വ്യാപക മഴ ; 6 ജില്ലയിൽ ഇന്ന്‌ ഓറഞ്ച്‌ അലർട്ട്‌ ; പൊരിങ്ങൽകുത്ത്‌ അണക്കെട്ടിൽ ചുവപ്പ്‌ അലർട്ട്‌



തിരുവനന്തപുരം സംസ്ഥാനത്ത്‌ തുടരുന്ന വ്യാപക മഴ വരുംദിവസങ്ങളിൽ ശക്തിപ്രാപിക്കാൻ സാധ്യത. ഞായറാഴ്‌ച മധ്യ, തെക്കൻ കേരളത്തിലായിരുന്നു കൂടുതൽ മഴ. തുടർച്ചയായ മഴയിലും കാറ്റിലും കൃഷിനാശവുമുണ്ട്‌. തീരങ്ങളിൽ കടലാക്രമണം ശക്തമായി. ബംഗ്ലാദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിലെ ചക്രവാതച്ചുഴി തിങ്കളോടെ വടക്കൻ ഒഡിഷയ്‌ക്ക് മുകളിൽ ന്യൂനമർദമായി ശക്തിപ്രാപിച്ചേക്കും. ഇതിന്റെയും അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ്‌ ശക്തമാകുന്നതിന്റെയും സ്വാധീനത്തിൽ വ്യാഴംവരെ ശക്തമായ മഴയ്‌ക്കും ഒറ്റപ്പെട്ട അതിശക്ത മഴയ്‌ക്കും സാധ്യതയുണ്ട്‌.  കേരളം, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ വ്യാഴംവരെ മീൻപിടിത്തത്തിനു പോകരുത്‌.  തൃശൂർ പൊരിങ്ങൽകുത്ത്‌ അണക്കെട്ടിൽ ചുവപ്പ്‌ അലർട്ട്‌ (മൂന്നാംഘട്ട മുന്നറിയിപ്പ്‌) പ്രഖ്യാപിച്ചു. അരുവിക്കര ഡാമിന്റെ മൂന്നു ഷട്ടർ ഉയർത്തി. മലങ്കര, കുറ്റ്യാടി, കാരാപ്പുഴ, കല്ലട, കാഞ്ഞിരപ്പുഴ, പീച്ചി, മണിയാർ, ഭൂതത്താൻകെട്ട്‌, മൂലത്തറ, പഴശ്ശി ഡാമുകളിൽ മുൻകരുതലിന്റെ ഭാഗമായി നിയന്ത്രിത അളവിൽ വെള്ളം പുറത്തുവിടുന്നുണ്ട്‌. ഇടുക്കിയിൽ മണ്ണിടിച്ചിലിൽ രണ്ട് വീട്‌ തകർന്നു.  കാമാക്ഷി, മരിയാപുരം പഞ്ചായത്തുകളുടെ അതിർത്തി ഗ്രാമമായ കരിക്കിൻമേട്ടിലും മണ്ണിടിച്ചിലുണ്ടായി. പ്രകാശ് –- കരിക്കിൻമേട്–- ഉപ്പുതോട് റോഡിന്റെ വശം ഇടിഞ്ഞ്‌ ഗതാഗതം തടസ്സപ്പെട്ടു. കൊല്ലത്ത്‌ കടൽക്കയറ്റം രൂക്ഷമായി. കൊല്ലം, അഴീക്കൽ ബീച്ചുകൾ അടച്ചു. രണ്ടു വീട് തകര്‍ന്നു. അഴീക്കലിൽ തീരം പൂർണമായും കടലെടുത്ത നിലയിലാണ്. Read on deshabhimani.com

Related News