വീണ്ടും ലെവൻഡോവ്‌സ്‌കി ; ലയണൽ മെസിയെ പിന്തള്ളി ഫിഫയുടെ മികച്ച താരം
സൂറിച്ച് ലയണൽ മെസിയെ മറികടന്ന് റോബർട്ട് ലെവൻഡോവ്‌സ്‌കി ഫിഫയുടെ മികച്ച പുരുഷ ഫുട്‌ബോൾ താരമായി. കഴിഞ്ഞതവണയും ബയേൺ മ്യൂണിക്ക് മുന്നേറ്റക്കാരനായിരുന്നു പുരസ്‌കാരം. സ്‌പെയ്‌നിന്റെയും ബാഴ്‌സലോണയുടെയും മധ്യനിരക്കാരി അലെക്‌സിയ പുറ്റെലസാണ് വനിതാ താരം. ബാലൻ ഡി ഓറും ഈ ഇരുപത്തേഴുകാരി നേടിയിരുന്നു. കഴിഞ്ഞവട്ടം ഇംഗ്ലണ്ടിന്റെ ലൂസി ബ്രോൺസായിരുന്നു ജേത്രി. മെസി, മുഹമ്മദ് സലാ എന്നിവരെ മറികടന്നാണ് ലെവൻഡോവ്‌സ്‌കി പുരസ്‌കാരം നിലനിർത്തിയത്. ഈ വർഷത്തെ ബാലൻ ഡി ഓർ പോരാട്ടത്തിൽ മെസിക്ക് പിന്നിലായിരുന്നു പോളണ്ടുകാരൻ. ബയേണിനായി നടത്തിയ മികച്ച പ്രകടനമാണ് ഫിഫ നേട്ടത്തിൽ മുപ്പത്തിമൂന്നുകാരനെ തുണച്ചത്. 44 കളിയിൽനിന്ന് 51 ഗോളാണ് ലെവൻഡോവ്‌സ്‌കി കുറിച്ചത്. എട്ടവസരങ്ങളും ഒരുക്കി. ബയേണിനായി ജർമൻ ലീഗും ജർമൻ സൂപ്പർ കപ്പും സ്വന്തമാക്കി. ബാഴ്‌സ വനിതാ ടീമിനായി 31 കളിയിൽ 18 ഗോളാണ് പുറ്റെലസ് നേടിയത്. ദേശീയ ടീമുകളുടെ പരിശീലകർ, മാധ്യമ പ്രവർത്തകർ, ആരാധകർ എന്നിവർ ചേർന്നുള്ള വോട്ടെടുപ്പിലാണ് വിജയികളെ കണ്ടെത്തിയത്. രാജ്യാന്തര ഗോളടിയിൽ മുന്നിലെത്തിയ ക്രിസ്‌റ്റ്യാനോ റൊണാൾഡോയ്‌ക്ക് പ്രത്യേക പുരസ്‌കാരം ലഭിച്ചു. വനിതാ പരിശീലക: എമ്മ ഹെയ്‌സ് (ചെൽസി). പുരുഷ പരിശീലകൻ: തോമസ് ടുഷെൽ (ചെൽസി). വനിതാ ഗോളി: ക്രിസ്റ്റ്യാനെ എൻഡ്‌ലെർ *(പിഎസ്‌ജി/ചിലി). പുരുഷ ഗോളി: എഡ്വേർഡ് മെൻഡി (ചെൽസി/സെനെഗൽ). മികച്ച ഗോളിനുള്ള പുസ്‌കാസ് പുരസ്‌കാരം: എറിക് ലമേല (ടോട്ടനം ഹോട്‌സ്‌പർ). ഫെയർ പ്ലേ: ഡെൻമാർക് ടീം, മെഡിക്കൽ സംഘം. Read on deshabhimani.com