തെക്കേ അമേരിക്കയ്ക്ക് പ്രത്യേക കറൻസി വേണം : ബ്രസീൽ പ്രസിഡന്റ്
ബ്രസീലിയ തെക്കേ അമേരിക്കൻ രാജ്യങ്ങൾക്ക് പരസ്പര വിനിമയത്തിന് പ്രത്യേക കറൻസി നിർദേശിച്ച് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ. യുഎസ് ഡോളറിന് നിലവിലുള്ള അമിത പ്രാധാന്യം കുറയ്ക്കാനായാണ് ഇത്. ബ്രസീലിയയിൽ ചൊവ്വാഴ്ച അവസാനിച്ച തെക്കേ അമേരിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയുടെ ഉച്ചകോടിയിലായിരുന്നു നിർദേശം. 2008ൽ രൂപീകരിക്കപ്പെട്ട കൂട്ടായ്മയിൽ മേഖലയിലെ 12 രാജ്യമാണുള്ളത്. മേഖലയിൽ ഐക്യം ശക്തിപ്പെടുത്തുമെന്നും ഉച്ചകോടി പുറത്തിറക്കിയ സംയുക്ത പ്രസ്താവന പറയുന്നു. യോജിച്ച പ്രവർത്തനത്തിനായി അംഗരാജ്യങ്ങളുടെ വിദേശ മന്ത്രിമാർ ഉൾപ്പെടുന്ന പ്രത്യേക സമിതി രൂപീകരിക്കും. മേഖലയിൽ ജനാധിപത്യവും സാമൂഹ്യനീതിയും ഉറപ്പാക്കാനും സമാധാനവും മനുഷ്യാവകാശങ്ങളും പരിരക്ഷിക്കാനും തീരുമാനമായി. കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യ പ്രതിസന്ധി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സഹകരിച്ച് പ്രവർത്തിക്കാനും തീരുമാനമായി. വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോ ഉൾപ്പെടെയുള്ള നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുത്തു. Read on deshabhimani.com