ലാ പാസ്‌ കടന്ന്‌ അർജന്റീന ; ബ്രസീൽ രക്ഷപ്പെട്ടു

image credit FIFA World Cup facebook


ലാ പാസ്‌ ബൊളീവിയയിലെ ലാ പാസ്‌ സ്‌റ്റേഡിയത്തിൽ അർജന്റീന വിജയംകണ്ടു. മൂന്ന്‌ ഗോളിന്‌ ലോക ചാമ്പ്യൻമാർ ആതിഥേയരെ കീഴടക്കി. പരിക്കുള്ള ലയണൽ മെസിയില്ലാതെയാണ്‌ അർജന്റീന ഇറങ്ങിയത്‌. മറ്റൊരു മത്സരത്തിൽ ബ്രസീൽ അവസാന നിമിഷം പെറുവിനെ 1–-0ന്‌ മറികടന്നു. ലാറ്റിനമേരിക്കൻ മേഖലയിലെ ലോകകപ്പ്‌ യോഗ്യതാ റൗണ്ടിൽ തുടർച്ചയായ രണ്ടാംജയമാണ്‌ ഇരുടീമുകളും കുറിച്ചത്‌. അതേസമയം, മാഴ്‌സെലോ ബിയേൽസ പരിശീലിപ്പിക്കുന്ന ഉറുഗ്വേ ഇക്വഡോറിനോട്‌ തോറ്റു (1–-2). വിരുന്നെത്തുന്ന ടീമുകളുടെ പേടിസ്വപ്‌നമായ ലാ പാ സ്‌റ്റേഡിയത്തിൽ ലയണൽ സ്‌കലോണിയുടെ അർജന്റീന ആധികാരിക പ്രകടനമാണ്‌ നടത്തിയത്‌. സമുദ്രനിരപ്പിൽ 3637 മീറ്റർ ഉയരത്തിലുള്ള ലാ പാസിൽ കളിക്കാർക്ക്‌ പന്ത്‌ തട്ടാൻ പ്രയാസമാണ്‌. ശ്വാസതടസ്സവും ക്ഷീണവും കാരണം കളിക്കാർ ബുദ്ധിമുട്ടുന്നത്‌ പതിവായിരുന്നു. ഇക്കുറി കൈയിൽ ഓക്‌സിജൻ ട്യൂബുമായാണ്‌ അർജന്റീന കളിക്കാർ ലാ പാസിലേക്ക്‌ വിമാനം കയറിയത്‌. മെസിയുടെ അഭാവം അവരെ ബാധിച്ചില്ല. പകരം നയിച്ച എയ്‌ഞ്ചൽ ഡി മരിയ മിന്നുന്ന കളി പുറത്തെടുത്തു. രണ്ട്‌ ഗോളിനാണ്‌ ഡി മരിയ അവസരമൊരുക്കിയത്‌. യുവതാരം എൺസോ ഫെർണാണ്ടസ്‌, നിക്കോളാസ്‌ താഗ്ലിയാഫിക്കോ, നിക്കോളാസ്‌ ഗൊൺസാലസ്‌ എന്നിവർ ഗോൾ നേടി. ബൊളീവിയയുടെ റോബെർട്ടോ ഫെർണാണ്ടസ്‌ ചുവപ്പുകാർഡ്‌ കണ്ട്‌ പുറത്തായി. ലാ പാസിൽ അർജന്റീനയ്‌ക്ക്‌ നല്ല ഓർമകൾ കുറവാണ്‌. 2020ൽ 2–-1ന്‌ മെസിയും കൂട്ടരും ജയിച്ചിരുന്നു. 2018 ലോകകപ്പ്‌ യോഗ്യതയിൽ രണ്ട്‌ ഗോളിന്‌ തോറ്റു. 2014ൽ 1–-1ന്റെ സമനില. 2009ലാണ്‌ കനത്ത തോൽവി. ദ്യേഗോ മാറഡോണ പരിശീലിപ്പിച്ച സംഘം 1–-6നാണ്‌ തകർന്നടിഞ്ഞത്‌. പെറുവിനെതിരെ ബ്രസീൽ സമനില ഭീഷണിയിലായിരുന്നു. പരിക്കുസമയത്ത്‌ പ്രതിരോധക്കാരൻ മാർക്വീന്യോസിന്റെ ഗോൾ രക്ഷിച്ചു. നെയ്‌മറുടെ കോർണറിൽനിന്നായിരുന്നു തുടക്കം. ആദ്യകളിയിൽ നെയ്‌മറുടെ മികവിൽ 5–-1ന്‌ ബൊളീവിയയെ തകർത്തിരുന്നു. ചിലി–-കൊളംബിയ മത്സരം ഗോളില്ലാതെ അവസാനിച്ചു. വെനസ്വേല ഒരു ഗോളിന്‌ പരാഗ്വേയെ വീഴ്‌ത്തി. ഫെലിക്‌സ്‌ ടോറെസിന്റെ ഇരട്ടഗോളിലാണ്‌ ഇക്വഡോർ ഉറുഗ്വേയ്‌ക്കെതിരെ ജയം സ്വന്തമാക്കിയത്‌. ജയിച്ചെങ്കിലും പോയിന്റില്ല ഇക്വഡോറിന്‌. കളിക്കാരന്റെ ജനന സർട്ടിഫിക്കറ്റിൽ കൃത്രിമത്വം കാണിച്ചതിന്‌ മൂന്ന്‌ പോയിന്റ്‌ പിഴശിക്ഷ കിട്ടിയിരുന്നു ഇക്വഡോറിന്‌. ഗോൾ വ്യത്യാസത്തിൽ ബ്രസീലാണ്‌ പോയിന്റ്‌ പട്ടികയിൽ ഒന്നാമത്‌. അർജന്റീന രണ്ടാമതും. ഒക്‌ടോബറിലാണ്‌ അടുത്ത മത്സരങ്ങൾ. Read on deshabhimani.com

Related News