യൂത്തിനെ പിടിക്കാന്‍ ടിവിഎസ് റെയിഡർ; ആദ്യമായി എക്കോ, പവര്‍ മോഡുകള്‍
ഒരു കമ്യൂട്ടർ മോട്ടോർ സൈക്കിൾ വിപണിയിൽ ഇറക്കുന്ന കമ്പനിയുടെ ആർ ആൻഡ് ഡി ഡിപ്പാർട്ട്മെന്റ് ആദ്യം ലക്ഷ്യമിടുന്നത് വാഹനത്തിന്റെ ഇന്ധനക്ഷമതയാണ്. ഏറ്റവും നല്ല മൈലേജ് തരുന്ന വാഹനം കൂടുതൽ വിറ്റഴിയുന്നു. ഈ വാഹനങ്ങളുടെ സ്റ്റൈലിങ്ങിന് കൂടുതൽ പ്രാധാന്യം കൊടുത്തിരുന്നില്ല എന്നുതന്നെ പറയാം. കുറഞ്ഞ പരിപാലനച്ചെലവും ഇന്ധനക്ഷമതയും സഹിക്കാവുന്ന വിലയുമാണ് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിയുന്ന വാഹനത്തിന് മാനദണ്ഡമായി ഇന്നുവരെ നിർമാതാക്കൾ കണ്ടിരുന്നത്. എന്നാലിപ്പോൾ കമ്യൂട്ടിങ് എന്നത് ജോലിസ്ഥലത്തേക്ക് നടത്തുന്ന വിരസമായ കൃത്യനിർവഹണം മാത്രമല്ല, അതുപക്ഷേ സന്തോഷകരമായ യാത്രകൂടിയാക്കാൻ ടിവിഎസ്, റെയിഡർ വിപണിയിൽ ഇറക്കുന്നു. ജെൻ സെഡ് എന്നു ടിവിഎസ് വിശേഷിപ്പിക്കുന്ന 18 മുതൽ 28 വരെ പ്രായപരിധിയിലുള്ള സ്റ്റൈൽ, ബ്രാൻഡ് കോൺഷ്യസായ യുവജനങ്ങളെയാണ് ടിവിഎസ്, റെയിഡർവഴി ലക്ഷ്യമിടുന്നത്. ടിവിഎസ് റെയിഡർ ഒരു 125സിസി മോട്ടോർ സൈക്കിളാണെങ്കിലും 150 സിസിയോ അതിനുമുകളിലോ ഉള്ള ബൈക്കിന്റെ മതിപ്പാണ് കാഴ്ചയിൽ നൽകുന്നത്. ആദ്യം ഹെഡ്‌ലൈറ്റ് നോക്കാം. സാധാരണയായി ഹൈ കപ്പാസിറ്റി മോട്ടോർ സൈക്കിളിൽ കാണുന്ന ഡിസൈൻ കോൺസെപ്റ്റാണ് റെയിഡറിന്റേത്. എൽഇഡി ഡേ ടൈം റണ്ണിങ് ലാമ്പ് ഹെഡ്‌ലൈറ്റിനെ മൂന്നായി ഭാഗിക്കുന്നു. ത്രികോണ ആകൃതിയിൽ തൊഴുകൈയൻ പുൽച്ചാടി (പ്രയിങ് മാന്റിസ്)യുടെ തലപോലെ തോന്നിക്കുന്ന ഇൻസെക്ട് ഡിസൈനാണ് ഹെഡ്‌ലൈറ്റിന്. തൊട്ടുമുകളിലായി റെയിഡറിനെ പ്രതിനിധാനംചെയ്യുന്ന ആർ ലോഗോയും കാണാം. ഫുൾ ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്ററിൽ താക്കോ മീറ്റർ, സ്പീഡോ മീറ്റർ, ട്രിപ്പ്, റേഞ്ച്, ഫ്യുവൽ ആവറേജ്, റൈഡിങ് മോഡ്, സൈഡ് സ്റ്റാൻഡ് ഇൻഡിക്കേഷൻ മുതലായവ കാണിക്കുന്നു. ഇത്തരം ഡീടെയിലിങ് കമ്യൂട്ടർ സെഗ്മെന്റിൽ അസാധാരണമാണ്. ടെയിൽ ലൈറ്റ് ബൂമെറാങ് ഷെയ്‌പിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ചെത്തിമിനുക്കിയ വലിയ ടാങ്കിൽ സിൽവർ ക്യാപ്. അതിനുമുന്നിൽ യുഎസ്‌ബി പോർട്ട്. സീറ്റ് രണ്ടായി ഭാഗിച്ചിരിക്കുന്നു. പിൻസീറ്റിനടിയിൽ ലോക്ക് ചെയ്യാവുന്ന സ്റ്റോറേജ് സ്പേസുണ്ട്. സാധാരണ എൻട്രി ലെവൽ ബൈക്കുകൾക്കുള്ള ബോറിങ് സീറ്റിങ് പൊസിഷൻ അല്ല റെയിഡറിനുള്ളത്. ദീർഘദൂരസഞ്ചാരം കണക്കിലെടുത്തുകൊണ്ട് അൽപ്പം മുന്നിലേക്ക് ആഞ്ഞിരിക്കുന്ന റൈഡിങ് പൊസിഷനാണ് സെറ്റ് ചെയ്തിരിക്കുന്നത്. ഇതിനായി റാംസിസ് (RAMSIS), എംബിഡി അനാലിസിസുകൾ ഉപയോഗിച്ചിരിക്കുന്നു. അതിവേഗത്തിൽ സ്ഥിരതയുള്ള സ്പോർട് ബൈക്കിന്റെയും സിറ്റിയിൽ നല്ല ഹാൻഡ്‌ലിങ് തരുന്ന കമ്യൂട്ടർ ബൈക്കിന്റെയും സമ്മിശ്ര സ്വഭാവമാണ് റെയിഡറിനുള്ളത്. അഞ്ച് സ്റ്റെപ്പ് അഡ്‌ജസ്റ്റുമെന്റുള്ള ഗ്യാസ് ചാർജ്ഡ് മോണോഷോക്ക് അബ്സോർബെർ പിന്നിലും 120എംഎം ട്രാവലുള്ള ലോ ഫ്രിക്‌ഷൻ ഫ്രണ്ട് ഫോർക്കും ചേർന്ന് സിറ്റി റൈഡിങ്ങിനുപുറമെ ദീർഘദൂരയാത്രയും സുഖകരമാക്കുന്നു. 7500 ആർപിഎമ്മിൽ 8.37 കിലോവാട്ട് (ഏകദേശം 11 ബിഎച്ച്‌പി) ഊർജം ഉൽപ്പാദിപ്പിക്കുന്ന 125 സിസി 3 വോൾട്ട് ഇടിഎഫ്ഐ (എക്കോ ത്രസ്റ്റ് ഫ്യുവൽ ഇഞ്ചക്‌ഷൻ) എൻജിനാണ് റെയിഡറിന് ശക്തിപകരുന്നത്. ഈ എൻജിന്റെ ടോർക് 6000 ആർപിഎമ്മിൽ 11.2 ന്യൂട്ടൻ മീറ്ററാണ്. ഇതിനെ അഞ്ച് സ്പീഡ് ഗീയർ ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. സ്മൂത്ത് ഗീയർ മാറ്റം സിറ്റി റൈഡിങ് അനായാസമാക്കുന്നു. 125 സെഗ്മെന്റിൽ ആദ്യമായി എക്കോ, പവർ എന്നീ രണ്ട് റൈഡിങ് മോഡുകൾ റെയിഡറിൽ ഉപയോഗിക്കുന്നു. ട്യൂൺ ചെയ്ത എക്സ്സോസ്റ്റ് നോട്ട് വേറിട്ടുനിൽക്കുന്നു. കാണാൻ വലുതാണെങ്കിലും ടാങ്ക് കപ്പാസിറ്റി 10 ലിറ്റർ മാത്രമാണ്. ടിവിഎസ് അവകാശപ്പെടുന്ന 67 കിലോമീറ്റർ മൈലേജ് വച്ച് കണക്കുകൂട്ടുമ്പോൾ 670 കിലോമീറ്ററാണ് ഒരു ഫുൾ ടാങ്ക് ഇന്ധനത്തിൽനിന്ന് കിട്ടുന്നത്. ദീർഘദൂരയാത്രയ്ക്ക് ഇത് വളരെയേറെയാണ്. സുരക്ഷയെക്കുറിച്ച് പറയുകയാണെങ്കിൽ, 10000 കോമ്പിനേഷനുള്ള വേവ് ബൈറ്റ് കീയാണ് റെയിഡറിന്റേത്. റെമോറ കോമ്പൗണ്ടുള്ള 100/90 ടയറും മുന്നിൽ 240എംഎം ഡിസ്ക്, പിന്നിൽ 130 എംഎം ഡ്രം ബ്രേക്കും ഒന്നുചേർന്ന് ബ്രേക്കിങ് പെർഫോമൻസ് മെച്ചപ്പെടുത്തുന്നു. ബ്രേക് പെഡൽ റബർകോട്ട് ചെയ്തിരിക്കുന്നതിനാൽ ഹാർഡ് ബ്രേക്കിങ്ങിൽ തെന്നിപ്പോകില്ല. ഈ സെഗ്മെന്റിൽ ആദ്യമായി സൈഡ് സ്റ്റാൻഡ് എൻജിൻ കിൽ ഫീച്ചറുമുണ്ട്. 77,500 രൂപയിൽ എക്സ് ഷോറൂം വില തുടങ്ങുന്ന ടിവിഎസ് റെയിഡർ നാലു നിറങ്ങളിൽ ലഭ്യമാണ്. Read on deshabhimani.com