ഇമ്രാൻ ഉടൻ പുറത്തിറങ്ങില്ല



ഇസ്ലാമാബാദ്‌ > തോഷഖാന അഴിമതിക്കേസിൽ തടവുശിക്ഷ മരവിപ്പിച്ചെങ്കിലും പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഉടൻ ജയിൽ മോചിതനാകില്ല. സൈഫർ കേസിൽ ജുഡീഷ്യൽ കസ്റ്റഡി കാലാവധി പ്രത്യേക കോടതി നീട്ടിയതിനെ തുടർന്നാണ്‌ ഇത്‌. സെപ്‌തംബർ 13 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. പ്രധാനമന്ത്രിയായിരുന്ന കാലത്ത് നയതന്ത്ര ചാനലിലൂടെയുള്ള രഹസ്യ വിവരം ദുരുപയോഗം ചെയ്യുകയും വിവരങ്ങൾ പരസ്യപ്പെടുത്തുകയും ചെയ്ത കേസിലാണ് കോടതി ഉത്തരവ്‌. അദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്ന അറ്റോക്ക് ജയിലിലെത്തിയാണ് ജഡ്ജി അബുവൽ ഹസ്നത്ത് സുൽഖർനൈൻ വാദം കേട്ടത്.  തോഷഖാന അഴിമതി കേസിൽ മൂന്നുവര്‍ഷം തടവിന് ശിക്ഷിച്ച ഇസ്ലാമാബാദ് ജില്ലാ കോടതി വിധി ഹൈക്കോടതി കഴിഞ്ഞ ദിവസം മരവിപ്പിച്ചു.  ആഗസ്‌ത്‌ അഞ്ചുമുതൽ ഇമ്രാൻ ജയിലിലാണ്‌.  തോഷഖാന കേസിൽ ശിക്ഷിക്കപ്പെട്ടതോടെ  അഞ്ചുവർഷത്തേക്ക്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന്  തെരഞ്ഞെടുപ്പ് കമീഷൻ വിലക്കി. വിധി മരവിപ്പിച്ചതോടെ ഇതിൽ മാറ്റം വന്നേക്കും. Read on deshabhimani.com

Related News