വ്യോമാക്രമണത്തിൽ തിരിച്ചടി; ‘ഡ്യൂറന്‍ഡ്’ ലൈനിൽ ആക്രമണം നടത്തി അഫ്ഗാനിസ്ഥാൻ



കാബൂൾ > അഫ്ഗാനിസ്ഥാനില്‍ പാക്കിസ്ഥാന്‍ നടത്തിയ വ്യോമക്രമണത്തിൽ തിരിച്ചടിച്ചെന്ന്‌ താലിബാന്‍. പാക്കിസ്ഥാനെയും അഫ്‌ഗാനിസ്ഥാനെയും വേര്‍തിരിക്കുന്ന ‌‘ഡ്യൂറന്‍ഡ്’ ലൈനിനപ്പുറത്ത് നിരവധി കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി അഫ്ഗാൻ പ്രതിരോധവകുപ്പ് എക്സിൽ  കുറിച്ചു. എന്നാൽ ‘ഡ്യൂറന്‍ഡ്’ ലൈനിനെ ചൊല്ലി പാക്കിസ്ഥാനും അഫ്‌ഗാനിസ്ഥാനും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്‌. ഡ്യൂറന്‍ഡ്’ ലൈനിനെ അതിര്‍ത്തിയായി അഫ്ഗാനിസ്ഥാന്‍  ഇതുവരെ അംഗീകരിച്ചിട്ടില്ല. അതിനാൽ തന്നെ പാക്കിസ്ഥാനിലാണ് ആക്രമണം നടത്തിയതെന്ന് അഫ്‌ഗാൻ നേരിട്ട് പറയാറില്ല. ഡ്യൂറന്‍ഡ് ലൈനിന് അപ്പുറമുള്ള പല പ്രദേശങ്ങളും തങ്ങളുടേതാണെന്നാണ് അഫ്ഗാനിസ്ഥാന്റെ അവകാശവാദം. അഫ്ഗാനിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 46 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന്‌ പ്രതികാരമായി താലിബാൻ സൈന്യം പാകിസ്ഥാനിൽ "പല പോയിന്റുകൾ" ലക്ഷ്യമിട്ടിട്ടുള്ളതായി പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള പക്തിക പ്രവിശ്യയിലെ  പർവതപ്രദേശത്താണ് ചൊവ്വാഴ്‌ച പാക്കിസ്ഥാന്റെ ആക്രമണം ഉണ്ടായത്‌. അഫ്ഗാനിസ്ഥാനിലെ ഏഴ് ഗ്രാമങ്ങളെയാണ്‌ ആക്രമണത്തിൽ പാക്കിസ്ഥാൻ ലക്ഷ്യമിട്ടതെന്നും ആക്രമണത്തിൽ മുർഗ് ബസാർ ഗ്രാമം പൂർണമായും നശിപ്പിക്കപ്പെട്ടുവെന്നും അഫ്‌ഗാനിസ്ഥാൻ പറഞ്ഞു. വ്യോമാക്രമണത്തെ "ഭീരുത്വം" എന്നാണ്‌  പ്രതിരോധ മന്ത്രാലയം വിശേഷിപ്പിച്ചത്‌. അഫ്ഗാനിസ്ഥാനിലെ പാക്കിസ്ഥാൻ  പ്രതിനിധി മുഹമ്മദ് സാദിഖ് കാബൂളിൽ താലിബാൻ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് ആക്രമണം ഉണ്ടായത്‌. മുഹമ്മദ് സാദിഖ് അഫ്ഗാനിസ്ഥാന്റെ ആക്ടിംഗ് ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.   Read on deshabhimani.com

Related News