ഉഷയ്‌ക്കൊപ്പം വിത്യ ; ചരിത്രംകുറിച്ച് ഇന്ത്യയുടെ ഹർഡിൽസ്‌താരം
ഹാങ്‌ചൗ ചരിത്രംകുറിച്ച് ഇന്ത്യയുടെ ഹർഡിൽസ്‌താരം വിത്യ രാംരാജ്. ഏഷ്യൻ ഗെയിംസ് 400 മീറ്ററിൽ വെങ്കലം നേടിയ ഇരുപത്തിനാലുകാരി 39 വർഷം പഴക്കമുള്ള പി ടി ഉഷയുടെ ദേശീയ റെക്കോഡിനൊപ്പമെത്തുകയും ചെയ്‌തു. 4–-400 മിക്‌സഡ് റിലേയിൽ വെള്ളി നേടിയ ടീമിലും അംഗമാണ് ഈ മിടുക്കി. ഹാങ്‌ചൗവിൽ 55.68 സെക്കൻഡിലാണ് മൂന്നാമതെത്തിയത്. ഹീറ്റ്‌സിലായിരുന്നു ഉഷയുടെ റെക്കോഡിന് ഒപ്പമെത്തിയ പ്രകടനം–-55.42 സെക്കൻഡ്. ചണ്ഡീഗഢിൽ നടന്ന അഞ്ചാമത് ഗ്രാൻപ്രി മീറ്റിൽത്തന്നെ വിത്യ സൂചന നൽകിയിരുന്നു. അന്ന് നേരിയ വ്യത്യാസത്തിനാണ് റെക്കോഡ് അകന്നത്. 1984 ലോസ് ഏഞ്ചൽസ് ഒളിമ്പിക്‌സിലാണ് ഉഷ 55.42 സെക്കൻഡ് കുറിച്ചത് അന്ന് സെക്കൻഡിന്റെ നൂറിൽ ഒരംശത്തിന് ഒളിമ്പിക്‌സ് വെങ്കല മെഡൽ ഉഷയ്‌ക്ക് നഷ്ടമായി. ഹാങ്‌ചൗവിൽ ബഹ്‌റൈനിന്റെ ഒലുവക്കെമി മുജീത് ആദികോയ 54.45 സെക്കൻഡിൽ ഗെയിംസ് റെക്കോഡോടെ ചാമ്പ്യനായി. ചൈനയുടെ മോ ജിയാദിയെ 55.01 സെക്കൻഡിൽ രണ്ടാമതായി. പാരിസ് ഒളിമ്പിക്‌സാണ് വിത്യയുടെ അടുത്ത ലക്ഷ്യം. Read on deshabhimani.com