നിതീഷ്‌ , സുന്ദരം , മെൽബണിൽ ചരിത്രമെഴുതി

image credit bcci facebook


മെൽബൺ മുഹമ്മദ്‌ സിറാജ്‌ ടെസ്‌റ്റ്‌ ക്രിക്കറ്റിൽ ഒരിക്കൽപ്പോലും ഇത്രയും നിർണായകമായ മൂന്ന്‌ പന്തുകളെ അഭിമുഖീകരിച്ചിട്ടുണ്ടാകില്ല. ആ മൂന്ന്‌ പന്തുകൾ സിറാജ്‌ നേരിടുന്നത്‌ കാണാൻ ഇത്രയും ആളുകൾ ആകാംക്ഷയോടെ കാത്തിരുന്നിട്ടുണ്ടാകില്ല. കളിജീവിതത്തിൽ  ഒരിക്കൽപ്പോലും സിറാജ്‌ മൂന്ന്‌ പന്തുകൾ അതിജീവിക്കാൻ ഇതുപോലെ ശ്രമിച്ചിട്ടുമുണ്ടാകില്ല. ഇതുപക്ഷേ, സിറാജിന്റെ കഥയല്ല. വലിയൊരു കഥയിലെ നിർണായക കഥാപാത്രമാണ്‌ ഈ പേസ്‌ ബൗളർ. മെൽബൺ സ്‌റ്റേഡിയം. ആർപ്പുവിളിക്കുന്ന 80,000 കാണികൾ. അവർക്കുമുന്നിൽ ഒരു ഇരുപത്തൊന്നുകാരൻ ബാറ്റുമായി നിന്നു–- നിതീഷ്‌ കുമാർ റെഡ്ഡി.അപ്പോൾ നിതീഷിന്റെ സ്‌കോർ 99. ഇന്ത്യൻ ഇന്നിങ്‌സിലെ ഒമ്പത്‌ വിക്കറ്റുകളും നിലംപതിച്ചുകഴിഞ്ഞു. മറുതലയ്‌ക്കൽ ഓസീസിന്റെ കപ്പിത്താൻ പാറ്റ്‌ കമ്മിൻസ്‌. മൂന്നാംപന്തിൽ ജസ്‌പ്രീത്‌ ബുമ്രയുടെ ചെറുത്തുനിൽപ്പിനെ സ്‌റ്റീവൻ സ്‌മിത്തിന്റെ കൈയിലെത്തിച്ചു കമ്മിൻസ്‌. തുടർന്നുള്ള മൂന്ന്‌ പന്തുകൾ നേരിടാനാണ്‌ സിറാജ്‌ എത്തിയത്‌. പിച്ചിന്റെ മറുവശത്ത്‌ നിതീഷിന്റെ മുഖം വിളറി. കമ്മിൻസിന്റെ ആദ്യപന്ത്‌ സിറാജിന്റെ ബാറ്റിൽ തൊട്ടു, തൊട്ടില്ല എന്നമട്ടിൽ കടന്നുപോയി. അടുത്ത പന്ത്‌ ബൗൺസർ. നിതീഷ്‌ ബാറ്റിൽ മുഷ്ടിയിടിച്ച്‌ സിറാജിനെ അഭിനന്ദിച്ചു. ആ പേസർ അവസാന പന്തും പ്രതിരോധിച്ചപ്പോൾ നിതീഷിന്റെ മുഖത്ത്‌ ചിരി വിടർന്നു. ആ ദിവസം അവനുള്ളതായിരുന്നു. ആ സന്ധ്യയും നിമിഷവും യുവപോരാളിക്കുവേണ്ടി ഒരുക്കപ്പെട്ടു.  ഇന്ത്യൻ ടീം അംഗങ്ങൾ കൂടാരത്തിൽനിന്ന്‌ പുറത്തിറങ്ങി. സ്‌റ്റേഡിയത്തിൽ, ആൾക്കൂട്ടത്തിനിടയിൽ അച്ഛൻ മുത്യാല റെഡ്ഡി ആശങ്കയോടെ മുകളിലേക്ക്‌ നോക്കി. കമ്മിൻസ്‌ പന്തെറിയാൻ സ്‌കോട്‌ ബോളണ്ടിനെ കൊണ്ടുവന്നു. ആദ്യ പന്ത്‌ കൃത്യതയോടെ പ്രതിരോധിച്ചു. അടുത്ത പന്ത്‌ അകത്തേക്ക്‌ വളഞ്ഞിറങ്ങി. നിതീഷിന്റെ തുടയിലാണ്‌ കൊണ്ടത്‌. സ്‌റ്റേഡിയത്തിൽ ദീർഘനിശ്വാസം. അപ്പീൽ മുഴങ്ങി. അമ്പയർ അനങ്ങിയില്ല. മൂന്നാം പന്ത്‌ ഫുൾ ലെങ്‌തായിരുന്നു. മിഡ്‌ ഓണിൽ ട്രാവിസ്‌ ഹെഡിന്‌ മുകളിലൂടെ കോരിയിട്ടു. മെൽബൺ ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തിന്റെ ചരിത്രത്തിലെ ഏറ്റവും മനോഹരമായ ബൗണ്ടറിയായി അത്‌ കുറിക്കപ്പെട്ടു. അതുവഴി ഏറ്റവും സുന്ദരമായ സെഞ്ചുറി പിറന്നു. മുത്യാല പൊട്ടിക്കരഞ്ഞു. ഇന്ത്യൻ കമന്ററി ബോക്‌സിൽ വാക്കുകൾ ഇടറിയൊഴുകി. മെൽബണിലെയും ഇന്ത്യയിലെയും ആയിരങ്ങളുടെ കണ്ണിൽ നനവ്‌ പടർന്നിട്ടുണ്ടാകണം. സഹതാരങ്ങൾ കണ്ണുതുടച്ചിരുന്നിരിക്കണം. അത്രയും നാടകീയമായ, വൈകാരികമായ നിമിഷമായി അത്‌. നിതീഷ്‌ കാൽമുട്ടിലിരുന്നു. പിന്നെ ഹെൽമെറ്റ്‌ എടുത്ത്‌ പതുക്കെ ബാറ്റിന്റെ പിടിയിൽ കൊളുത്തി. മുകളിലേക്ക്‌ നോക്കി. മെൽബണിലെ നക്ഷത്രങ്ങൾ ഒരു സൂപ്പർതാരത്തിന്റെ ഉദയംകണ്ടു. ഒരുവശത്ത്‌ വിക്കറ്റുകൾ കടപുഴകുമ്പോഴാണ്‌ നിതീഷ്‌ ബാറ്റുമായി എത്തുന്നത്‌. അസാമാന്യ മനോബലവും അചഞ്ചലമായ സാങ്കേതിക മികവുമായിരുന്നു കൈമുതൽ. വാഷിങ്‌ടൺ സുന്ദറുമായി ചേർന്ന്‌ ഇന്നിങ്‌സ്‌ പടുത്തുയർത്തി. എല്ലാ നാടകീയ നിമിഷങ്ങളും കടന്ന്‌  ആന്ധ്ര സ്വദേശി മെൽബണിൽ ചരിത്രമെഴുതി. അതെന്നും ഇന്ത്യൻ ക്രിക്കറ്റിലെ സുവർണ നിമിഷങ്ങളായി നിലനിൽക്കും. Read on deshabhimani.com

Related News