌ –-23 ● 2019 മാർച്ച്‌ 17–- വെർജിനിയ ബീച്ച്‌ –-13 ● 2018 ഫെബ്രുവരി 14–- ഫ്ലോറിഡ പർക്കലൻഡ്‌ ഡംഗ്ലസ്‌ ഹൈസ്‌കൂൾ –-17 ● 2018 മെയ്‌ 18 ടെക്‌സാസ്‌ സൻഡ്‌ഫീ ഹൈസ്‌കൂൾ –-12 ● 2017–- നവംബർ 5–-ടെക്‌സാസ്‌ സദർലൻഡ്‌ സ്‌പ്രിങ്‌ ചർച്ച്‌ –- 27 ● 2017 ഒക്‌ടോബർ 1 –-നവേഡ്‌ ലാസ്‌വേഗസ്‌ ഹോട്ടലിൽ സംഗീതപരിപാടിയിൽ–-61 ● 2016 ജൂൺ12–- ഫ്ലോറിഡ ഒർലാൻഡേ–-50 മരണം തോക്ക് ലോബിയെ 
വരുതിയിലാക്കണം: ബൈഡൻ യുഎസിലെ ആയുധലോബിക്കെതിരെ നിലകൊള്ളണമെന്ന്‌ ജനങ്ങളോട്‌ പ്രസിഡന്റ്‌ ജോ ബൈഡൻ. ടെക്‌സാസിലെ കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതിയില്‍ വൈകാരികമായായിരുന്നു ബൈഡന്റെ പ്രതികരണം. ഇനിയൊരിക്കലും ആ മാതാപിതാക്കൾക്ക്‌ മക്കളെ കാണാനാകില്ല, ഒരുമിച്ച്‌ കളിക്കാനാകില്ല. അവർക്കുവേണ്ടി രാജ്യം മുഴുവൻ ഒന്നിച്ചുനിൽക്കേണ്ട സമയമാണ്‌. തോക്കുപയോഗിക്കുന്നതുമായി ബന്ധപ്പെട്ട്‌ കൂടുതൽ ഫലപ്രദമായ നിയമങ്ങൾ പാസാക്കാൻ കോൺഗ്രസ്‌ അംഗങ്ങളിൽ സമ്മർദം ചെലുത്തണം. ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ്‌ തോക്കുലോബിക്കെതിരെ പ്രതികരിക്കുകയെന്നും ബൈഡൻ ചോദിച്ചു. തോക്ക്‌ വില്‍പന നിയന്ത്രിക്കുന്ന ബിൽ പാസാക്കുന്നതിന്‌ മതിയായ അം​ഗബലം ബൈഡന്റെ പാർടിക്ക്‌ ഇല്ല. തോക്ക് താഴെവയ്ക്കണം: മാർപ്പാപ്പ ആയുധക്കടത്ത്‌ അവസാനിപ്പിക്കണമെന്ന്‌ പറയാൻ സമയമായെന്ന്‌ ഫ്രാൻസിസ്‌ മാർപാപ്പ പറഞ്ഞു. വെടിവ്‌യപിൽ ഹൃദയം തകർന്നെന്നും കൊല്ലപ്പെട്ടവർക്കും കുടുംബത്തിനുമൊപ്പം നിൽക്കുന്നുവെന്നും മാർപാപ്പ പറഞ്ഞു.   Read on deshabhimani.com

Related News