ഹോ എന്തൊരു ചൂട്‌



തൃശൂർ> നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ ലഭിക്കേണ്ട മഞ്ഞുവീഴ്ചയും തണുപ്പും കുറഞ്ഞതിനു പിന്നാലെ, ജില്ലയിൽ ചൂട് കൂടുന്നു. ജനുവരിയിൽ ചില ദിവസങ്ങളിൽ തണുപ്പ് അനുഭവപ്പെട്ടെങ്കിലും പൊതുവേ ചൂടുകൂടിയ ജനുവരിയാണ് പിന്നിട്ടത്. ഫെബ്രുവരിയിൽ താപനില കുറച്ചുകൂടെ ഉയർന്നു. 17, 18 തീയതികളിൽ ജില്ലയിൽ താപനില 2–-3 ഡിഗ്രിവരെ ഉയരാൻ സാധ്യതയുണ്ടെന്നാണ്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്‌.    തിങ്കളാഴ്ച രേഖപ്പെടുത്തിയ താപനില  35.40 ഡിഗ്രി. ഈവർഷം ജില്ലയിൽ ഏറ്റവും ഉയർന്ന താപനില ഫെബ്രുവരി 16ന് രേഖപ്പെടുത്തിയ 36.30 ഡിഗ്രിയാണ്. 17ന് 35.40 ഡിഗ്രിയായി ചുരുങ്ങിയെങ്കിലും, കടുത്ത ചൂടാണ് പൊതുവേ  അനുഭവപ്പെട്ടത്. മേഘങ്ങൾ പൂർണമായും അകന്ന്, സൂര്യരശ്‌മി നേരിട്ട് ഭൂമിയിൽ പതിക്കുന്നതിനാലാണ് ചൂട് കൂടുതലായി അനുഭവപ്പെടുന്നതെന്ന് കാലാവസ്ഥാ വിഭാഗം ശാസ്ത്രജ്ഞൻ ഡോ. സി എസ് ഗോപകുമാർ പറഞ്ഞു.   ഡാമുകളിൽ കഴിഞ്ഞ വർഷത്തേക്കാൾ വെള്ളം  നിലവിലുള്ളതിനാൽ, കുടിവെള്ള ലഭ്യതയ്ക്ക് കുറവുവരാനിടയില്ല.  ചൂട് കനക്കാൻ സാധ്യതയുണ്ട്. മാർച്ച് മാസത്തിൽ സാധാരണ ലഭിക്കേണ്ട ഇടമഴ ഉണ്ടായില്ലെങ്കിൽ ചൂട് ഇനിയും ഉയരും. ഇത് പകൽ നേരങ്ങളിൽ തെരുവിലിറങ്ങേണ്ടിവരുന്നവർക്ക് സൂര്യാതപവും  സൂര്യാഘാതവും ഏൽക്കാൻ ഇടവരുത്തും. 2019 മാർച്ച് 25നാണ് ജില്ലയിൽ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. 40.4 ഡിഗ്രിയാണ് അന്നത്തെ താപനില. മാർച്ച്, ഏപ്രിലിൽ മഴ ലഭിച്ചില്ലെങ്കിൽ താപനില ഉയരുമെന്ന് വിദഗ്‌ധർ വ്യക്തമാക്കി. Read on deshabhimani.com

Related News