മുൻ അമേരിക്കൻ പ്രസിഡന്റും നൊബേല്‍ ജേതാവുമായ ജിമ്മി കാർട്ടർ അന്തരിച്ചു
വാഷിങ്‌ടൺ അമേരിക്കയുടെ മുപ്പത്തൊമ്പതാം പ്രസിഡന്റ് ജിമ്മി കാർട്ടർ (100) അന്തരിച്ചു. ഏറ്റവുമധികം കാലം ജീവിച്ചിരുന്ന യുഎസ് പ്രസിഡന്റാണ്. ജോർജിയ പ്ലെയിൻസിലെ വസതിയിൽ ഞായറാഴ്‌ചയായിരുന്നു അന്ത്യം. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ജനുവരി ഒമ്പതിന് വാഷിങ്‌ടണിൽ. മുപ്പത് ദിവസം യുഎസില്‍ ദേശീയ പതാക പകുതി താഴ്‌ത്തിക്കെട്ടും. അമേരിക്കയ്‌ക്ക് പ്രതിഭാധനനായ നേതാവിനെയാണ് നഷ്ടമായതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. രാഷ്‌ട്രീയപരമായി താൻ ശക്തമായി വിയോജിച്ചിരുന്നെങ്കിലും അമേരിക്കയെ ഗാഢമായി സ്‌നേഹിച്ച നേതാവായിരുന്നു കാർട്ടറെന്ന് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസടക്കമുള്ള നേതാക്കളും അനുശോചനം അറിയിച്ചു. 1924 ഒക്ടോബർ ഒന്നിന് പ്ലെയിൻിസലാണ് ജെയിംസ് ഏൾ കാർട്ടർ ജൂനിയർ എന്ന ജിമ്മി കാർട്ടർ ജനിച്ചത്. മുൻ നേവൽ കമാൻഡറായ അദ്ദേഹം ഡെമോക്രാറ്റിക് സീറ്റിൽ 1963ൽ ജോർജിയ സെനറ്റിലെത്തി. 1977ല്‍ അമേരിക്കയുടെ പ്രസിഡന്റായത്. 1978ൽ ഈജിപ്തും ഇസ്രയേലും തമ്മിലുള്ള സമാധാന ഉടമ്പടി (ക്യാമ്പ് ഡേവിഡ് അക്കോർഡ്‌സ്) സാധ്യമാക്കി. 1967ലെ യുദ്ധത്തിൽ ഇസ്രയേൽ പിടിച്ചെടുത്ത സീനായ് കുന്നുകൾ വിട്ടുകൊടുക്കുന്നത് ഉൾപ്പെടെയുള്ള ധാരണകളാണ് ഇതിലുണ്ടായിരുന്നത്. ചൈനയുമായി നയതന്ത്രബന്ധം സ്ഥാപിച്ചു. സോവിയറ്റ് യൂണിയനെതിരെ കടുത്ത നിലപാട് എടുത്തിരുന്നു. 1980ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ നേതാവ് റൊണാൾഡ് റീഗനോട് പരാജയപ്പെട്ടു. 1994ൽ ഉത്തര കൊറിയ സന്ദർശിച്ച് അന്നത്തെ ഭരണാധികാരി കിം ഇൽ സുങ്ങുമായി കൂടിക്കാഴ്ച നടത്തി. 2002ൽ സമാധാന നൊബേൽ നേടി. തൊണ്ണൂറ് വയസ്സുവരെ രാഷ്ട്രീയത്തിൽ സജീവമായിരുന്ന ജിമ്മി കാർട്ടർ, 2018ൽ പ്രസിഡന്റായിരുന്ന ട്രംപ് ഇറാനുമായുള്ള ആണവ കരാറിൽനിന്ന് പിന്മാറിയതിനെ ശക്തമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. 2023 ഫെബ്രുവരി മുതൽ വീട്ടിൽ പാലിയേറ്റീവ് കെയറിലായിരുന്നു. പഠനകാലം മുതൽ ഒപ്പമുള്ള ജീവിതപങ്കാളി റോസലിൻ 2023 നവംബറിൽ മരിച്ചത് അദ്ദേഹത്തെ തളർത്തി. നാല് മക്കളും 11 കൊച്ചുമക്കളുമുണ്ട്. Read on deshabhimani.com