16 വർഷം 13 മെഡൽ ! ടേബിൾ ടെന്നീസിലെ ഇന്ത്യൻ ചരിത്രം
ബർമിങ്ഹാം ടേബിൾ ടെന്നീസിലെ ഇന്ത്യൻ ചരിത്രം അചാന്ത ശരത് കമലിന്റേതുകൂടിയാണ്. 40–-ാംവയസ്സിലും ഇന്ത്യൻ ടേബിൾ ടെന്നീസിൽ ശരത്തിന് പകരക്കാരനില്ല. കോമൺവെൽത്ത് ഗെയിംസിന് കൊടിയിറങ്ങിയപ്പോൾ മൂന്ന് സ്വർണവുമായാണ് തമിഴ്നാട്ടുകാരന്റെ മടക്കം. സിംഗിൾസിൽ ചാമ്പ്യനായ ശരത് മിക്സ്‌ഡ് ഡബിൾസിലും പുരുഷ ടീം ഇനത്തിലും കിരീടം നേടിയിരുന്നു. ടേബിൾ ടെന്നീസിൽ ഒരുപതിപ്പിൽ മൂന്ന് സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായി. സിംഗിൾസിൽ ഇംഗ്ലണ്ടിന്റെ ലിയാം പിച്ച്ഫോർഡിനെ 4–1ന് മറികടന്നായിരുന്നു നേട്ടം. ആദ്യ ഗെയിം നഷ്ടമായശേഷമുള്ള തിരിച്ചുവരവ് (11–13, 11–7, 11–2, 11–16, 11–8). ഇതിനുമുമ്പ് 2006ലാണ് സിംഗിൾസിൽ ശരത് ചാമ്പ്യനായത്. 16 വർഷമായിട്ടും പ്രതിഭ മങ്ങിയില്ല. ഇതിനിടെ 13 മെഡലുകളാണ് കോമൺവെൽത്ത് ഗെയിംസിൽ ആകെ നേടിയത്. അതിൽ ഏഴ് സ്വർണവും ഉൾപ്പെടും. ഏഷ്യൻ ഗെയിംസ് ടീം ഇനത്തിൽ രണ്ടുതവണ വെങ്കലം നേടിയിട്ടുണ്ട്. മിക്സ്‌ഡ് ഡബിൾസിൽ ശ്രീജ അകുലയ്ക്കൊപ്പമായിരുന്നു സ്വർണം നേടിയത്. ഡബിൾസിൽ ജി സതിയനൊപ്പം വെള്ളിയും സ്വന്തമാക്കി. സതിയൻ സിംഗിൾസിൽ വെങ്കലം സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ പോൾ ഡ്രിങ്ക്ഹാളിനെയാണ് തോൽപ്പിച്ചത്. ഇക്കുറി ആകെ ഏഴ് മെഡലുകളാണ് ഇന്ത്യ നേടിയത്. പാരാ ടേബിൾ ടെന്നീസിൽ നേടിയ ഒരു സ്വർണവും വെങ്കലവും ഇതിലുൾപ്പെടും. ഭവിന പട്ടേലാണ് സ്വർണം നേടിയത്. വെങ്കലം സൊണാൽ പട്ടേലിനും. Read on deshabhimani.com