അഫ്‌ഗാനുമെത്തി ; തുടങ്ങി ലോകകപ്പ് ആരവം , പാകിസ്ഥാൻ ടീം ഇന്നെത്തും
തിരുവനന്തപുരം ഏകദിന ക്രിക്കറ്റ് ലോകകപ്പ് സന്നാഹമത്സരത്തിലെ ആദ്യപോരാട്ടത്തിനുള്ള ഇരുടീമുകളും എത്തിയതോടെ കേരളത്തിലും ആരവം തുടങ്ങി. ദക്ഷിണാഫ്രിക്കയ്‌ക്കുപിന്നാലെ അഫ്‌ഗാനിസ്ഥാൻ ടീമും തലസ്ഥാനത്തെത്തി. വെള്ളിയാഴ്‌ചയാണ് ഇരുടീമുകളുടെയും മത്സരം. ദക്ഷിണാഫ്രിക്ക തിങ്കളാഴ്‌ചയും അഫ്‌ഗാനിസ്ഥാൻ ചൊവ്വാഴ്‌ചയുമാണ് എത്തിയത്. ഇരുടീമുകളും ദുബായിൽനിന്നാണ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. ദക്ഷിണാഫ്രിക്ക ടീം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങി. ഗ്രീൻഫീൽഡ് സ്‌റ്റേഡിയം, തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജ് സ്‌റ്റേഡിയം എന്നിവിടങ്ങളിലാണ് പരിശീലനസൗകര്യം ഒരുക്കിയിരിക്കുന്നത്. ഓസ്‌ട്രേലിയ, നെതർലൻഡ്‌സ് ടീമുകൾ വ്യാഴാഴ്‌ചയും ന്യൂസിലൻഡ് ശനിയാഴ്‌ചയും ഇന്ത്യ ഞായറാഴ്‌ചയും എത്തും. 30ന് ഓസ്‌ട്രേലിയയും നെതർലൻഡ്‌സും ഒക്ടോബർ രണ്ടിന് ന്യൂസിലൻഡും ദക്ഷിണാഫ്രിക്കയും മൂന്നിന് ഇന്ത്യയും നെതർലൻഡ്‌സും സന്നാഹ മത്സരങ്ങൾ കളിക്കും. പാകിസ്ഥാൻ ടീം ഇന്നെത്തും ഏകദിന ക്രിക്കറ്റ് ലോകകപ്പിനായി പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഇന്ന് ഇന്ത്യയിലെത്തും. ദുബായ് വഴി ഹൈദരാബാദിലാണ് ടീം എത്തിച്ചേരുക. കഴിഞ്ഞദിവസമാണ് ടീമംഗങ്ങൾക്ക് വിസ അനുവദിച്ചത്. പാക് ടീം ക്യാപ്‌റ്റൻ ബാബർ അസം ഉൾപ്പെടെ ഭൂരിപക്ഷം കളിക്കാരും ആദ്യമായാണ് ഇന്ത്യയിൽ കളിക്കാനെത്തുന്നത്. നിലവിൽ ടീമിലുള്ളവരിൽ മുഹമ്മദ് നവാസും ആഗ സൽമാനുംമാത്രമാണ് ഇതിനുമുമ്പ് ഇന്ത്യയിൽ കളിച്ചിട്ടുള്ളത്. 2016ലെ ട്വന്റി 20 ലോകകപ്പിലായിരുന്നു അത്. പരിക്കുകാരണം ബാബറിന് എത്താനായില്ല. രണ്ട് സന്നാഹമത്സരങ്ങളാണ് പാകിസ്ഥാന്. 29ന് ന്യൂസിലൻഡുമായാണ് ആദ്യ കളി. ഒക്‌ടോബർ മൂന്നിന് ഓസ്‌ട്രേലിയയുമായും കളിക്കും. ഒക്ടോബർ ആറിന് നെതർലൻഡ്‌സുമായാണ് ലോകകപ്പിലെ ആദ്യകളി. പതിനാലിന് ഇന്ത്യയുമായി കളിക്കും. ഏഷ്യാകപ്പിലെ തോൽവിക്കൊപ്പം യുവ പേസർ നസീം ഷാ പരിക്കേറ്റ് പുറത്തായത് പാകിസ്ഥാനെ ക്ഷീണിപ്പിച്ചിട്ടുണ്ട്. ഹസരങ്ക ഇല്ലാതെ ലങ്ക ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള പതിനഞ്ചംഗ ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക. പരിക്കേറ്റ ഓൾറൗണ്ടർ വണിന്ദു ഹസരങ്കയും പേസർ ദുശ്‌മന്ദ ചമീരയും ഉൾപ്പെട്ടിട്ടില്ല. ദാസുൺ ഷനക നയിക്കുന്ന ടീമിൽ പരിക്കിന്റെ പിടിയിലുള്ള മഹീഷ് തീക്ഷണ, ദിൽഷൻ മധുഷനക, ലാഹിരു കുമാര എന്നിവർ ഇടംപിടിച്ചു. ഫോമിൽ ഇല്ലാത്ത ഷനകയെ ക്യാപ്‌റ്റൻസ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും സെലക്ടർമാർ മുപ്പത്തിരണ്ടുകാരനിൽ വിശ്വസിച്ചു. 1996ൽ ചാമ്പ്യൻമാരായ ലങ്കയുടെ ലോകകപ്പിലെ ആദ്യ കളി ഒക്‌ടോബർ ഏഴിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ്. Read on deshabhimani.com