മഴക്കളിയിൽ ഇന്ത്യ ; ആദ്യ ട്വന്റി 20യിൽ അയർലൻഡിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു

image credit bcci twitter


ഡബ്ലിൻ മഴ ഇടയ്ക്ക് തടസ്സപ്പെടുത്തിയ ആദ്യ ട്വന്റി–20യിൽ അയർലൻഡിനെതിരെ ഇന്ത്യക്ക് എഴ്‌ വിക്കറ്റ് ജയം. മഴകാരണം 12 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് നാല് വിക്കറ്റ് നഷ്ടത്തിൽ 108 റണ്ണെടുത്തു. മറുപടിക്കെത്തിയ ഇന്ത്യ 9.2 ഓവറിൽ മൂന്ന്‌ വിക്കറ്റ് നഷ്ടത്തിൽ ജയം നേടി. ഇരുപത്തൊമ്പത് പന്തിൽ 47 റണ്ണുമായി പുറത്താകാതെനിന്ന ദീപക് ഹൂഡയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. മത്സരത്തിന്‌ തൊട്ടുമുമ്പായിരുന്നു ഡബ്ലിനിലെ മെലഹെയ്‌ഡ്‌ സ്‌റ്റേഡിയത്തിൽ മഴയെത്തിയത്‌. ടോസ്‌ അൽപ്പം വൈകി. പിന്നാലെ മഴ മാറി ടോസിട്ടു. ഇന്ത്യൻ ക്യാപ്‌റ്റൻ ഹാർദിക്‌ പാണ്ഡ്യ ഫീൽഡിങ്‌ തെരഞ്ഞെടുക്കുകയും ചെയ്‌തു. പക്ഷേ, ശക്തമായ കാറ്റും മഴയും വീണ്ടും എത്തി. ഇന്ത്യൻടീമിൽ മലയാളിതാരം സഞ്ജു സാംസണിന്‌ ഇടം കണ്ടെത്താനായില്ല. പേസർ ഉമ്രാൻ മാലിക്‌ ആദ്യമായി ഉൾപ്പെട്ടു. രണ്ടു മണിക്കൂർ വെെകിയാണ് കളിയാരംഭിച്ചത്. ഭുവനേശ്വർ കുമാറിന്റെ മികച്ച ബൗളിങ് പ്രകടനം തുടക്കത്തിൽ അയർലൻഡിനെ തടഞ്ഞു. എന്നാൽ, അവസാനഘട്ടത്തിൽ ഹാരി ടെക്ടർ (33 പന്തിൽ 63*) അയർലൻഡിനെ മികച്ച നിലയിൽ എത്തിച്ചു. മൂന്ന് സിക്സറും ആറ് ഫോറുമായിരുന്നു ടെക്ടറുടെ ഇന്നിങ്സിൽ. അരങ്ങേറ്റക്കാരൻ ഉമ്രാൻ മാലിക്കിന്റെ ഒരോവറിൽ പിറന്നത് 14 റൺ. ഭുവനേശ്വറും ഹാർദികും ആവേശ് ഖാനും യുശ്-വേന്ദ്ര ചഹാലും ഓരോ വിക്കറ്റ് വീഴ്ത്തി. മറുപടിയിൽ ഇഷാൻ കിഷൻ മികച്ച തുടക്കം നൽകി.  ഹൂഡയായിരുന്നു കൂട്ട്. എന്നാൽ, കിഷാനെയും (11 പന്തിൽ 26) സൂര്യകുമാർ യാദവിനെയും (1 പന്തിൽ 0) തുടർച്ചയായ പന്തുകളിൽ മടക്കി ക്രെയ്ഗ് യങ് അയർലൻഡിന് പ്രതീക്ഷ നൽകി. ഹൂഡ കളംനിറഞ്ഞു. രണ്ട് സിക്സറും ആറ് ഫോറും പായിച്ച ഹൂഡ കളി ഇന്ത്യക്ക് അനുകൂലമാക്കി. ക്യാപ്റ്റൻ ഹാർദിക് 12 പന്തിൽ 24 റണ്ണെടുത്ത് പുറത്തായി. പരമ്പരയിലെ അവസാന മത്സരം നാളെ നടക്കും. Read on deshabhimani.com

Related News