ഒമാൻ യു എ ഇ ബസ് സർവീസ് പുനഃരാരംഭിക്കുന്നു



മസ്കത്ത്​> കോവിഡ് കാലത്ത് നിർത്തലാക്കിയ ഒമാൻ യു എ ഇ മുവാസലാത്ത് ബസ് സർവീസ് പുനഃരാരംഭിക്കുന്നു. ഒക്ടോബർ ആദ്യ വാരത്തിൽ സർവീസ് പുനഃരാരംഭിക്കുന്നതായി കമ്പനി അധികൃതർ ട്വിറ്ററിലൂടെ അറിയിച്ചു. മസ്കറ്റിൽ നിന്ന് അൽ ഐൻ വഴി അബുദാബിയിലെക്ക് ആണ് സർവീസ് നടത്തുക. തീരുമാനം ഒമാനിലുള്ള വിദേശികൾക്കും സ്വദേശികൾക്കും ഏറെ ആശ്വാസമാകും. മസ്കറ്റിൽ നിന്ന് ബുറൈമി വഴി അൽ ഐനിൽ എത്തി അവിടുന്ന് അബുദാബിയിലേക്കാണ് സർവീസ് ആരംഭിക്കുന്നത്. ഒരു വശത്തേക്കുള്ള ടിക്കറ്റ് നിരക്ക് 11.5 റിയാൽ ആയിരിക്കും. 23 കിലോഗ്രാം ലഗേജും 7 കിലോഗ്രാം ഹാൻഡ് ബാഗേജായും കൊണ്ടുപോകാം. രാവിലെ 6.30 ന്  അസൈബ ബസ് സ്റ്റേഷനിൽ നിന്ന്  പുറപ്പെടുന്ന ബസ്സ്  ഉച്ചയ്ക്ക് 11മണിക്ക് ബുറൈമിയിൽ എത്തും. 1 മണിക്ക് യുഎഇയിലെ അൽ ഐനിൽ എത്തുന്ന ബസ് 3.40ന് അബുദാബി ബസ് സ്റ്റേഷനിൽ എത്തിചേരും. അബുദാബിയിൽ നിന്ന് കാലത്ത് 10.40 തിരിക്കുന്ന ബസ് 8.30 ന് മസ്കറ്റിൽ എത്തും. മുൻപ് ദുബായ് സർവീസ് മുവസലാത്ത്‌ നടത്തിയിരുന്നെങ്കിലും ഒക്ടോബറിൽ ആരംഭിക്കുന്ന യുഎഇ  സർവീസിൽ ദുബായ് ഉൾപ്പെട്ടിട്ടില്ല. നിലവിൽ ദുബായിലേക്ക് സ്വകാര്യ കമ്പനിയുടെ ബസ് സർവീസ് ആയ "അൽ കഞ്ചരി"  സർവീസ് നടത്തുന്നുണ്ട്. Read on deshabhimani.com

Related News