ആവേശക്കളി ; ഇന്ത്യ–-ഇംഗ്ലണ്ട് ട്വന്റി–-20 പരമ്പരയ്‌ക്ക് ഇന്ന് തുടക്കം
സതാംപ്‌ടൺ ഇന്ത്യ–-ഇംഗ്ലണ്ട് മൂന്ന് മത്സര ട്വന്റി–-20 പരമ്പരയ്‌ക്ക് ഇന്ന് തുടക്കം. രാത്രി പത്തരയ്‌ക്ക് സതാംപ്‌ടണിലെ റോസ്‌ബൗൾ സ്‌റ്റേഡിയത്തിലാണ് പോരാട്ടം. കോവിഡ് മാറി ക്യാപ്‌റ്റൻ രോഹിത് ശർമ തിരിച്ചെത്തുന്നതാണ് ഇന്ത്യക്ക് ഊർജം. ഇംഗ്ലണ്ടിനാകട്ടെ പുതിയ നായകൻ ജോസ് ബട്‌ലറിനുകീഴിൽ അരങ്ങേറ്റമാണ്. അയർലൻഡിനെതിരെ അണിനിരന്ന യുവനിരയാണ് ഇന്ത്യക്ക്. സഞ്ജു സാംസൺ ഉൾപ്പെടെയുള്ളവരുണ്ട്. അടുത്ത രണ്ട് കളിയിലും ഇവർക്ക് പകരം വിരാട് കോഹ്‌ലി, ജസ്‌പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത് എന്നിവർ ഉൾപ്പെടും. ഇഷാൻ കിഷനും രോഹിതുമാകും ഓപ്പണർമാർ. ദീപക് ഹൂഡ പിന്നാലെയെത്തും. സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ദിനേശ് കാർത്തിക് എന്നിവരും ഉറപ്പാണ്. സഞ്ജു കളിക്കുമോ എന്ന കാര്യത്തിൽ സംശയമാണ്. ഭുവനേശ്വർ കുമാറും ഹർഷൽ പട്ടേലുമാണ് പേസ് നിര നയിക്കുന്നത്. അയർലൻഡിനെതിരായ ട്വന്റി–-20 പരമ്പര ജയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഇംഗ്ലണ്ട് കരുത്തരാണ്. വിരമിച്ച ഇയോവിൻ മോർഗന് പകരമാണ് ബട്‌ലർ നായകസ്ഥാനം ഏറ്റെടുത്തത്. വിനാശകാരിയായ ബട്‌ലർ തന്നെയാണ് ഇംഗ്ലീഷുകാരുടെ കരുത്ത്. ലിയാം ലിവിങ്‌സ്റ്റൺ, ഡേവിഡ് മലാൻ, മൊയീൻ അലി എന്നിവരും കളി ഒറ്റയ്‌ക്ക് മാറ്റിയെഴുതാൻ മിടുക്കർ. വിക്കറ്റ് കീപ്പർ ബാറ്റർ ജോണി ബെയർസ്‌റ്റോ, ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്‌റ്റോക്‌സ് എന്നിവർക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. ട്വന്റി–-20 മുഖാമുഖം കളികൾ 19 ഇന്ത്യൻ ജയം 10 ഇംഗ്ലണ്ട് 9 Read on deshabhimani.com