സല്യൂട്ട് സിറാജ് ; അഞ്ച്‌ വിക്കറ്റ്‌ പിഴുതത്‌ 16 പന്തിൽ

image credit Asian Cricket Council facebook


  കൊളംബോ വെറും 129 പന്തിൽ ഏഷ്യാ കപ്പ്‌ ഏകദിന ക്രിക്കറ്റ് ഫൈനൽ അവസാനിച്ചു. ആതിഥേയരും നിലവിലെ ചാമ്പ്യൻമാരുമായ ശ്രീലങ്കയുടെ ദുഃസ്വപ്‌നംകൂടിയായിരുന്നു ആ പന്തുകൾ. മുഹമ്മദ്‌ സിറാജ്‌ കൊളംബോയിലെ മഴ പെയ്‌തു നനഞ്ഞ പിച്ചിൽ പന്തിനെ ഇരുവശത്തേക്കും സ്വിങ്‌ ചെയ്യിപ്പിച്ച്‌ ലങ്കയുടെ അടിവേരിളക്കുകയായിരുന്നു. 15.2 ഓവറാണ്‌ ലങ്കൻ ബാറ്റർമാർക്ക്‌ പിടിച്ചുനിൽക്കാനായത്‌. രണ്ടുപേരൊഴികെ മറ്റാർക്കും രണ്ടക്കം കാണാനായില്ല. ബോർഡിൽ ആകെ 50 റൺ. ഇന്ത്യക്ക്‌ അത്‌ അനായാസമായിരുന്നു. 37 പന്തിൽ കളി അവസാനിച്ചു. പത്ത്‌ വിക്കറ്റ്‌ ജയം. ആറുവിക്കറ്റുമായി മുഹമ്മദ്‌ സിറാജ്‌ മാൻ ഓഫ്‌ ദി മാച്ചായി. ടൂർണമെന്റിൽ ഉടനീളം തിളങ്ങിയ കുൽദീപ്‌ യാദവാണ്‌ ഏഷ്യാ കപ്പിന്റെ താരം. ഏഷ്യയിലെ കിരീടവുമായാണ്‌ ഇന്ത്യ ഇനി ലോക കിരീടത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നത്‌. മഴതൂങ്ങിനിന്ന കൊളംബോയിൽ സിറാജിനെ പ്രതിരോധിക്കാനുള്ള പാഠമൊന്നും ലങ്കയ്‌ക്കുണ്ടായില്ല. ഏകദിനത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച നാലാമത്തെ ബൗളിങ്‌ പ്രകടനമാണിത്‌. 16 പന്തിലാണ്‌ അഞ്ച്‌ വിക്കറ്റ്‌ പിഴുതത്‌; വേഗത്തിലുള്ള അഞ്ച്‌ വിക്കറ്റ്‌ നേട്ടം. സിറാജ്‌ എറിഞ്ഞ രണ്ടാം ഓവറിൽ നാല്‌ വിക്കറ്റുകൾ കടപുഴകി. ലങ്കയുടെ ഏറ്റവും മോശം സ്‌കോറുകളിൽ രണ്ടാമതാണ്‌ ഈ പ്രകടനം. ടോസ്‌ സമയത്ത്‌ ആദ്യം ബാറ്റിങ്ങാണ്‌ എളുപ്പമെന്നായിരുന്നു ഇന്ത്യൻ ക്യാപ്‌റ്റൻ രോഹിത്‌ ശർമയുടെ പ്രതികരണം. ടോസ്‌ കിട്ടിയത്‌ ലങ്കൻ ക്യാപ്‌റ്റൻ ദസുൺ ഷനകയ്‌ക്ക്‌. രണ്ടാമതൊന്ന്‌ ആലോചിക്കാതെ ഷനക ബാറ്റിങ്‌ തെരഞ്ഞെടുത്തു. ടോസ്‌ കഴിഞ്ഞെത്തിയ മഴ കണക്കുകൂട്ടലുകൾ തെറ്റിച്ചു. 40 മിനിറ്റ്‌ വൈകിയാണ്‌ കളി ആരംഭിച്ചത്‌. അപ്പോഴേക്കും പിച്ചിന്റെ സ്വഭാവം മാറിയിരുന്നു.   ജസ്‌പ്രീത്‌ ബുമ്രയുടെ ആദ്യ ഓവർതന്നെ വരാനിരിക്കുന്ന വിപത്തിനെക്കുറിച്ച്‌ ലങ്കയ്‌ക്ക്‌ സൂചന നൽകി. ഇരുവശത്തേക്കും പന്ത്‌ നീങ്ങി. മൂന്നാമത്തെ പന്ത്‌ കുശാൽ പെരേരയെ (0) തോൽപ്പിച്ചു. സിറാജ്‌ മെയ്‌ഡനുമായാണ്‌ തുടങ്ങിയത്‌. ആ ഓവറിൽ നാലുതവണയാണ്‌ കുശാൽ മെൻഡിസിനെ സിറാജ്‌ വിറപ്പിച്ചത്‌. അടുത്ത ഓവറിൽ പതും നിസങ്കയുടെ (2)വിക്കറ്റുമായി സിറാജ്‌ വിക്കറ്റുവേട്ടയ്‌ക്ക്‌ തുടക്കമിട്ടു. 29 കളിയിൽ 53 വിക്കറ്റായി ഇരുപത്തൊമ്പതുകാരന്‌. 2019ൽ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു ഏകദിനത്തിലെ അരങ്ങേറ്റം. പതിനേഴ്‌ റണ്ണെടുത്ത കുശാൽ മെൻഡിസാണ്‌ ലങ്കൻനിരയിലെ ടോപ്‌ സ്‌കോറർ. ദുഷാൻ ഹേമന്ത 13 റണ്ണെടുത്തു. ഒരുഘട്ടത്തിൽ 6–-16 എന്ന നിലയിലായിരുന്നു ലങ്ക. ചെറിയ സ്‌കോർ അടിച്ചെടുക്കാൻ ശുഭ്‌മാൻ ഗില്ലിനൊപ്പം (19 പന്തിൽ 27) ഇഷാൻ കിഷനാണ്‌ (18 പന്തിൽ 23) എത്തിയത്‌. ഇരുവരും വേഗത്തിൽ ചടങ്ങ്‌ അവസാനിപ്പിച്ചു. അഞ്ച്‌ വർഷത്തിനുശേഷമാണ്‌ ഇന്ത്യ ഒരു ടൂർണമെന്റ്‌ ജയിക്കുന്നത്‌. രോഹിതിനും കോച്ച്‌ രാഹുൽ ദ്രാവിഡിനും ഈ കിരീടം ആത്മവിശ്വാസം നൽകും. Read on deshabhimani.com

Related News