സൂര്യനെ ‘തൊട്ട്’ പൊള്ളാതെ പാർക്കർ ; മാനവരാശിക്കിത്‌ 
ചരിത്ര മുഹൂർത്തമെന്ന്‌ നാസ



വാഷിങ്‌ടൺ സൂര്യന്റെ ബാഹ്യാന്തരീക്ഷത്തെ ‘തൊട്ട്‌’ നാസയുടെ പാർക്കർ സോളാർ പ്രോബ്‌. ഉരുകിത്തിളയ്‌ക്കുന്ന അതിതീവ്ര ചൂടിനെ അതിജീവിച്ച്‌ പേടകം മടങ്ങി. സൂര്യന്റെ 61 ലക്ഷം കിലോമീറ്റർ  അടുത്തു കൂടി കടന്നു പോയ പാർക്കർ റെക്കോഡിട്ടു. മനുഷ്യനിർമിത പേടകം ആദ്യമായാണ്‌ സൂര്യന്റെ ഇത്രയും അടുത്തുകൂടി കടന്നുപോകുന്നത്‌. അതും മണിക്കൂറിൽ ഏഴ്‌ ലക്ഷം കിലോമീറ്റർ വേഗത്തിൽ. ദിവസങ്ങൾക്ക്‌ ശേഷം പാർക്കറിൽനിന്നുള്ള സിഗ്‌നൽ ജോൺഹോപ്‌കിൻസ്‌ അപ്ലൈഡ്‌ ഫിസിക്‌സ്‌ ലാബിൽ ലഭിച്ചതോടെയാണ്‌ പേടകം സുരക്ഷിതമെന്ന്‌ സ്ഥിരീകരണമായത്‌. സൂര്യന്റെ അന്തരീക്ഷത്തിലൂടെ കടന്നുപോകുമ്പോഴുള്ള  വികിരണം മൂലം ഭൂമിയുമായുള്ള ആശയ വിനിമയം നിലച്ചിരുന്നു. മാനവരാശിക്കിത്‌ ചരിത്ര മുഹൂർത്തമാണെന്ന്‌ നാസയുടെ അസോസിയേറ്റ്‌ അഡ്‌മിനിസ്‌ട്രേറ്റർ നിക്കി ഫോക്‌സ്‌ പറഞ്ഞു. പേടകത്തിലെ എല്ലാ ഉപകരണങ്ങളും സുരക്ഷിതമാണ്‌. അവ സാധാരണ നിലയിൽ പ്രവർത്തിക്കുന്നു. സൂര്യനെപ്പറ്റിയുള്ള അറിവുകൾ പാർക്കർ വിപുലീകരിക്കുമെന്ന്‌ അവർ പറഞ്ഞു. സൂര്യന്റെ ബാഹ്യാന്തരീക്ഷമായ കൊറോണയിലൂടെയുള്ള യാത്രക്കിടെ ശേഖരിച്ച ചിത്രങ്ങളും വിവരങ്ങളും അടുത്ത മാസത്തോടെ പേടകം ഭൂമിയിലേക്ക്‌ അയച്ചു തുടങ്ങും.  1400 ഡിഗ്രി സെൽഷ്യസ്‌ ചൂടുള്ള മേഖലയിലൂടെയായിരുന്നു പാർക്കറിന്റെ യാത്ര.  അതികഠിനമായ ചൂടിനെ അതീജിവിക്കാൻ പേടകത്തിന്‌ സഹായകമായത്‌ പ്രത്യേകം രൂപകൽപന ചെയ്‌ത കാർബൺ കോംപസിറ്റ്‌ കവചമാണ്‌.  2018 ആഗസ്‌തിലാണ്‌ പേടകം വിക്ഷേപിച്ചത്‌.  മാർച്ച്‌ 22 നും ജൂൺ 19 നും പാർക്കർ വീണ്ടും സൗരാന്തരീക്ഷത്തിൽ കടക്കുമെങ്കിലും ഇത്രയും അടുത്ത്‌ എത്തില്ല. Read on deshabhimani.com

Related News