ഇരട്ട ചാവേർ ആക്രമണം : പാകിസ്ഥാനിൽ 56 പേർ കൊല്ലപ്പെട്ടു
കറാച്ചി പാകിസ്ഥാനിലെ ബലൂചിസ്ഥാൻ, ഖൈബർ പഖ്‌തുങ്‌ക്വ പ്രവിശ്യകളിൽ വെള്ളിയാഴ്ചയുണ്ടായ ചാവേർ ആക്രമണങ്ങളിൽ 56 പേർ കൊല്ലപ്പെട്ടു. മരണസംഖ്യ ഉയരാൻ ഇടയുണ്ടെന്ന് അധികൃതർ അറിയിച്ചു. മണിക്കൂറുകളുടെ വ്യത്യാസത്തിലുണ്ടായ ആക്രമണങ്ങളിൽ നിരവധിപേർക്ക് പരിക്കേറ്റു. ബലൂചിസ്ഥാനിലെ മസ്തങ്ങിൽ നബിദിന ഘോഷയാത്രാ തയ്യാറെടുപ്പിനിടെ മദീന മോസ്കിലേക്കായിരുന്നു ആദ്യ ചാവേർ ആക്രമണം. 52 പേർ തൽക്ഷണം മരിച്ചു. അമ്പതിലധികം പേർക്ക് പരിക്കേറ്റു. 20 പേരുടെ നില ഗുരുതരമാണ്. മസ്തങ് എഡിഎസ്‌പിയും ആക്രമണത്തിൽ കൊല്ലപ്പെട്ടു. നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മണിക്കൂറുകൾക്കുശേഷം പെഷാവറിനു സമീപം ഹാങ്കു നഗരത്തിലെ മോസ്കിൽ ജുമാ നമസ്കാരത്തിനിടെയായിരുന്നു രണ്ടാം ആക്രമണം. നാലുപേരുടെ മരണം സ്ഥിരീകരിച്ചു. പരിക്കേറ്റവരുടെ എണ്ണത്തിലും വ്യക്തതയില്ല. തകർന്ന കെട്ടിടത്തിനടിയിൽനിന്ന് പുറത്തെടുത്ത 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാൽപ്പതിലധികം പേർ മോസ്കിൽ ഉണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്. മോസ്കിലേക്ക് രണ്ടു ചാവേറുകളുമായി വന്ന വാഹനം പൊലീസ് തടഞ്ഞു. പ്രദേശത്തെ ദവോബ പൊലീസ് സ്‌റ്റേഷനിലും അഞ്ച് തീവ്രവാദികൾ കടന്നുകയറി. പൊലീസ് വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. മറ്റൊരാൾ മോസ്കിന്റെ മേൽക്കൂരയിലേക്ക് ഓടിക്കയറി സ്വയം പൊട്ടിത്തെറിച്ചു. മൂന്നുപേർ രക്ഷപ്പെട്ടു. ആക്രമണങ്ങളുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പതിനഞ്ച് ദിവസത്തിനുള്ളിൽ മസ്തങ്ങിലുണ്ടായ രണ്ടാമത്തെ വലിയ ആക്രമണമാണിത്. ആക്രമണങ്ങളെത്തുടർന്ന് രാജ്യമാകമാനം സുരക്ഷ വർധിപ്പിച്ചു. Read on deshabhimani.com