യൂറോ യോഗ്യത ; ഇറ്റലിക്ക്‌ ആശ്വാസം



മിലാൻ യൂറോ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ ഇറ്റലിക്ക്‌ നിർണായകജയം. ഉക്രയ്‌നെ 2–-1ന്‌ തോൽപ്പിച്ച്‌ ഗ്രൂപ്പ്‌ സിയിൽ രണ്ടാംസ്ഥാനത്തേക്കുയർന്നു. നാല്‌ കളിയിൽ ഏഴ്‌ പോയിന്റാണ്‌ ഇറ്റലിക്ക്‌. ഉക്രയ്‌നും നോർത്ത്‌ മാസിഡോണിയക്കും ഏഴുവീതം പോയിന്റുണ്ടെങ്കിലും അഞ്ച്‌ മത്സരം കളിച്ചു. 13 പോയിന്റുമായി ഇംഗ്ലണ്ടാണ്‌ ഗ്രൂപ്പിൽ ഒന്നാമത്‌. മറ്റു മത്സരങ്ങളിൽ സ്‌പെയ്‌ൻ ആറ്‌ ഗോളിന്‌ സൈപ്രസിനെ മുക്കി. സ്വിറ്റ്‌സർലൻഡ്‌ അൻഡോറയെ മൂന്ന്‌ ഗോളിന്‌ കീഴടക്കിയപ്പോൾ സ്വീഡനെ ഓസ്‌ട്രിയ 3–-1നാണ്‌ മറികടന്നത്‌. നോർവെ 2–-1ന്‌ ജോർജിയയെ തോൽപ്പിച്ചു.അവസാന മത്സരത്തിൽ നോർത്ത്‌ മാസിഡോണിയയോട്‌ സമനിലയിൽ കുരുങ്ങിയ ഇറ്റലിക്ക്‌ ഉക്രയ്‌നുമായുള്ള കളി നിർണായകമായിരുന്നു. എന്നാൽ, സ്വന്തം തട്ടകത്തിൽ ഡേവിഡെ ഫ്രറ്റേസിയുടെ ഇരട്ടഗോളിൽ ഇറ്റലി ജയം പിടിച്ചെടുത്തു. ആൻഡ്രി യർമോലെങ്കോയിലൂടെ ഉക്രയ്‌ൻ ഒരെണ്ണം മടക്കിയെങ്കിലും ഇറ്റലി ജയമുറപ്പാക്കിയിരുന്നു.  പരിശീലകൻ ലൂസിയാനോ സ്‌പല്ലേറ്റിക്ക്‌ ആത്മവിശ്വാസം നൽകുന്ന ജയമാണിത്‌. മാൾട്ടയാണ്‌ നിലവിലെ ചാമ്പ്യൻമാരുടെ അടുത്ത എതിരാളി. മാൾട്ടയെ നോർത്ത്‌ മാസിഡോണിയ രണ്ട്‌ ഗോളിന്‌ തോൽപ്പിച്ചിരുന്നു. ഗ്രൂപ്പിലെ ആദ്യ രണ്ട്‌ സ്ഥാനക്കാർക്കാണ്‌ നേരിട്ട്‌ യോഗ്യത. ഗ്രൂപ്പ്‌ എയിൽ തുടർച്ചയായ രണ്ടാംമത്സരത്തിലും കൂറ്റൻ ജയം നേടിയെങ്കിലും സ്‌പെയ്‌ൻ സ്‌കോട്ട്‌ലൻഡിനുപിന്നിൽ രണ്ടാംസ്ഥാനത്ത്‌ തുടരുകയാണ്‌. സൈപ്രസിനെതിരെ സ്‌പെയ്‌നിനായി ഫെറാൻ ടോറെസ്‌ ഇരട്ടഗോളടിച്ചു. ഗാവി, മൈക്കേൽ മെറീനോ, ജൊസേലു, അലെക്‌സ്‌ ബയേന എന്നിവരും ലക്ഷ്യം കണ്ടു. Read on deshabhimani.com

Related News