ലൂണ 25ന് സാങ്കേതിക തകരാർ: പഥം താഴ്‌ത്തൽ പരാജയം
മോസ്‌കോ> റഷ്യൻ ചാന്ദ്രദൗത്യമായ ലൂണ 25ന് സാങ്കേതികത്തകരാർ. സോഫ്റ്റ് ലാൻഡിങ്ങിന് മുന്നോടിയായുള്ള അവസാന പഥം താഴ്‌ത്തൽ പരാജയപ്പെട്ടു. തകരാർ പരിഹരിക്കാൻ തീവ്രശ്രമം ആരംഭിച്ചതായി റഷ്യൻ ബഹിരാകാശ ഏജൻസി റോസ്കോസ്‌മോസ് അറിയിച്ചു. പതിനൊന്നിന് വിക്ഷേപിച്ച ലൂണ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ തിങ്കളാഴ്ചയാണ് സോഫ്റ്റ് ലാൻഡിങ് നടത്തേണ്ടിയിരുന്നത്. ഇതിന് മുന്നോടിയായി ഭ്രമണപഥം കുറഞ്ഞ ദൂരം 18 കിലോമീറ്ററും കൂടിയദൂരം 100 കിലോമീറ്ററുമാക്കാനുള്ള ശ്രമമാണ് അപ്രതീക്ഷിതമായി പരാജയപ്പെട്ടത്. കാരണം അറിവായിട്ടില്ല. ഇതിനായി ശനി പകൽ 2.10ന് നടത്തിയ ജ്വലനം നിശ്ചയിച്ച പ്രകാരം നടന്നോ എന്നതിലും വ്യക്തതയില്ല. പേടകത്തിലെ സ്വയംനിയന്ത്രിത സംവിധാനം ഉപയോഗിച്ചാണ് പഥം താഴ്ത്താൻ ശ്രമം നടത്തിയത്. ആഗസ്ത് 11നാണ് ലൂണ 25 വിക്ഷേപിച്ചത്. ജൂലൈ 14ന് ഇന്ത്യ വിക്ഷേപിച്ച ‘ചാന്ദ്രയാൻ 3’ ബുധനാഴ്ച ചന്ദ്രനിലിറങ്ങും. Read on deshabhimani.com