ദേശീയ ഗെയിംസ്‌ : കേരളത്തിന് ഇരട്ടത്തിളക്കം ; രണ്ട് സ്വർണമുൾപ്പെടെ അഞ്ച് മെഡൽ

ദേശീയ ഗെയിംസ് സ്-കേറ്റ് ബോർഡിങ് പാർക്ക് വിഭാഗത്തിൽ സ്വർണം നേടുന്ന കേരളത്തിന്റെ വിദ്യാദാസ്/ ഫോട്ടോ: പി വി സുജിത്


അഹമ്മദാബാദ് ദേശീയ ഗെയിംസിൽ നിലവിലെ രണ്ടാംസ്ഥാനക്കാരായ കേരളം മെഡൽ കൊയ്‌ത്ത്‌ തുടങ്ങി. ആദ്യം വെങ്കലം, പിന്നെ വെള്ളി, അവസാനം രണ്ട്‌ സ്വർണവും ഒരു വെങ്കലവും. ആദ്യദിനം അഞ്ച്‌ മെഡൽ. ഫെൻസിങ്ങിൽ ജോസ്‌ന ക്രിസ്റ്റി ജോസിന്റെ വെങ്കലമായിരുന്നു ആദ്യം. തൊട്ടുപിന്നാലെ ട്രിപ്പിൾജമ്പ് പിറ്റിൽ എ ബി അരുൺ വെള്ളി നേടി. റോളർ സ്‌കേറ്റിങ് ട്രാക്കിൽ അഭിജിത് അമൽരാജാണ് ആദ്യ സ്വർണം സമ്മാനിച്ചത്. തൊട്ടുപിന്നാലെ വിദ്യാദാസ് സ്വർണം നേടി ഇരട്ടിമധുരം സമ്മാനിച്ചു. എസ് വിനീഷിന്‌ വെങ്കലവും കിട്ടി. സ്വർണ സ്കേറ്റിങ് പുരുഷ റോളർ ആർട്ടിസ്‌റ്റിക്കിലെ ഫിഗർ സ്‌കേറ്റിങ് വിഭാഗത്തിലാണ് അഭിജിത് അമൽരാജിന്റെ സ്വർണനേട്ടം. പത്തനംതിട്ട സ്വദേശിയായ അഭിജിത് 11 വർഷമായി ദേശീയ ചാമ്പ്യനാണ്. 2019ൽ ഇന്റർനാഷനൽ ജൂനിയർ ചാമ്പ്യനുമായി. എസ് ബിജുവാണ് പരിശീലകൻ. വനിതാ സ്‌കേറ്റ് ബോർഡിങ് പാർക്കിലാണ് വിദ്യാദാസ് സുവർണനേട്ടം കൈവരിച്ചത്. പുരുഷ സ്‌കേറ്റ് ബോർഡിങ് പാർക്കിലാണ് വിനീഷിന്‌ വെങ്കലം. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശികളായ വിദ്യയുടെയും വിനീഷിന്റെയും പരിശീലകൻ വിനീതാണ്. അത്‌ലറ്റിക്‌സിൽ വെള്ളി അത്‌ലറ്റിക്‌സിൽ ആദ്യദിവസം ഒമ്പത്‌ ഫൈനലുകൾ നടന്നെങ്കിലും കേരളത്തിന്‌ ഒറ്റ വെള്ളിമാത്രമാണ്‌ കിട്ടിയത്‌. ട്രിപ്പിൾജമ്പിൽ 16.08 മീറ്റർ ദൂരംചാടി അരുൺ വെള്ളി സ്വന്തമാക്കി. ഗാന്ധിനഗർ ഐഐടി ക്യാമ്പസിലെ ജമ്പിങ്പിറ്റിൽ, അവസാനശ്രമത്തിലാണ് നേവിതാരമായ അരുൺ മെഡൽ നേടിയത്‌. അതുവരെ രണ്ടാംസ്ഥാനത്തുണ്ട യിരുന്ന പഞ്ചാബിന്റെ അർപിന്ദർ സിങ്ങിനെയാണ്‌ (15.97 മീറ്റർ) മറികടന്നത്. