ഐൻട്രാക്‌റ്റിന് യൂറോപ ; ഷൂട്ടൗട്ടിൽ റേഞ്ചേഴ്സിനെ തോൽപ്പിച്ചു
സെവിയ്യ നാൽപ്പത്തിരണ്ട് വർഷത്തിനുശേഷം ജർമൻ ക്ലബ് ഐൻട്രാക്റ്റ് ഫ്രാങ്ക്ഫുർട്ടിന് യൂറോപ്യൻ ഫുട്ബോൾ കിരീടം. യൂറോപ ലീഗ് ഫെെനലിൽ സ്‌കോട്ടിഷ് ക്ലബ് റേഞ്ചേഴ്സിനെ ഷൂട്ടൗട്ടിൽ വീഴ്‌ത്തിയാണ് ചാമ്പ്യൻമാരായത്. 1980ലായിരുന്നു ഐൻട്രാക്‌റ്റിന്റെ അവസാന കിരീടം. ഇതോടെ അടുത്ത സീസൺ ചാമ്പ്യൻസ് ലീഗിനും യോഗ്യത കിട്ടി. ജർമൻ ലീഗിൽ 11–-ാംസ്ഥാനത്തായിരുന്നു. ഷൂട്ടൗട്ടിൽ 5–4നാണ് ജയം. നിശ്ചിതസമയത്തും അധികസമയത്തും 1–1 ആയിരുന്നു ഫലം. ഷൂട്ടൗട്ടിൽ ആരോൺ റാംസെയുടെ കിക്ക് തടഞ്ഞ് കെവിൻ ട്രാപ് ഐൻട്രാക്‌റ്റിന് കിരീടം നൽകി. കളിഗതിക്കെതിരായി റേഞ്ചേഴ്സാണ് രണ്ടാംപകുതിയിൽ ലീഡ് നേടിയത്. പ്രതിരോധപ്പിഴവ് മുതലെടുത്ത് ജോയെ അറീബോ പന്ത് വലയിലെത്തിച്ചു. എന്നാൽ, ഐൻട്രാക്‌റ്റ് അതിവേഗം തിരിച്ചുവന്നു. ഫിലിപ് കോസ്റ്റിക്കിന്റെ ക്രോസിൽ റാഫേൽ ബോറെ ജർമൻ ക്ലബ്ബിനെ ഒപ്പമെത്തിച്ചു. അധികസമയത്ത് റേഞ്ചേഴ്സാണ് ആധിപത്യം കാട്ടിയത്. എന്നാൽ, ട്രാപ്പിന്റെ മികച്ച പ്രകടനം അവരെ തടഞ്ഞു. ഷൂട്ടൗട്ടിൽ പക്ഷേ, റേഞ്ചേഴ്സിന് പിടിച്ചുനിൽക്കാനായില്ല. Read on deshabhimani.com