മാഞ്ചസ്റ്റർ സിറ്റി ട്രെബിൾ ട്രോഫി ടൂറിനെ ആവേശത്തോടെ വരവേറ്റ് കൊച്ചി



കൊച്ചി> മാഞ്ചസ്റ്റർ സിറ്റി എഫ്‌സി സെപ്തംബർ 22ന് കൊച്ചിയിൽ തുടങ്ങിയ ട്രെബിൾ ട്രോഫി ടൂർ ആരാധകർക്കായുള്ള ലൈവ് മാച്ച് സ്‌ക്രീനിങോടെ സമാപിച്ചു. സീസണിൽ ക്ലബ്ബ് നേടിയ ഇംഗ്ലീഷ് പ്രിമീയർ ലീഗ് ട്രോഫി, എഫ്എ കപ്പ്, യുവേഫ ചാംപ്യൻസ് ലീഗ് ട്രോഫി എന്നിവയ്‌ക്കൊപ്പം യുവേഫ സൂപ്പർ കപ്പും കേരളത്തിലെ ആരാധകർക്കായി പ്രദർശിപ്പിച്ചു. ക്ലബ്ബിന്റെ ഇതിഹാസ താരം നെഡും ഒനൂഹോയും ട്രോഫിയെ അനുഗമിച്ചു. സിറ്റിസെൺസിന്റെ ആദ്യ ട്രെബിൾ വിജയം നേടിയ നാല് ട്രോഫികൾ വേമ്പനാട് കായലിന്റെ മനോഹരമായ തീരത്താണ് ആദ്യ ദിവസം പ്രദർശിപ്പിച്ചത്. 23ന് കൊച്ചിയിലെ ലുലു ആട്രിയം മാളിലും ട്രോഫികൾ പ്രദർശിപ്പിച്ചു. നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരായ മാഞ്ചസ്റ്റർ സിറ്റിയുടെ പ്രീമിയർ ലീഗ് മത്സരത്തിന്റെ തത്സമയ സ്‌ക്രീനിങും ആരാധകരിൽ ആവേശം സൃഷ്ടിച്ചു. മത്സരം 2-0ന് മാഞ്ചസ്റ്റർ ജയിച്ചതോടെ ആരാധകരുടെ ആവേശം ഇരട്ടിയായി. ട്രോഫികൾ കാണാൻ രാത്രിവരെ മാളിലേക്ക് ആരാധകരുടെ ഒഴുക്കായിരുന്നു. ഇന്ത്യൻ ആരാധകർക്ക് മാഞ്ചസ്റ്റർ സിറ്റി ഇതിഹാസം നെഡും ഒനൂഹയുമായി സംവദിക്കാനുള്ള അപൂർവ അവസരവും ഇവിടെ ലഭിച്ചു. സിറ്റിസെൺസ് അക്കാദമിയിലൂടെ വന്ന് ക്ലബ്ബിൽ എട്ട് വർഷ കരിയറിൽ 95 മത്സരങ്ങളിലാണ് ഒനൂഹ ബൂട്ടണിഞ്ഞത്. കൊച്ചി ആരാധകരുടെ ആവേശവും അഭിനിവേശവും അതിശയിപ്പിക്കുന്നതായിരുന്നുവെന്ന് ആരാധകരുടെ സ്വീകരണത്തെ കുറിച്ച് സംസാരിച്ച ഒനൂഹ പറഞ്ഞു.  മാഞ്ചസ്റ്റർ സിറ്റി തീർച്ചയായും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും പിന്തുണക്കാരുള്ള ഒരു ആഗോള ക്ലബ്ബായി മാറിയിരിക്കുന്നു, ഇത് സമീപ വർഷങ്ങളിലെ ക്ലബ്ബിന്റെ വിജയത്തിന്റെ തെളിവാണ്. ഇന്ത്യയിലെ ഞങ്ങളുടെ വിശ്വസ്തരായ ആരാധകരുമായി ബന്ധപ്പെടാനുള്ള മികച്ച അവസരമാണ് ട്രെബിൾ ട്രോഫി ടൂർ നൽകിയത്, മുംബൈയിൽ ഞങ്ങളുടെ കൂടുതൽ ആരാധകരെ നേരിൽകാണാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിറ്റി ഫുട്‌ബോൾ ഗ്രൂപ്പിന്റെ (സിഎഫ്ജി) ഭാഗമായ മുംബൈ സിറ്റി എഫ്‌സിയുടെ തട്ടകമായ മുംബൈ നഗരത്തിലാണ് കൊച്ചിയെ കൂടാതെ ഇന്ത്യയിൽ ട്രെബിൾ ട്രോഫി പ്രദർശിപ്പിക്കുന്നത്.     Read on deshabhimani.com

Related News