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിയാണ്. തമിഴ്നാടിന്റെ പ്രവീൺ ചിത്രവേൽ ഗെയിംസ് റെക്കോഡോടെ സ്വർണം നേടി (16.68 മീറ്റർ). ഗുജറാത്തിലെ കനത്തചൂടിനെ അതിജീവിക്കാൻ മറ്റ്‌ ഇനങ്ങളിലിറങ്ങിയ കേരള താരങ്ങൾക്കായില്ല. വനിതാ ഹൈജമ്പിൽ കേരളത്തിന്റെ എയ്ഞ്ചൽ പി ദേവസ്യ 1.74 മീറ്റർ താണ്ടി അഞ്ചാമതായി. സ്വർണം നേടിയ സ്വപ്ന ബർമൻ 1.83 മീറ്റർ ചാടി ഗെയിംസ് റെക്കോഡിട്ടു. 2001ൽ ബോബി അലോഷ്യസ് സ്ഥാപിച്ച 1.82 മീറ്ററാണ് മറികടന്നത്. പുരുഷന്മാരുടെ 400 മീറ്ററിൽ കേരളത്തിന്റെ രാഹുൽ ബേബി ഫൈനലിലേക്ക് യോഗ്യത നേടി. വനിതകളിൽ ആർ ആരതി ഫൗൾ സ്‌റ്റാർട്ടായി. 100 മീറ്ററിൽ മത്സരിക്കാനിറങ്ങിയ കേരളതാരങ്ങളും ഫൈനൽ കാണാതെ പുറത്തായി. ജോസ്‌നയ്ക്ക്‌ വെങ്കലം ഫെൻസിങ്ങിൽ ജോസ്‌ന ക്രിസ്‌റ്റി ജോസഫ്‌ വെങ്കലം നേടി. സാബ്രെ വിഭാഗം ക്വാർട്ടറിൽ തമിഴ്നാടിന്റെ ബെനിക് ക്യൂബയെ തോൽപ്പിച്ച് സെമിയിൽ കടന്നെങ്കിലും ഫൈനലിലേക്ക് മുന്നേറാനായില്ല. ഗാന്ധിനഗറിലെ മഹാത്മ മന്ദിർ സ്റ്റേഡിയത്തിൽ നടന്ന സെമിയിൽ തമിഴ്നാടിന്റെ ഒളിമ്പ്യൻ ഭവാനിദേവി ജോസ്‌നയെ തോൽപ്പിച്ചു. സെമിയിൽ എത്തിയാൽ വെങ്കലം ലഭിക്കും. കേരളത്തിന്റെ അൽക വി സണ്ണി ക്വാർട്ടറിൽ മണിപ്പുരിന്റെ അബിദേവിയോട് തോറ്റു. ജോസ്‌ന വയനാട് മീനങ്ങാടി വഴവറ്റ സ്വദേശിയാണ്. കണ്ണൂർ ജില്ലാ പൊലീസ് സൂപ്രണ്ട് ഓഫീസിലെ ക്ലർക്കാണ്. 2015 ദേശീയ ഗെയിംസിൽ ടീം ഇനത്തിൽ സ്വർണം നേടിയതിന് കിട്ടിയ ജോലിയാണ്. കോമൺവെൽത്ത് ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ ടീം ഇനത്തിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ ടീമിലും അംഗമായിരുന്നു. ശ്രീശങ്കർ ഇന്ന്‌ ഇറങ്ങും ഇന്ന് 12 ഇനങ്ങളിൽ ഫൈനൽ നടക്കും. പുരുഷന്മാരുടെ ലോങ്ജമ്പിൽ എം ശ്രീശങ്കർ, വൈ മുഹമ്മദ് അനീസ് എന്നിവർ മത്സരിക്കും. കേരള ടീം ക്യാപ്റ്റനും കോമൺവെൽത്ത് വെള്ളിമെഡൽ ജേതാവുമായ ശ്രീശങ്കർ കേരളത്തിന്റെ ഉറച്ച മെഡൽ പ്രതീക്ഷയാണ്. പോൾവോൾട്ടിൽ മരിയ ജയ്‌സൺ, ദിവ്യ മോഹൻ, രേഷ്മ രവീന്ദ്രൻ എന്നിവരും 4 x 100 റിലേയിൽ പുരുഷ–-വനിത ടീമും ഇറങ്ങും. വേഗമേറിയ പുരുഷ–--വനിത താരങ്ങളെയും ഇന്നറിയാം. Read on deshabhimani.com

Related News