മുഹമ്മദ് മൊയ്സു 
മാലദ്വീപ് പ്രസിഡന്റ്



മാലെ മാലദ്വീപ് പ്രസിഡന്റായി പീപ്പിൾസ്‌ നാഷണൽ കോൺഗ്രസ് സ്ഥാനാര്‍ഥി മുഹമ്മദ് മൊയ്സു (45) തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിനെ 54.06 ശതമാനം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ശനിയാഴ്ച നടന്ന രണ്ടാംവട്ട തെരഞ്ഞെടുപ്പിലൂടെ മൊയ്സു അധികാരത്തിലേറുന്നത്. രാജ്യത്തെ 2,82,000 സമ്മതിദായകരില്‍ 85 ശതമാനവും വോട്ട് രേഖപ്പെടുത്തി. വിജയം രാജ്യത്തിന്റെ മികച്ച ഭാവി കെട്ടിപ്പടുക്കുന്നതിനും പരമാധികാരം ഉറപ്പാക്കുന്നതിനുമാണെന്ന് മൊയ്സു പ്രതികരിച്ചു . മാലെ ​ഗവര്‍ണറും മുന്‍ മന്ത്രിയുമായിരുന്ന മൊയ്സു ചൈന അനുകൂല നേതാവാണെന്ന്‌ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. അഴിമതിക്കേസില്‍ തടവിലായ മൊയ്സുവിന്റെ ഉപദേശകന്‍ അബ്ദുല്ല യമീന്‍ മാലദ്വീപ് പ്രസിഡന്റായിരുന്നപ്പോള്‍ നിര്‍മാണ പദ്ധതികള്‍ക്കായി ചൈനയില്‍നിന്ന് വന്‍തോതില്‍ കടം വാങ്ങിയിരുന്നു. ചൈനീസ് കടക്കെണിയിലേക്ക് രാജ്യത്തെ തള്ളിവിട്ടെന്ന് യമീനെതിരെ ആരോപണമുണ്ടായിരുന്നു. തുടര്‍ന്ന് 2018ലാണ് ഇന്ത്യയുമായി ബന്ധം പുലർത്തുന്ന സോലിഹ് അധികാരമേറ്റത്. പദവിയിലെത്തിയാലുടന്‍ യമീനെ മോചിപ്പിക്കാനുള്ള നടപടികള്‍ മൊയ്സു തുടങ്ങുമെന്ന് റിപ്പോര്‍ട്ടുണ്ട്. ആദ്യവട്ട തെരഞ്ഞെടുപ്പിൽ പോൾ ചെയ്‌തതിന്റെ 50 ശതമാനം വോട്ട്‌ ആർക്കും ലഭിക്കാത്തതിനെത്തുടർന്നാണ് വീണ്ടും തെരഞ്ഞെടുപ്പ്‌ നടന്നത്. Read on deshabhimani.com

Related News