ദക്ഷിണ കൊറിയ ; ആക്ടിങ് പ്രസിഡന്റിനെയും ഇംപീച്ച് ചെയ്തു
സോൾ പ്രസിഡന്റ് യൂൺ സുക് യോളിനെ ഇംപീച്ച് ചെയ്തതതിന് പുറമേ, പകരം ചുമതലയേറ്റ ഹാൻ ഡക്ക് സൂയെയും ഇംപീച്ച് ചെയ്ത് ദക്ഷിണ കൊറിയ പാർലമെന്റ്. പ്രധാന പ്രതിപക്ഷ കക്ഷി ഡെമോക്രാറ്റിക് പാർടി നേതാവ് ലീ ജേമ്യുങ്ങ് അവതരിപ്പിച്ച പ്രമേയം വെള്ളിയാഴ്ചയാണ് വോട്ടിനിട്ടത്. രണ്ടാഴ്ച മുമ്പ് യൂൺ സുക് യോൾ ഇംപീച്ച് ചെയ്യപ്പെട്ടതോടെയാണ് പ്രധാനമന്ത്രി ഹാൻ ഡക്ക് സൂ താൽക്കാലിക പ്രസിഡന്റായി ചുമതലയേറ്റത്. വോട്ടിനിടുന്നതിന് തൊട്ടുമുമ്പുവരെ പ്രമേയം പാസ്സാക്കാൻ എത്ര വോട്ട് വേണം എന്നതിലടക്കം അനിശ്ചിതത്വമുണ്ടായിരുന്നു. ഭരണഘടനപ്രകാരം പ്രധാനമന്ത്രിയെ ഇംപീച്ച് ചെയ്യാൻ കേവലഭൂപരിപക്ഷം മതി. എന്നാൽ, പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാൻ മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണ വേണം. ഇംപീച്ച്‌മെന്റ് പ്രമേയം പാസ്സാകാൻ 151 വോട്ട് മതിയെന്ന നാഷണൽ അസംബ്ലി സ്പീക്കറുടെ പ്രഖ്യാപനം ഭരണപക്ഷ എംപിമാരുടെ എതിർപ്പിന് ഇടയാക്കി. ഡിസംബർ മൂന്നിന് യൂൺ സുക് യോൾ രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ചതാണ് രാഷ്ട്രീയ അനിശ്ചിതത്വത്തിന് തുടക്കം കുറിച്ചത്. ശ്രമം പരാജയപ്പെട്ടതോടെ അദ്ദേഹത്തെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷം പ്രമേയം അവതരിപ്പിക്കുകയായിരുന്നു. ഏതാനും ഭരണകക്ഷി എംപിമാരുടെ പിന്തുണയോടെ ബിൽ പാസ്സായി. യൂണിന്റെ ഇംപീച്ച്‌മെന്റ് നടപടികൾ പൂർത്തിയാക്കാൻ ഹാൻ സഹകരിച്ചില്ലെന്ന് ആരോപിച്ചാണ് പ്രതിപക്ഷം അദ്ദേഹത്തെയും പുറത്താക്കാൻ നോട്ടീസ് നൽകിയത്. ഹാനിന്റെ ഇംപീച്ച്‌മെന്റും ഭരണഘടനാ കോടതി അംഗീകരിക്കേണ്ടതുണ്ട്. യൂണിന്റെ ഇംപീച്ച്‌മെന്റ് അംഗീകരിക്കണോ എന്നതിലെ ആദ്യ വാദം കേൾക്കൽ വെള്ളിയാഴ്ച നടന്നു. ഇംപീച്ച്‌മെന്റ് പ്രമേയം പാർലമെന്റ് പാസ്സാക്കിയാൽ ഭരണഘടനാ കോടതി 180 ദിവസത്തിനുള്ളിൽ അന്തിമ തീരുമാനമെടുക്കണമെന്നാണ് നിയമം. Read on deshabhimani.com