തുടർച്ചയായ രണ്ടാം മത്സരത്തിലും കുറഞ്ഞ ഓവർ നിരക്ക്‌; സഞ്ജു സാംസണ്‌ 24 ലക്ഷം പിഴ



ദുബായി > ഇന്ത്യൻ ക്രിക്കറ്റ്‌ പ്രീമിയർ ലീഗിൽ ഡൽഹിക്കെതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന്‌ രാജസ്ഥാൻ റോയൽസ്‌ ക്യാപ്‌റ്റൻ സഞ്ജു സാംസണ്‌ 24 ലക്ഷം രൂപ പിഴ ചുമത്തി. ഒപ്പം സഹതാരങ്ങൾ 6ലക്ഷം രൂപയോ മാച്ച്‌ ഫീയുടെ 25 ശതമാനമോ പിഴ നൽകണം. പഞ്ചാബിനെതിരായ  മത്സരത്തിലും കുറഞ്ഞ ഓവർ നിരക്കിന്‌ സഞ്ജുവിന്‌ ഐപിഎൽ സംഘാടകർ 12 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. സീസണിൽ രണ്ടാം തവണയും ഒവർ നിരക്ക്‌ ലംഘിച്ചതോടെയാണ്‌ സഞ്ജുവിന്റെ പിഴ ഇരട്ടിയായത്‌. ക്രിക്കറ്റിൽ മണിക്കൂറിനുള്ളിൽ ബോളിങ് ടീം എറിഞ്ഞു തീർക്കേണ്ട നിശ്ചിത ഓവറുകളുടെ എണ്ണമാണ്‌ ഓവർ നിരക്ക്‌ എന്നതുകൊണ്ട്‌ ഉദേശിക്കുന്നത്‌. ഈ നിരക്കിന്‌ താഴെ പോകുമ്പോഴാണ് ബോളിങ്‌ ടീമിനെ മാച്ച് റഫറി ശിക്ഷിക്കുന്നത്. ഐപിഎൽ മത്സരത്തിൽ 14.11 ഓവറാണ്‌ ഒരുമണിക്കൂറിൽ എറിഞ്ഞു തീർക്കേണ്ടത്‌.   Read on deshabhimani.com

Related News