ചാമ്പ്യൻസ് ലീഗ് : റയലിന് വീണ്ടും ബെല്ലിങ്ഹാം , യുണെെറ്റഡ് കടന്ന് ബയേൺ, ഇന്റർ രക്ഷപ്പെട്ടു
മാഡ്രിഡ് സാന്റിയാഗോ ബെർണബ്യൂവിൽ ഇരുപതുകാരൻ ജൂഡ് ബെല്ലിങ്‌ഹാം വീണ്ടും റയൽ മാഡ്രിഡിന്റെ രക്ഷകനായി. ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ യൂണിയൻ ബെർലിനെ ഒരു ഗോളിന് റയൽ തോൽപ്പിച്ചു. പരിക്കുസമയം ബെല്ലിങ്‌ഹാമാണ് വിജയഗോൾ കുറിച്ചത്. ഈ സീസണിൽ റയലിനായി ഇംഗ്ലീഷുകാരന്റെ ആറാം ഗോളാണിത്. ചാമ്പ്യൻസ് ലീഗിൽ അരങ്ങേറ്റംകുറിച്ച യൂണിയൻ ബെർലിൻ ഉജ്വല പ്രതിരോധം പടുത്തുയർത്തിയാണ് റയലിനെ വിറപ്പിച്ചത്. പരിക്കേറ്റ വിനീഷ്യസ് ജൂനിയറിന്റെ അഭാവം റയലിനെ ക്ഷീണിപ്പിച്ചു. ഒന്നാന്തരം ഗോളടിക്കാരൻ ഇല്ലെങ്കിൽ കാര്യമില്ലെന്ന് പരിശീലകൻ കാർലോ ആൻസെലോട്ടിയെ യൂണിയൻകാർ പഠിപ്പിച്ചു. ഫെഡെറികോ വാൽവെർദെയുടെ ഷോട്ട് ഗോൾമുഖത്ത് തട്ടിത്തെറിച്ചത് മുതലാക്കിയാണ് ബെല്ലിങ്‌ഹാം വലകുലുക്കിയത്. യുണെെറ്റഡ് കടന്ന് ബയേൺ പൊരുതിനിന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെ കീഴടക്കി ബയേൺ മ്യൂണിക് കരുത്തുകാട്ടി. ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിലെ ഗോൾനിറഞ്ഞ പോരാട്ടത്തിൽ 4–-3നാണ് ബയേൺ ജയിച്ചുകയറിയത്. ലിറോയ് സാനെ, സെർജി നാബ്രി, ഹാരി കെയ്‌ൻ, മാതിസ് ടെൽ എന്നിവർ ബയേണിനായി ലക്ഷ്യംകണ്ടു. യുണൈറ്റഡിനായി കാസെമിറോ ഇരട്ടഗോൾ നേടി. റാസ്‌മസ് ഹോയ്‌ലണ്ടിന്റെ വകയായിരുന്നു മറ്റൊന്ന്. യുണൈറ്റഡ് ഗോൾകീപ്പർ ആന്ദ്രെ ഒനാനയുടെ പിഴവിൽനിന്നാണ് ബയേൺ ലീഡെടുത്തത്. ആദ്യപകുതി രണ്ട് ഗോളിന് മുന്നിലായിരുന്നു. ഇടവേളയ്ക്കുശേഷമാണ് യുണൈറ്റഡ് ഉണർന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അഞ്ച് കളിയിൽ മൂന്നിലും തോറ്റ യുണൈറ്റഡിന് കനത്ത ആഘാതമായി ചാമ്പ്യൻസ് ലീഗിലെയും തോൽവി. മറ്റൊരു കളിയിൽ എഫ്‌സി കോപ്പൻഹേഗനും ഗലറ്റസാറിയും 2–-2ന് പിരിഞ്ഞു. അഴ്‌സണലിന്റെ ഗോൾവേട്ട ആറുവർഷത്തെ ഇടവേള ഗോൾമേളം തീർത്ത് അഴ്‌സണൽ ആഘോഷിച്ചു. ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ ഡച്ചുകാരായ പിഎസ്‌വി ഐന്തോവനെ നാല് ഗോളിന് മുക്കി. ബുക്കായോ സാക, ലിയാൻഡ്രോ ട്രൊസാർഡ്, ഗബ്രിയേൽ ജെസ്യൂസ്, മാർട്ടിൻ ഒദേഗാർദ് എന്നിവർ പീരങ്കിപ്പടയ്‌ക്കായി ലക്ഷ്യംകണ്ടു. ജയത്തോടെ ബി ഗ്രൂപ്പിൽ ഒന്നാമതെത്തി അഴ്സണൽ. മറ്റൊരു മത്സരത്തിൽ സെവിയ്യയെ ലെൻസ് 1–-1ന് തളച്ചു.ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തോൽവിയറിയാതെ മുന്നേറുന്ന അഴ്‌സണൽ ഐന്തോവനെതിരെയും മികവ് തുടർന്നു. പ്രധാന താരങ്ങളെയെല്ലാം അണിനിരത്തിയാണ് 2016നുശേഷമുള്ള ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിറങ്ങിയത്. സംഘടിതമായ നീക്കങ്ങളോടെ അനായാസം കളിപിടിക്കുകയും ചെയ്‌തു. ഒക്‌ടോബർ മൂന്നിന് ലെൻസിനെതിരെയാണ് അടുത്ത മത്സരം. ഇന്റർ രക്ഷപ്പെട്ടു ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ നിലവിലെ റണ്ണറപ്പായ ഇന്റർ മിലാനെ ക്യാപ്‌റ്റൻ ലൗതാരോ മാർട്ടിനെസ് കാത്തു. റയൽ സോസിഡാഡിനെതിരെ മാർട്ടിനെസിന്റെ ഗോളിൽ സമനിലയുമായി രക്ഷപ്പെട്ടു (1–-1). കളി അവസാനിക്കാൻ മൂന്ന് മിനിറ്റ് ബാക്കിനിൽക്കെയായിരുന്നു സമനിലഗോൾ. കളിയുടെ തുടക്കം ബ്രയ്‌സ് മെൻഡെസിലൂടെ മുന്നിലെത്തിയ സോസിഡാഡ് ഉജ്വലകളി പുറത്തെടുത്തു. കിടയറ്റ പ്രതിരോധത്തിൽ ഇന്റർ വിയർത്തു. ഇറ്റാലിയൻ ലീഗിൽ ചിരവൈരികളായ എസി മിലാനെ തകർത്തതിന്റെ ആത്മവിശ്വാസം ഒട്ടുമുണ്ടായില്ല അവർക്ക്. ലൗതാരോയുടെ ഗോൾ പിറക്കുംവരെ ലക്ഷ്യത്തിലേക്ക് ഒരുതവണപോലും പന്തയച്ചിരുന്നില്ല.മറ്റ് മത്സരങ്ങളിൽ നാപോളി 2–-1ന് സ്‌പോർട്ടിങ് ബ്രാഗയെയും ആർബി സാൽസ്‌ബുർഗ് രണ്ട് ഗോളിന് ബെൻഫിക്കയെയും തോൽപ്പിച്ചു. Read on deshabhimani.com