ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയെന്ന് കാലാവസ്ഥാ വകുപ്പ്



തിരുവനന്തപുരം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി തിങ്കളാഴ്ചയോടെ ശക്തി പ്രാപിച്ച് ന്യൂനമർദമാകുന്നതിനാൽ സംസ്ഥാനത്ത് ഈയാഴ്ച മഴ കനക്കും. കാലവർഷക്കാറ്റ് ശക്തി പ്രാപിച്ചതോടെ തെക്കൻ ജില്ലകളിൽ മഴ തുടരുന്നുണ്ട്. ന്യൂനമർദത്താൽ മഴയുടെ ശക്തി കൂടുമെങ്കിലും അതിതീവ്ര മഴയുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. തെക്കൻ, മധ്യ ജില്ലകളിൽ ശക്തമാകുന്ന മഴ ന്യൂനമർദത്തിന്റെ സഞ്ചാരപാതയ്ക്ക് അനുസരിച്ച് വടക്കൻ കേരളത്തിലേക്കും വ്യാപിക്കും. മധ്യ, തെക്കൻ മലയോര മേഖലയിലുള്ളവർ ജാ​ഗ്രത പാലിക്കണം. തിങ്കൾ ആലപ്പുഴ, എറണാകുളം ജില്ലകളിലും ചൊവ്വ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും ബുധൻ എറണാകുളം,  ഇടുക്കി ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. മധ്യ ജില്ലകളിലെ മലയോര മേഖലകളിൽ ലഘുമേഘവിസ്പോടനത്തിന് സാധ്യതയുണ്ട്‌. നിലവിൽ മഴമേഘങ്ങൾ സാധാരണ രീതിയിൽനിന്ന് ഉയർന്നാണ് കാണുന്നത്. ഇത് മേഘ വിസ്‌ഫോടനത്തിന്റെ സൂചനയായാണ് വിലയിരുത്തുന്നത്. മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ മലയോര മേഖലയിലുള്ളവർ ജാ​ഗ്രത പാലിക്കണം. Read on deshabhimani.com

Related News