നെതന്യാഹുവിനെതിരെ ജനരോഷം ; പ്രതിരോധ മന്ത്രിയെ പുറത്താക്കി



ജറുസലേം ജുഡീഷ്യറിയെ അട്ടിമറിക്കാനുള്ള നീക്കത്തിൽ എതിർനിലപാട്‌ പരസ്യമാക്കിയ പ്രതിരോധ മന്ത്രി യോവ്‌ ഗാലന്റിനെ പുറത്താക്കി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ജനഹിതത്തിന്‌ എതിരായ നിയമനിർമാണം ഉടൻ ഉപേക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ടതിനാണ്‌ പുറത്താക്കൽ. പ്രഖ്യാപനം വന്നതോടെ രാജ്യത്ത്‌ പ്രധാനമന്ത്രിക്കെതിരായ പ്രതിഷേധം കൂടുതൽ രൂക്ഷമായി. ടെൽ അവീവിലുൾപ്പെടെ പ്രധാന പാതകൾ പ്രതിഷേധക്കാർ തടഞ്ഞു. ജറുസലേമിലെ നെതന്യാഹുവിന്റെ സ്വകാര്യ വസതിക്ക്‌ മുന്നിലും പതിനായിരങ്ങൾ കൂടിയിട്ടുണ്ട്‌. വിവിധയിടങ്ങളിൽ പൊലീസും ജനങ്ങളും തമ്മിൽ ഏറ്റുമുട്ടി. കണ്ണീർവാതകം പ്രയോഗിച്ചു. തിങ്കളാഴ്ച ഇസ്രയേൽ പാർലമെന്റായ നെസറ്റിലേക്ക്‌ നടന്ന പ്രതിഷേധ മാർച്ചിൽ ആയിരങ്ങൾ പങ്കെടുത്തു.  അതിനിടെ, പ്രതിരോധ മന്ത്രിയെ പിന്തുണച്ച്‌ കൂടുതൽ മന്ത്രിമാർ രാജിക്ക്‌ ഒരുങ്ങുന്നതായും നെതന്യാഹു നിയമനിർമാണം നിർത്തിവയ്ക്കുന്നതായി ഉടൻ പ്രഖ്യാപിക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്‌. ന്യൂയോർക്കിലെ ഇസ്രയേൽ കോൺസുൽ ജനറൽ അസാഫ്‌ സമിർ രാജിവച്ചു. ഷിൻ ബെത്‌ സുരക്ഷാ ഏജൻസിയുടെ മുൻ മേധാവി അവി ദിച്ചർ പുതിയ പ്രതിരോധമന്ത്രിയാകുമെന്നും റിപ്പോർട്ടുണ്ട്‌. അഴിമതിക്കേസുകളിൽ വിചാരണയിൽനിന്ന്‌ രക്ഷപ്പെടാൻ സുപ്രീംകോടതിയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമം നിർമിക്കുകയാണ്‌ നെതന്യാഹു സർക്കാർ. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ആഴ്ചകളായി തെരുവുകളിൽ വ്യാപക പ്രതിഷേധം ഇരമ്പുകയാണ്‌. പ്രക്ഷോഭകർ ഉത്തരവാദിത്വപൂർവം പെരുമാറാണമെന്ന്‌ നെതന്യാഹു ആവശ്യപ്പെട്ടു. Read on deshabhimani.com

Related News