ട്രാക്കിനുപുറത്തെ കൂട്ടുകാരി ; ലിഡിയ ഡി വേഗയെ പി ടി ഉഷ ഓർക്കുന്നു
ലിഡിയ ട്രാക്കിൽ എതിരാളിയായിരിക്കുമ്പോൾത്തന്നെ പുറത്ത് നല്ല സുഹൃത്തായിരുന്നു. ആ സൗഹൃദത്തിന്റെ ഓർമയ്ക്കായി ഞാനെന്റെ അമ്മാവന്റെ മകൾക്ക് ലിഡിയ എന്ന് പേരിട്ടു. പക്ഷേ ട്രാക്കിൽ ഇറങ്ങിയാൽ ഒരു കൂട്ടുമില്ല. പൊരിഞ്ഞ മത്സരമാണ്. അക്കാലത്ത് ഏഷ്യയിലെ വേഗക്കാരിയെ കണ്ടെത്താനുള്ള മത്സരത്തിൽ ഞങ്ങൾ പൊരുതി. 100 മീറ്ററിൽ അവൾ വിജയം നേടിയാലും 200 മീറ്റർ ഞാനൊരിക്കലും വിട്ടുകൊടുത്തില്ല. കാഴ്‌ചയ്ക്കും പെരുമാറ്റത്തിലും നല്ല സ്‌മാർട്ടായിരുന്നു. മുടിയൊക്കെ പിന്നിയിട്ട് സ്‌റ്റൈലായിട്ടാണ് ട്രാക്കിലെത്തുക. അവളുടെ അച്ഛനും കൂടെയുണ്ടാവും. അദ്ദേഹം ഒരിക്കൽ ഒരു മാല സമ്മാനമായിത്തന്നത് ഓർമയുണ്ട്. ഡൽഹിയിൽ 1982ൽ നടന്ന ഏഷ്യൻ ഗെയിംസിൽ 100 മീറ്റർ സ്വർണം അവൾക്കായിരുന്നു. 1986ൽ സോളിലും 100 മീറ്റർ വിജയം ആവർത്തിച്ചു. 200 മീറ്റർ ഞാൻ നേടി. 1983ലെ കുവൈത്ത് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 400 മീറ്ററിൽ ഞാൻ സ്വർണം നേടിയപ്പോൾ അവൾ മൂന്നാമതായി. രണ്ടുവർഷംകഴിഞ്ഞ് ജക്കാർത്തയിൽ 100 മീറ്റർ സ്വർണം എനിക്കായിരുന്നു. ട്രാക്ക് വിട്ടശേഷം അധികം കേൾക്കാതായി. ബുധനാഴ്‌ച രാത്രി ഫോണിലേക്കുവന്ന ഒരു ഫോട്ടോ എന്നെ സങ്കടപ്പെടുത്തി. ഞാനും അവളും ചേർന്നുള്ള ഫോട്ടോക്കൊപ്പം അവളുടെ മരണവിവരമായിരുന്നു. ഒരുനിമിഷം എന്റെ ഓർമകൾ പിറകിലേക്കുപോയി. Read on deshabhimani.com