‘സിറ്റി ഓഫ്‌ ജോയ്‌’ ; മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ 
ചാമ്പ്യന്മാർ

image credit Premier League twitter


ലണ്ടൻ ചാരത്തിൽനിന്ന്‌ മാഞ്ചസ്റ്റർ സിറ്റി പറന്നുയർന്നു, ഫീനിക്‌സ്‌ പക്ഷിയെപ്പോലെ. ആസ്റ്റൺ വില്ലയെ 3–-2ന്‌ മറികടന്ന്‌ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോൾ കിരീടം നിലനിർത്തി, സിറ്റി. അഞ്ചുമിനിറ്റിനിടെ മൂന്ന്‌ ഗോളടിച്ചാണ്‌ പെപ്‌ ഗ്വാർഡിയോളയും കൂട്ടരും ഇത്തിഹാദിൽ ഉയർത്തെഴുന്നേറ്റത്‌. 69 മിനിറ്റുവരെ സ്വന്തംതട്ടകത്തിൽ രണ്ട്‌ ഗോളിനുപിന്നിലായിരുന്നു. കിരീടപ്പോരിൽ ഒപ്പമുണ്ടായിരുന്ന ലിവർപൂൾ വൂൾവറാംപ്‌ടൺ വാണ്ടറേഴ്‌സിനെ 3–-1ന്‌ തോൽപ്പിച്ചെങ്കിലും കാര്യമുണ്ടായില്ല. 38 കളി പൂർത്തിയായപ്പോൾ സിറ്റി–-93, ലിവർപൂൾ–-92. ഒറ്റ പോയിന്റിന്റെ വ്യത്യാസത്തിൽ സിറ്റി ആഘോഷിച്ചു. ഗ്വാർഡിയോളയ്ക്കുകീഴിൽ അഞ്ച്‌ സീസണുകൾക്കിടെ നാലാം ലീഗ്‌ കിരീടം. സ്‌പാനിഷുകാരനുകീഴിൽ ആകെ 11 ട്രോഫികളായി സിറ്റിക്ക്‌. നോർവിച്ച്‌ സിറ്റിയെ അഞ്ച്‌ ഗോളിന്‌ തകർത്ത്‌ ടോട്ടനം ഹോട്‌സ്‌പർ നാലാംസ്ഥാനവും ചാമ്പ്യൻസ്‌ ലീഗ്‌ ബർത്തും ഉറപ്പിച്ചു. ന്യൂകാസിൽ യുണൈറ്റഡിനോട്‌ 1–-2ന്‌ വീണ്‌ ബേൺലി പുറത്തായി. മാറ്റി കാഷിലൂടെയും ഫിലിപ്പെ കുടീന്യോയിലൂടെയുമാണ്‌ വില്ല സിറ്റിയെ ഞെട്ടിച്ചത്‌. സിറ്റി രണ്ട്‌ ഗോളിന്‌ പിറകിലായതോടെ വൂൾവ്‌സിനെ നേരിടുന്ന ലിവർപൂളിന്‌ പ്രതീക്ഷയായി. 1–-1 എന്ന സ്‌കോറായിരുന്നു രണ്ടാംപകുതിയിൽ. ഒരു ഗോൾകൂടി നേടിയാൽ കിരീടം തൊടാം. സിറ്റി തിരിച്ചുവരില്ലെന്നായിരുന്നു ലിവർപൂളിന്റെ കണക്കുക്കൂട്ടൽ. എന്നാൽ, ഇകായ്‌ ഗുൺഡോവൻ രണ്ടടിച്ച്‌ സിറ്റിയെ വില്ലയ്ക്ക് ഒപ്പമെത്തിച്ചു. പിന്നാലെ റോഡ്രിയുടെ വിജയഗോളും. Read on deshabhimani.com

Related News