യുഎഇ വികസനത്തില്‍ യുവാക്കളുടെ പങ്ക് നിര്‍ണായകം : ഷെയ്ഖ് മുഹമ്മദ്



ദുബായ്>  അന്താരാഷ്ട്ര യുവജന ദിനത്തിന്റെ സ്മരണയ്ക്കായി ഒരു കൂട്ടം യുവാക്കളുമായി സംവദിച്ച് യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. കസര്‍ അല്‍ ബഹാറില്‍ യുവാക്കളെ സ്വീകരിച്ച് അദ്ദേഹം രാജ്യത്തെ ഭാവി നേതാക്കള്‍ക്കുള്ള തന്റെ അഭിലാഷങ്ങളും പ്രതീക്ഷകളും അറിയിച്ചു. യു.എ.ഇ അതിവേഗം കുതിച്ചുയരുകയാണെന്നും യുഎഇയുടെ വികസനം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ യുവാക്കള്‍ വഹിക്കുന്ന നിര്‍ണായക പങ്കില്‍ രാജ്യം ഉറച്ചു വിശ്വസിക്കുന്നുവെന്നും പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. യുവാക്കളുടെ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുകയും അവരെ അഭിനന്ദിക്കുകയും ചെയ്ത ഷെയ്ഖ് മുഹമ്മദ്,രാജ്യത്തിന്റെ വെല്ലുവിളികളെയും അവസരങ്ങളെയും കുറിച്ച് യുവാക്കള്‍ നന്നായി മനസ്സിലാക്കുന്നുണ്ടെന്ന് പറഞ്ഞു. യുഎഇ പൗരന്മാരില്‍ നിന്നും താമസക്കാരില്‍ നിന്നും മൂല്യവത്തായ നൂതന ആശയങ്ങള്‍ സ്ഥിരമായി തേടുന്നുണ്ടെന്ന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് സ്ഥിരീകരിച്ചു. യുഎഇയുടെ പ്രശസ്തി വര്‍ധിപ്പിക്കുന്നതില്‍ യുവാക്കളുടെ പങ്കിനെ അദ്ദേഹം പ്രശംസിച്ചു. യുഎഇയുടെ അന്തര്‍ലീനമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും അതോടൊപ്പം രാജ്യത്തിന്റെ തത്വങ്ങള്‍ പിന്തുടരുന്നതിനും ആചാരങ്ങളെയും പാരമ്പര്യങ്ങളെയും മാനിക്കുന്നതിനുമുള്ള പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ഒരാളുടെ കുടുംബത്തെ വിലമതിക്കുകയും മാതാപിതാക്കളോട് ദയയും അനുകമ്പയും പ്രകടിപ്പിക്കുകയും അവരെ പരിപാലിക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജ്യത്തെ സേവിക്കുന്നതിനുള്ള യുവാക്കളുടെ ഭാവി ശ്രമങ്ങള്‍ക്ക് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആശംസകള്‍ അറിയിച്ചു.   Read on deshabhimani.com

Related News