സ്വയം നിയന്ത്രിത ടാക്‌സികള്‍ അടുത്തമാസം ദുബായ് നിരത്തില്‍



ദുബായ്>  പൂര്‍ണമായും സ്വയം നിയന്ത്രണത്തില്‍ ഓടുന്ന ടാക്‌സി കാറുകള്‍ അടുത്ത മാസത്തോടെ ദുബായിലെ നിരത്തുകളിലെത്തുമെന്ന് ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) അറിയിച്ചു.ഡിജിറ്റല്‍ മാപ്പിങ് വിജയകരമായി പൂര്‍ത്തീകരിച്ചതിനു പിന്നാലെ ജുമൈറ 1 ഏരിയയിലാണ് ഡ്രൈവറില്ലാ ടാക്‌സികള്‍ പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വിസ് നടത്തുക.  ജുമൈറ റോഡിനും ഇത്തിഹാദ് മ്യൂസിയത്തിനും ദുബൈ വാട്ടര്‍ കനാലിനും ഇടയിലുള്ള എട്ടു കിലോമീറ്ററില്‍ പ്രത്യേകം നിശ്ചയിച്ച ട്രാക്കിലൂടെയായിരിക്കും ആദ്യ ഘട്ടത്തില്‍ സര്‍വിസ് നടത്തുകയെന്ന് ആര്‍.ടി.എയുടെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍, പൊതുഗതാഗത ഏജന്‍സി ഡയറക്ടര്‍ ഖാലിദ് അല്‍ അവാദി പറഞ്ഞു.  ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന സെല്‍ഫ് ഡ്രൈവിങ് ട്രാന്‍സ്‌പോര്‍ട്ട് വേള്‍ഡ് കോണ്‍ഗ്രസിന്റെ മൂന്നാമത് എഡിഷന്റ ഭാഗമായി വാര്‍ത്തലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . അഞ്ചു ഡ്രൈവറില്ലാ കാറുകളായിരിക്കും തുടക്കത്തില്‍ സര്‍വിസിനായി ഉപയോഗിക്കുക. ഒക്ടോബര്‍ ആദ്യവാരത്തില്‍ തന്നെ സര്‍വിസ് തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ. യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വയം നിയന്ത്രണ വാഹനങ്ങള്‍ നിര്‍മിക്കുന്ന ജനറല്‍ മോട്ടോഴ്‌സിന്റെ അനുബന്ധ കമ്പനിയായ ക്രൂസ് കമ്പനിയാണ് വാഹനങ്ങള്‍ നിരത്തിലിറക്കുന്നതും പ്രവര്‍ത്തിപ്പിക്കുന്നതും പരീക്ഷണ ഓട്ടത്തില്‍ യാത്രക്കാര്‍ ഉണ്ടാവില്ല . 2024 രണ്ടാം പകുതിയോടെ അതിന്റെ പൂര്‍ണ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.  യു.എസിനു പുറത്ത് സ്വയം നിയന്ത്രണ ടാക്‌സികളും ഇ-ഹെയ്ല്‍  സര്‍വിസും വാണിജ്യാടിസ്ഥാനത്തില്‍ നടത്തുന്ന ലോകത്തെ ആദ്യ നഗരമായി ദുബൈ മാറും. ദുബായ് റോഡ് ഗതാഗത രംഗത്ത് പുതിയ ഒരു നാഴികക്കല്ലായിരിക്കും ഡ്രൈവറില്ലാ വാഹനങ്ങള്‍. റോഡ് അപകടങ്ങളും   അന്തരീക്ഷത്തില്‍ കാര്‍ബണ്‍ വ്യാപനം  കുറക്കുവാനും കഴിയും . പരീക്ഷണ ഘട്ടത്തില്‍ മനുഷ്യ ഇടപെടല്‍ ആവശ്യമെങ്കില്‍  അതിന് ഔദ്യോഗിക രൂപം നല്‍കാന്‍ ദുബായ് പൊലീസുമായി ചര്‍ച്ചകള്‍ നടണ് വരികയാണ് .   Read on deshabhimani.com

Related News