ഖത്തർ ലോകകപ്പ് : വിറ്റുപോയത് 24.5 ലക്ഷം ടിക്കറ്റുകൾ ; ബ്രസീൽ 
ടിക്കറ്റിന് പ്രിയം



ദോഹ ഖത്തർ ഫുട്ബോൾ ലോകകപ്പിൽ ബ്രസീലിന്റെ കളികളുടെ ടിക്കറ്റിനായി ഇടി. രണ്ടാംഘട്ട വിൽപ്പന അവസാനിച്ചപ്പോൾ ബ്രസീലിന്റെ ഗ്രൂപ്പ് മത്സരങ്ങളുടെ ടിക്കറ്റിനാണ് ആവശ്യക്കാരേറെ. 48 ഗ്രൂപ്പ് മത്സരങ്ങളുള്ളതിൽ അഞ്ചു കളികൾക്കാണ് കൂടുതൽപേർ ടിക്കറ്റെടുത്തത്. അതിൽ രണ്ടെണ്ണം ബ്രസീലിന്റെ കളികളാണ്. നവംബർ 24ന് രാത്രി 12.30ന് സെർബിയക്കെതിരെയും ഡിസംബർ രണ്ടിന് രാത്രി 12.30ന് കാമറൂണിന് എതിരെയുമുള്ള പോരാട്ടങ്ങൾക്ക്‌ ആരാധകർ ഇരച്ചെത്തും. പോർച്ചുഗൽ–--ഉറുഗ്വേ (നവംബർ 28 രാത്രി 12.30), ജർമനി–-കോസ്റ്ററിക്ക (ഡിസംബർ ഒന്ന് രാത്രി 12.30), ഡെൻമാർക്ക്–-ഓസ്ട്രേലിയ (നവംബർ 30 രാത്രി 8.30) എന്നീ കളികളുടെയും ടിക്കറ്റുകൾ വൻതോതിൽ വിറ്റുപോയി. ഇതുവരെ 24.5 ലക്ഷംപേർ ലോകകപ്പിന് ടിക്കറ്റെടുത്തതായാണ് ഫിഫയുടെ കണക്ക്. അഞ്ചുലക്ഷം ടിക്കറ്റുകൾകൂടി കാണികൾക്ക് ലഭ്യമാകും. 30 ലക്ഷം ടിക്കറ്റുകളാണ് ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്കായി നീക്കിവച്ചത്. അടുത്തമാസം അവസാനത്തോടെ മൂന്നാംഘട്ട വിൽപ്പന ആരംഭിക്കും. അത് ലോകകപ്പുവരെ തുടരാനാണ് സാധ്യത. ആദ്യമെടുക്കുന്നവർക്ക് ആദ്യമെന്ന രീതിയിലായിരിക്കും വിൽപ്പന. ഒന്നാംഘട്ടത്തിൽ 18 ലക്ഷം പേരാണ് ടിക്കറ്റെടുത്തത്. ജൂലൈ അഞ്ചുമുതൽ ആഗസ്ത് 16 വരെ നീണ്ട രണ്ടാംഘട്ടത്തിൽ 5,20,532 ടിക്കറ്റുകൾ വിറ്റുപോയി. ഒമ്പതു രാജ്യങ്ങളിലെ ആരാധകരാണ് ടിക്കറ്റിനായി തിരക്ക് കൂട്ടിയത്. ആതിഥേയരായ ഖത്തറും ആരാധകരുടെ പ്രിയപ്പെട്ട അർജന്റീനയും ബ്രസീലും അതിൽ ഉൾപ്പെടുന്നു. അമേരിക്ക, ഇംഗ്ലണ്ട്, സൗദി അറേബ്യ, മെക്സിക്കോ, യുഎഇ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽനിന്ന്‌ കൂടുതൽ ആരാധകർ ടിക്കറ്റെടുത്തു. Read on deshabhimani.com

Related News