പ്രാകൃത ശിക്ഷാരീതികൾ നടപ്പിലാക്കാനൊരുങ്ങി താലിബാൻ; മൃതദേഹങ്ങൾ പൊതുജന മധ്യത്തിൽ കെട്ടിത്തൂക്കി



കാബൂൾ > അഫ്‌ഗാനിസ്ഥാനിൽ വീണ്ടും പ്രാകൃതശിക്ഷാ രീതികൾ നടപ്പിലാക്കാൻ ആരംഭിച്ച്‌ താലിബാൻ. ഹെറാത് നഗരത്തിലെ പ്രധാന ചത്വരത്തിൽ പൊലീസ്‌ വെടിവയ്‌പിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം ക്രെയിനിൽ കെട്ടിത്തൂക്കി. അധികാരത്തിൽ എത്തിയതിന്‌ പിന്നാലെ അന്താരാഷ്‌ട്ര സമൂഹത്തെ ഒപ്പം നിർത്താൻ താലിബാൻ പറഞ്ഞതിന്‌ വിപരീതമായ കാര്യങ്ങളാണ്‌ അഫ്‌ഗാനിസ്ഥാനിൽ നടക്കുന്നതെന്നാണ്‌ പുറത്തുവരുന്ന വിവരം. തട്ടികൊണ്ടുപോകൽ കേസിൽ ഉൾപ്പെട്ടവർ എന്നാരോപിച്ച്‌ നാലു പേരെയാണ്‌  കഴിഞ്ഞ ദിവസം വിചാരണ കൂടാതെ വെടിവെച്ചു കൊന്നത്‌. ഇവരിൽ ഒരാളുടെ മൃതദേഹമാണ്‌ ഹെറാത് നഗരത്തിൽ കെട്ടിത്തൂക്കിയത്‌. മറ്റ്‌ മൂന്ന്‌ മൃതദേഹങ്ങൾ അടുത്ത നഗരങ്ങളിലേക്ക്‌ കൊണ്ടുപോയതായി പ്രദേശവാസികളെ ഉദ്ധരിച്ച്‌ അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു. കൈവെട്ടുന്നതടക്കമുള്ള ശിക്ഷാ രീതികൾ അവസാനിപ്പിക്കാനാവില്ലെന്ന്‌ താലിബാൻ നേതാവ്‌ മുല്ല നൂറുദ്ദീൻ തുറാബി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എന്നാൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കുള്ള ശിക്ഷ പൊതുജന മധ്യത്തിൽ നടപ്പിലാക്കണോ എന്ന കാര്യത്തിൽ തീരുമാനമായില്ലെന്നും തുറാബി പറഞ്ഞിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ മൃതദേഹങ്ങൾ നഗരഹൃദയത്തിൽ കെട്ടിത്തൂക്കിയത്‌.   Read on deshabhimani.com

Related News