വീണ്ടും ലൂണാഗോൾ



കൊച്ചി ഒരിക്കൽക്കൂടി കേരള ബ്ലാസ്‌റ്റേഴ്‌സ്‌ അഡ്രിയാൻ ലൂണയുടെ കാലുകളിൽ കളംപിടിച്ചു. ഐഎസ്‌എൽ പത്താം സീസണിലെ രണ്ടാം മത്സരത്തിൽ ലൂണയുടെ മിന്നുംഗോളിൽ ബ്ലാസ്‌റ്റേഴ്‌സ്‌ ജംഷഡ്‌പുർ എഫ്‌സിയെ ഒരുഗോളിന്‌ കീഴടക്കി. തുടർച്ചയായ രണ്ടാംജയത്തോടെ പോയിന്റ്‌ പട്ടികയിൽ രണ്ടാമതെത്തി ബ്ലാസ്‌റ്റേഴ്‌സ്‌. തുടക്കത്തിൽ മഴത്തണുപ്പ്‌ കളിയൊഴുക്കിനെ ബാധിച്ചു. അലസമായ നീക്കങ്ങളായിരുന്നു ഇരുഭാഗത്തും. ബ്ലാസ്‌റ്റേഴ്‌സ്‌ മധ്യനിരയിൽനിന്നുള്ള പാസുകളും ക്രോസുകളും മുന്നേറ്റക്കാരിലേക്കെത്താതെ വഴിതെറ്റി പറന്നു. ആദ്യപകുതി തീരുന്നതിന്‌ തൊട്ടുമുമ്പാണ്‌ കളിക്ക്‌ അൽപ്പം ചൂടുപിടിച്ചത്‌. വലതുവശത്തുനിന്ന്‌ പ്രബീർദാസിന്റെ ഒന്നാന്തരം ക്രോസ്‌ ജംഷഡ്‌പുർ  ഗോൾമുഖത്തേക്ക്‌ പറന്നു. മുഹമ്മദ്‌ അയ്‌മെൻ ചാടി ഉയർന്നെങ്കിലും താഴെവീണു. പന്ത്‌ ഇടതുഭാഗത്ത്‌ ലൂണയുടെ കാലിൽ. ഉറുഗ്വേക്കാരന്റെ മനോഹരമായ ഷോട്ട്‌ ബാറിന്‌ അരികിലൂടെ പറന്നു. ആദ്യപകുതി വിരസമായിത്തന്നെ അവസാനിച്ചു. ഇടവേളയ്‌ക്കുശേഷമുള്ള ആദ്യനിമിഷങ്ങളിൽ ജംഷഡ്‌പുർ ഒന്നുണർന്നു. കിട്ടിയ അവസരങ്ങൾ പക്ഷേ, ഡാനിയേൽ ചീമയ്‌ക്ക്‌ ലക്ഷ്യത്തിലെത്തിക്കാനായില്ല.  വലതുവശത്ത്‌ മലയാളി താരം എമിൽ ബെന്നിയുടെ ക്രോസുകൾ ചീമയെ ലക്ഷ്യമാക്കിയെത്തി. പ്രീതം കോട്ടലിന്റെയും മിലോസ്‌ ഡ്രിൻസിച്ചിന്റെയും നേതൃത്വത്തിലുള്ള പ്രതിരോധം ജാഗ്രതയോടെനിന്നു. ബ്ലാസ്‌റ്റേഴ്‌സ്‌ മാറ്റങ്ങൾ വരുത്തി. കഴിഞ്ഞ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളടിവീരൻ ദിമിത്രിയോസ്‌ ഡയമന്റാകോസ്‌ കളത്തിലെത്തി. മധ്യനിരക്കാരൻ വിബിൻ മോഹനനുമെത്തി. കളി തീരാൻ 20 മിനിറ്റ്‌ ശേഷിക്കെ, അയ്‌മെൻ മികച്ച അവസരം പാഴാക്കി. ആ നിരാശ പെട്ടെന്ന്‌ മാഞ്ഞു. രണ്ട്‌ മിനിറ്റിനിടെ ലൂണയുടെ മിന്നുംഗോൾ ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. പ്രീതം കോട്ടലിന്റെ ലോങ്‌ ക്രോസ്‌. വലതുവശത്ത്‌ ദെയ്‌സൂക്ക സക്കായി അതിൽ കാൽകൊരുത്തു. ലൂണയിലേക്ക്‌. ബോക്‌സിന്‌ പുറത്തുവച്ച്‌ ലൂണ പിന്നിലേക്കുതട്ടി.  ജംഷഡ്‌പുർ പ്രതിരോധത്തെ പിളർത്തിയ ഡയമന്റാകോസ്‌ കണ്ണിചേർന്നു, പിന്നെ ബോക്‌സിലേക്ക്‌ ഓടിക്കയറിയ ലൂണയിലേക്കുതന്നെ ഇട്ടുകൊടുത്തു. ഒറ്റ നിമിഷം പന്ത്‌ ഗോൾകീപ്പർ ടി പി രെഹ്‌നേഷിനെ കടന്ന്‌ വലയിലെത്തി. സീസണിൽ ഉറുഗ്വേക്കാരന്റെ രണ്ടാംഗോൾ. ബ്ലാസ്‌റ്റേഴ്‌സ്‌ കളിപിടിച്ചു. തിരിച്ചടിക്കാനുള്ള ജംഷഡ്‌പുരിന്റെ ശ്രമമായിരുന്നു പിന്നീട്‌. പകരക്കാരനായെത്തിയ ജപ്പാൻകാരൻ തച്ചിക്കാവ ബോക്‌സിന്റെ ഇടതുഭാഗത്തുനിന്ന്‌ അളന്നുമുറിച്ച്‌ അടിപായിച്ചു. സച്ചിൻ സുരേഷ്‌ ഒന്നാന്തരം ചാട്ടത്തിലൂടെ അത്‌ തട്ടിയകറ്റി. പിന്നാലെ ഡയമന്റാകോസിന്റെ ഷോട്ട്‌ രെഹ്‌നേഷും തടഞ്ഞു. എട്ടിന്‌ മുംബൈ സിറ്റിയുമായാണ്‌ അടുത്ത കളി. മുംബൈയാണ്‌ വേദി. ഇന്ന് എഫ്സി ഗോവയും പഞ്ചാബ് എഫ്സിയും ഏറ്റുമുട്ടും. Read on deshabhimani.com

Related News