നിലച്ചത് മാർക്കേസിന്റെ ഇംഗ്ലീഷ് ശബ്ദം ; എഡിത്ത് ഗ്രോസ്‌മാൻ വിടവാങ്ങി
മാൻഹാട്ടൻ തന്റെ ഇംഗ്ലീഷ് ശബ്ദമെന്ന് വിഖ്യാത എഴുത്തുകാരൻ ഗബ്രിയേൽ ഗാർസിയ മാർക്കേസ് വിശേഷിപ്പിച്ച വിവർത്തക എഡിത്ത് ഗ്രോസ്‌മാൻ (87) വിടവാങ്ങി. അമേരിക്കയിലെ മാൻഹാട്ടനിലെ വസതിയിൽ തിങ്കളാഴ്ചയായിരുന്നു അന്ത്യം. ആഗ്‌നേയഗ്രന്ഥിയിലെ അർബുദബാധയാണ് മരണകാരണമെന്ന് മകൻ കോറി അറിയിച്ചു. ‘ലവ് ഇൻ ദ ടൈം ഓഫ് കോളറ’ വിവർത്തനത്തിലൂടെയാണ് എഡിത്തും മാർക്കേസും തമ്മിലുള്ള ദീർഘബന്ധം തുടങ്ങിയത്. 1988ലാണ് ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങിയത്. ‘ദ ജനറൽ ഇൻ ഹിസ് ലാബരിന്ത്, മെമറീസ് ഓഫ് മൈ മെലങ്കളി ഹോർസ്, ലിവിങ് ടു ടെൽ ദി ടെയ്‌ൽ, സ്‌ട്രേഞ്ച് പിൽഗ്രിംസ് തുടങ്ങിയ മാര്‍ക്കേസ് കൃതികള്‍ ഭാഷാഭേദങ്ങൾക്കപ്പുറം ലോകജനതയുടെ മനസ്സിൽ ഇരിപ്പിടം ഉറപ്പിച്ചതിൽ എഡിത്തിന്റെ പങ്ക് വലുതാണ്. നൊബേൽ സമ്മാന ജേതാവ് മാരിയോ വർഗാസ് ലോസയുടെ ഫീസ്റ്റ് ഓഫ് ദി ഗോട്ടിന്റെ പരിഭാഷയിലൂടെ പെൻ ബോംസി സമ്മാനം നേടി (2001). വിവർത്തന മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പെൻ റാൽഫ് മാൻഹൈം മെഡലും ലഭിച്ചു (2006). ലാറ്റിൻ അമേരിക്കൻ, സ്പാനിഷ് എഴുത്തുകാരിലാണ് കൂടുതലും ശ്രദ്ധ പതിപ്പിച്ചത്. ‘വൈ ട്രാൻസ്‌ലേഷൻ മാറ്റേഴ്‌സ്’ എന്ന എഡിത്തിന്റെ പുസ്തകം ഏറെ ശ്രദ്ധപിടിച്ചുപറ്റി.വിവിധ സർവകലാശാലകളിൽ അധ്യാപികയായിരുന്നു. Read on deshabhimani.com