മരണം 41,000 കടന്നു ; ചൈനയെ മറികടന്ന് യുഎസും ഫ്രാൻസും
മാഡ്രിഡ് ‘ദുരൂഹമായ രോഗം’ സംബന്ധിച്ച് ചൈന ലോകാരോഗ്യ സംഘടനയെ അറിയിച്ച് മൂന്നുമാസം തികഞ്ഞ ചൊവ്വാഴ്‌ച, ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41000 കടന്നു. ഏറ്റവുമധികം രോഗികളുള്ള അമേരിക്കയും മരണസംഖ്യയിൽ ചൈനയെ മറികടന്നു. പിന്നാലെ ഫ്രാൻസ് അമേരിക്കയെ മറികടന്നു. ഇറ്റലിയും സ്‌പെയിനും കഴിഞ്ഞാൽ ഫ്രാൻസിലാണ് ഇപ്പോൾ ഏറ്റവുമധികം മരണം. 499 പേർ കൂടി മരിച്ചതോടെ 3523 ആയി. മഹാമാരിയായി പ്രഖ്യാപിച്ച കോവിഡ് ബാധിച്ച് ഇതിനകം നൂറ്റിമുപ്പതോളം രാജ്യങ്ങളിൽ മരണമുണ്ടായി. 185 രാജ്യങ്ങളിൽ എട്ട് ലക്ഷത്തിലധികം പേർക്ക് രോഗം ബാധിച്ചതിൽ ഒന്നേമുക്കാൽ ലക്ഷത്തോളം രോഗമുക്തരായിട്ടുണ്ട്. ഇതിൽ 81318 പേരും ചൈനയിലാണ്. ലോകത്തെ ആകെ മരണത്തിൽ മുക്കാൽ ഭാഗത്തോളവും യൂറോപ്പിലാണ്. ഏറ്റവുമധികം ആളുകൾ മരിച്ച ഇറ്റലിയിൽ മരണസംഖ്യ 12428 ആയി. 837പേർകൂടി മരിച്ചതോടെയാണിത്. അമേരിക്കയ്‌ക്ക് പിന്നാലെ അവിടെയും രോഗികളുടെ എണ്ണം തിങ്കളാഴ്‌ച ലക്ഷം കടന്നു. അമേരിക്കയിൽ രോഗികളുടെ എണ്ണം ഒന്നേമുക്കാൽ ലക്ഷവും. 9222 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ച സ്‌പെയിനിൽ ചൊവ്വാഴ്‌ചവരെ 94417 പേർക്കാണ് രോഗം ബാധിച്ചത്. നെതർലൻഡ്‌സിലും മരണസംഖ്യ ആയിരം കടന്നു. ബെൽജിയത്തിൽ മരിച്ച പന്ത്രണ്ടുകാരി യൂറോപ്പിൽ കോവിഡ് ബാധിച്ച് മരിച്ച ഏറ്റവും പ്രായം കുറഞ്ഞയാളായി. ഗൾഫിൽ ഏറ്റവുമധികം മരണമുണ്ടായ ഇറാനിൽ മരണസംഖ്യ 2898 ആയി. കോവിഡ് വൈകിയെത്തിയ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ 54 രാജ്യങ്ങളിൽ ആറിടത്ത് ഇപ്പോഴും രോഗം റിപ്പോർട്ട് ചെയ്‌തിട്ടില്ല. Read on deshabhimani.com